Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightവേണം, ‘ഓൾഡ് എജ്...

വേണം, ‘ഓൾഡ് എജ് ഫ്രണ്ട്‍ലി’ വീടുകൾ...

text_fields
bookmark_border
Old Age Friendly houses
cancel
ഭൂരിഭാഗം വീടുകളും ശൈശവത്തെയും വാർധക്യത്തെയും പൂർണ്ണമായും അവഗണിച്ച് നിർമ്മിക്കപ്പെട്ടവയാണ്. വൃദ്ധ മാതാപിതാക്കൾക്ക് കൂടി സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വീട് നിർമിക്കുക എന്ന ആശയത്തിലേക്ക് മലയാളികൾ ഇനിയും എത്തിപ്പെട്ടിട്ടില്ല. ഹാളുകൾ, ഇടനാഴികൾ മുതലായ സ്ഥലങ്ങളിൽ ഉറപ്പുള്ള ഗ്രാബ് ബാറുകളും ഹാൻഡ്‌റെയിലുകളും സ്ഥാപിക്കുന്നതിന്റെയും ബാത്ത്റൂമുകൾ, അടുക്കളകൾ തുടങ്ങിയ സ്ഥലങ്ങളിൽ നോൺ-സ്ലിപ്പ് ഫ്ലോറിങ് മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിന്റെയും ആവശ്യകത വിവരിക്കുകയാണ് ലേഖിക.

അതൊരു സ്വപ്നഭവനമായിരുന്നു. ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധ ദമ്പതിമാർക്ക് മക്കൾ നൽകിയ സ്നേഹോപഹാരം. എയർകണ്ടീഷൻ ചെയ്ത മുറികൾ, ഹോം തിയേറ്റർ, മനോഹരമായ ടോയ്‌ലറ്റുകൾ, അത്യാധുനിക അടുക്കള, കണ്ണാടിമിനുപ്പുള്ള തറ. ഓരോ വാതിലും ഓരോ ദാരുശില്പമായിരുന്നു. അനുവാദമില്ലാതെ ആർക്കും ഗേറ്റിനു ഇപ്പുറം കടക്കാനാവില്ല. ഒരു ശരാശരി മനുഷ്യന് സ്വപ്നം കാണാവുന്നതിനും അപ്പുറമായിരുന്നു ആ വാസ്തുവിദ്യാ വിസ്മയം. വിദേശത്തുള്ള മക്കൾ കമ്പ്യൂട്ടർ ഉപയോഗിച്ച് തങ്ങളുമായി സംസാരിക്കാൻ അവരെ പരിശീലിപ്പിച്ചിരുന്നു. മറ്റേതോ ടൈം സോണിൽ നിന്നും മുറിമലയാളത്തിലാണെങ്കിലും പേരക്കുട്ടികൾ സംസാരിക്കുമ്പോൾ തങ്ങൾ ഈ ലോകത്ത് ഒറ്റക്കല്ല എന്ന തോന്നൽ അവരിലുളവാക്കി. അങ്ങിനെയൊക്കെയാണ് ജീവിതത്തിന് അവർ നിറംപകർന്നത്.

എന്നാൽ പടി കയറാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ അവർ ആ വീടിന്റെ ഒന്നാം നിലയിലേക്ക് അങ്ങിനെ പോകാറില്ല. മുറ്റത്തിനപ്പുറം ഉലാത്തില്ല. ആവശ്യങ്ങൾ കുറഞ്ഞുകുറഞ്ഞുവരുമ്പോൾ മനുഷ്യർ ചെറിയ ലോകത്തേക്ക് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കും. നിശ്ശബ്തത അവർക്കു കൂട്ടാവും. ഇവിടെയുമതെ, അങ്ങിനെതന്നെ.

ഒരുനാൾ മിനുമിനുപ്പാർന്ന ടൈലിൽ കാൽവഴുതി ആ വയോധിക വീണതോടെയാണ് കഥ മൊത്തത്തിൽ മാറുന്നത്. തങ്ങൾ ഒരിക്കലും സ്വപ്നത്തിൽ പോലും നിരൂപിക്കാത്ത അപകടങ്ങൾ ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും മറഞ്ഞിരിക്കുന്നതായി അവർക്ക് തോന്നാൻ തുടങ്ങിയതോടെ ആ ഇടത്തെ അവർ ഭയപ്പെടാൻ തുടങ്ങി. തങ്ങളുടെ പ്രായത്തിനു ചേരാത്ത വീട് ക്രമേണ അവർക്കുമുന്നിൽ വെളിപ്പെടുകയായിരുന്നു.

