വടശ്ശേരിക്കര: കാനന നടുവിലെ മുളവീട് സന്ദർശകരെ ആകർഷിക്കുന്നു. പമ്പ റൂട്ടിൽ ളാഹ മഞ്ഞതോട് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് കണ്ണിനും മനസ്സിനും ഒരേപോലെ കൗതുകം ഉളവാക്കുന്ന മനോഹരമായി നിർമിച്ച മുളവീട്. ഇഷ്ടികയോ മരത്തടിയോ സിമേൻറാ ഉപയോഗിക്കാതെ കേരളീയ വാസ്തു ശൈലിയിൽ പൂർത്തിയാക്കിയതാണ് ഈ മുളവീട്. മഞ്ഞതോട് ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട രവീന്ദ്രെൻറ കഠിനാധ്വാനത്തിലാണ് പ്രകൃതിയോട് ഇഴുകിച്ചേർന്ന മുളവീട് രൂപംകൊണ്ടത്.
ആറുമാസത്തെ കഠിനാധ്വാനമാണ് വീട് നിർമാണത്തിലെ പ്രധാന ചെലവ് എന്ന് രവീന്ദ്രൻ പറയുന്നു. മേൽക്കൂരക്ക് ആവശ്യമായ ജി.ഐ ഷീറ്റും ഇരുമ്പ് ആണിയും വിലകൊടുത്ത് വാങ്ങി. ബാക്കി നിർമാണത്തിന് ആവശ്യമായതെല്ലാം വനത്തിൽ നിന്നും ശേഖരിച്ച് ആറുമാസം കൊണ്ടാണ് 400 ചതുരശ്രയടിയുള്ള വീടൊരുക്കിയത്.
കിടപ്പു മുറിയും മനോഹരമായ വരാന്തയും അടുക്കളയും ഈ വീടിനുണ്ട്. വീടിെൻറ അകത്തളത്തിെൻറ ഭംഗിയും ഉപയോഗിച്ച നിർമാണ വസ്തുക്കളുമെല്ലാം ആരെയും ആകർഷിക്കും. വനത്തിൽനിന്നും ലഭിക്കുന്ന മുളകളും കാട്ടുവള്ളികളും ചാണകവും മണ്ണ് കുഴച്ച മിശ്രിതവും കാട്ടുകല്ലുകളുമാണ് നിർമാണ സാമഗ്രികൾ. പൂർണമായും പരിസ്ഥിതി സൗഹാർദ നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. രവീന്ദ്രനും ഭാര്യയും മക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ചാണ് ഇവിടെ താമസം. വീട് കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.