ജീവിതം വീൽചെയറിൽ ഒതുങ്ങിയതോടെ കുളിമുറിയിലേക്ക് പോകാൻ പോലും പരസഹായം വേണമെന്ന തിരിച്ചറിവ് അവരെ വല്ലതെ അലട്ടി. വീൽചെയർ കൊണ്ടുപോകാനാവാത്ത തരത്തിലായിരുന്നു മനോഹരമായ ആ കുളിമുറിയുടെ രൂപകൽപന. ക്ലോസെറ്റിൽ ഇരിക്കാൻ പോലും വേലക്കാരിയുടെ സഹായം വേണമെന്ന അവസ്ഥ വന്നതോടെ തന്റെ ശിഷ്ടകാലം ഇനി പരാശ്രയമില്ലാതെ മുന്നോട്ട് പോകില്ലെന്ന് അവർ മനസ്സിലാക്കി. കൈവരികളോ ഗ്രാബ് ബാറുകളോ ഇല്ലാത്ത ആ കുളിമുറിയും കക്കൂസും പരസഹായമില്ലാതെ അവർക്ക് ഒരിക്കലും ഉപയോഗിക്കാൻ ആവില്ലായിരുന്നു.

സഹപ്രവർത്തകന്റെ വൃദ്ധ മാതാപിതാക്കളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ എന്റെ ഒരു സുഹൃത്ത് ഇക്കഥ പറഞ്ഞപ്പോളാണ് വീട് എന്ന നമ്മുടെ സങ്കൽപ്പത്തെ കുറിച്ച് ഞാനും ആലോചിച്ചത്. വാർധക്യത്തെ ഉൾക്കൊള്ളാനാവാത്ത വസതികൾ. മലയാളിക്ക് വീട് ഒരു അഭിനിവേശമാണ്. വലിയ മണിമാളികകളാണ് തങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നത് എന്ന് അവർ പലപ്പോഴും കരുതുന്നു. ഇറ്റാലിയൻ മാർബിൾ, ഇറക്കുമതി ചെയ്ത ലൈറ്റുകൾ, ഏറ്റവും മികച്ച ബാത്ത്റൂം ഫിറ്റിങ​ുകൾ, ഷാൻഡ്ലിയറുകൾ, മോഡുലാർ കിച്ചണുകൾ, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നുവേണ്ട വീട് പ്രത്യക്ഷത്തിൽ സുന്ദരമാവാൻ വേണ്ട എല്ലാത്തിനും വേണ്ടി അവർ ലക്ഷങ്ങൾ മുടക്കും. നമ്മുടെ സൗന്ദര്യബോധം പലപ്പോഴും വീടിനെ കാഴ്ചക്ക് ആകർഷകം ആക്കുക എന്ന സങ്കല്പത്തിലാണ് വേരൂന്നി നിൽക്കുന്നത്. യൂസർ ഫ്രണ്ട്‌ലി ആവുക എന്നത്, വൃദ്ധർക്കും കൂടി സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വീടാവുക എന്നതൊക്കെ എന്തോ മോശം കാര്യമാണെന്നു തോന്നൽ നമ്മളിൽ എല്ലാമുണ്ട്. പലപ്പോഴും കുഞ്ഞുകുട്ടികൾക്കും സുരക്ഷിതമല്ലാത്തവയാണ് ഇത്തരം വീടുകളുടെ രൂപകൽപന. വീടിനെ എന്നും സുന്ദരവും യുവത്വം തുളുമ്പുന്നതും ആക്കി നിർത്താൻ ആഗ്രഹിക്കുന്ന നമ്മൾ പലപ്പോഴും കരുതുന്നത് നമ്മളും എക്കാലത്തും യുവാക്കൾക്കായി തുടരും എന്നാണ്. അതിനാൽ തന്നെ മിക്ക വീടുകളും ശൈശവത്തെയും വാർധക്യത്തെയും പൂർണ്ണമായും അവഗണിച്ച് നിർമ്മിക്കപ്പെട്ടവയാണ്. അത് നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാണ്, എന്നുമാത്രമല്ല, വീട് രൂപകൽപ്പന ചെയ്യുമ്പോൾ ഞാനും നിങ്ങളുമൊന്നും ഈ ചിന്താഗതിക്ക് ഒരു അപവാദമല്ല താനും.

വീട് കെട്ടുന്ന വേളയിൽ കുളിമുറി, ഹാളുകൾ, ഇടനാഴികൾ മുതലായ പ്രധാന സ്ഥലങ്ങളിൽ ഉറപ്പുള്ള ഗ്രാബ് ബാറുകളും ഹാൻഡ്‌റെയിലുകളും സ്ഥാപിക്കുന്നതിനെക്കുറിച്ച് നമ്മളിൽ എത്രപേർ ചിന്തിച്ചിട്ടുണ്ട്? ശരിയാണ്, പുതിയ കാലത്ത് കുറച്ചുകൂടി ആഗോളതലത്തിൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ചില വീടുകളുടെ നിർമ്മാണത്തിൽ മാറ്റം വന്നിട്ടുണ്ട് എന്ന് സമ്മതിക്കുന്നു, പക്ഷെ ഇത് ഇനിയും നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായിട്ടില്ല. ഉപയോഗപ്രദമായ പലതും നമുക്ക് കണ്ണിൽ കരടാണ്, മാത്രമല്ല, വാർധക്യം ഒരു സ്വാഭാവിക അവസ്ഥയാണ് എന്ന ബോധ്യവും നമ്മളിൽ പലർക്കും കുറവാണ്. അത് തിരുത്തപ്പെടുന്നത് വൃദ്ധരാകുമ്പോളാണ്.

നമ്മുടെ സൗന്ദര്യബോധം ചിലപ്പോഴെങ്കിലും യാഥാർഥ്യങ്ങളിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്നു, പ്രത്യേകിച്ചും വീടിന്റെ കാര്യത്തിൽ. എന്നാൽ കൺകുളിർമ്മ തരാത്ത ഇത്തരം വസ്തുക്കൾ വാർധക്യം കൊണ്ടും മറ്റ് ശാരീരിക പ്രശ്നങ്ങൾ കൊണ്ടും അവശത അനുഭവിക്കുന്ന ആളുകളുടെ ജീവിതത്തിൽ എത്രമാത്രം നിർണ്ണായകമാണ് എന്ന് മനസ്സിലാവാൻ ചിലപ്പോൾ നമ്മൾ ആ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരും എന്നതാണ് സത്യം.

വയസ്സായവർ (അല്ലാത്തവരും) തെന്നിവീണ് എല്ലൊടിയുന്ന സംഭവങ്ങളിൽ പലപ്പോഴും സ്ലിപ്പ്-റെസിസ്റ്റന്റ് ഫ്ലോറുകളുടെ അഭാവമാണ് വില്ലൻ, പ്രത്യേകിച്ച് കുളിമുറി പോലുള്ള സ്ഥലങ്ങളിൽ. എന്നാൽ ഫ്ലോറിങിന്റെ ഭംഗിക്ക് പിറകെ പോകുമ്പോൾ നമ്മൾ ഇത്തരം അപകടങ്ങളെ അവഗണിക്കുന്നു. എന്തൊക്കെ സൗന്ദര്യബോധം പറഞ്ഞാലും ശരി വെള്ളം വീഴാൻ ഇടയുള്ള ഇടങ്ങളിൽ, പ്രത്യേകിച്ച് ബാത്ത്റൂമുകൾ, അടുക്കളകൾ തുടങ്ങിയ സ്ഥലങ്ങളിൽ, നോൺ-സ്ലിപ്പ് ഫ്ലോറിങ് മെറ്റീരിയലുകൾ ഉപയോഗിക്കുക എന്നതാണ് അഭികാമ്യം. ചെറിയ ചെറിയ ശ്രദ്ധകൾ തന്നെയാണ് വലിയ ദുരന്തങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുന്നത്.

കമ്മോഡിനടുത്ത് ഗ്രാബ് ബാറുകൾ വെക്കുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ പോലും പ്രായമായവരെ ടോയ്‌ലറ്റ് ഉപയോഗത്തിൽ സ്വയംപര്യാപ്തരാക്കുന്നു. അത് അവരിൽ ഉണ്ടാക്കുന്ന ഗുണപരമായ പ്രഭാവം അത്ര ചെറുതല്ല. ഒരു വ്യക്തി തന്റെ വാർധക്യത്തെ കുറിച്ച് ഏറ്റവും വ്യാകലപ്പെടുന്നത് പരാശ്രയ ബോധം തോന്നുമ്പോഴാണ്. ആ തോന്നൽ ഇല്ലാതാക്കുക എന്നതുകൂടി വീടുകളുടെ രൂപകല്പനയിൽ നമ്മൾ ആലോചിക്കേണ്ട കാര്യങ്ങളാണ്. ഇന്ത്യയിലും വിദേശത്തുമായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരവധി വീടുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, വാർധക്യത്തിൽ എത്തിയവരുടെ ചലനം സുഗമമാക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത വീടുകൾ വളരെ അപൂർവമാണ്. അതുപോലെ തന്നെ, പല വീടുകളിലും ഒരേ നിലയിൽ തന്നെ ഒന്നിലധികം തട്ടായിട്ടാണ് തറകളുടെ രൂപകൽപന. റാമ്പുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരം അവസ്ഥ പ്രായമായവരെ മിക്കവാറും വീടിന്റെ ഒരു മൂലയിലേക്ക് ഒതുക്കുന്നു. അത് അവരെ കൂടുതൽ ഒറ്റപ്പെട്ടവരാക്കുന്നു.

old age home

മറ്റൊരു പ്രധാന കാര്യം പലയിടങ്ങളിലുമുള്ള വെളിച്ചത്തിന്റെ അഭാവമാണ്. ഉള്ള സ്വാഭാവിക വെളിച്ചം പോലും പലരും കർട്ടൻ ഇട്ട് മറയ്ക്കുന്നു. എന്നുമാത്രമല്ല, സ്വിച്ചുകളുടെ വിന്യാസവും സ്വഭാവവുമെല്ലാം പ്രായമായവർക്ക് കൂടി എളുപ്പം ഉപയോഗിക്കാൻ പറ്റിയതായിരിക്കണം. ആഡംബരത്തിനായി നമ്മൾ ധാരാളം പണം ചിലവഴിക്കുന്നുണ്ടെങ്കിലും, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ അല്ലെങ്കിൽ എല്ലാവർക്കും പ്രാപ്യമാവുന്ന രീതിയിൽ വീടുകൾ രൂപകൽപ്പന ചെയ്യുന്ന പ്രഫഷണലുകൾ എന്നിവരുടെ ഉപദേശവും മാർഗനിർദേശവും തേടുന്നതിൽ നമ്മളൊക്കെ വളരെ പിറകിലാണ് എന്ന് പറയാതെ വയ്യ. വീട് നമ്മുടെ മുൻവിധിക്ക് അനുസരിച്ചല്ല രൂപകല്പന ചെയ്യേണ്ടത്. വയോജന സൗഹൃദ പരിഷ്‌ക്കരണങ്ങൾ എന്ന് നാം പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ പലപ്പോഴും വ്യക്തിഗത ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ നമ്മൾ അതിഭീകരമായി പരാജയപ്പെടുന്നു, അതാകട്ടെ വയോജനങ്ങൾക്ക് ഒട്ടും സുഖകരമല്ലാത്ത വാസസ്ഥലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വാർധക്യത്തിന്റെ സൗന്ദര്യം ഊഷ്മളമായ ഗൃഹാന്തരീക്ഷം കൂടി ആണ് എന്ന് നമ്മൾ എന്നാണ് തിരിച്ചറിയുക? അതിന് നമ്മൾ വൃദ്ധരാവാൻ കാത്തിരിക്കണോ?

old age home


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old Age Friendly houses
News Summary - 'Old Age Friendly' houses...
Next Story