മനോഹരമായ പൂന്തോട്ടം, വിശാലമായ ലൈബ്രറി; ജുഹു ബീച്ച് സാക്ഷിയായി അക്ഷയ് കുമാറിന്‍റെ ആഢംബര ബംഗ്ലാവ്
text_fieldsമുംബൈ: കടലിന് അഭിമുഖമായുള്ള ഒരു ആഢംബര ബംഗ്ലാവിലാണ് ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ഇനിയുളള അവധി ദിനങ്ങൾ. മുംബൈയിലെ ജുഹു ബീച്ചിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ വസതിയിൽ മനം നിറക്കുന്ന കാഴ്ചകൾ ഏറെയാണ്.
ഒഴിവു ദിവസങ്ങളിൽ പാർട്ടികളിൽ പങ്കെടുക്കുന്നതിനും സിനിമ കാണുന്നതിനേക്കാളുമൊക്കെ പ്രിയം കടൽ തീരത്തെ സാക്ഷിയാക്കി പണിത വീട്ടിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണെന്ന് താരം വെളിപ്പെടുത്തിരുന്നു. വീട് പണിയാനുള്ള ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ലെന്നും പഴയവീട് പുതുക്കിയെടുത്തതാണെന്നും വീടിനെ കുറിച്ച് അക്ഷയ് കുമാർ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വീടിനെ കൂടുതൽ മോടിപിടിപ്പിച്ചതിന് പിന്നിൽ ഭാര്യ ട്വിങ്കിൾ ഖന്നയുടെ കൈകളാണ്. കടൽ തീരത്തെ അഭിമുഖീകരിച്ച് നിൽക്കുന്ന വീട്ടിൽ വിശാലമായൊരു പൂന്തോട്ടമുണ്ട്. വിവിധതരം പൂക്കൾ കൊണ്ടും വ്യത്യസ്തമായ മരങ്ങളാലും സമൃദ്ധമാണ് പൂന്തോട്ടം. കൂടാതെ ഉദ്യാനത്തിന്റെ ഒരു വശത്ത് വിശ്രമിക്കുന്നതിനുള്ള സൗക്യവും ഒരുക്കിയിട്ടുണ്ട്.
വീടിനകത്ത് സൂക്ഷിച്ചിട്ടുള്ള കരകൗശല വസ്തുക്കളും പെയിന്‍റിങ്ങുകളും മാറ്റി വീടിന്റെ പുതുമ നിലനിർത്താൻ ട്വിങ്കിൾ ശ്രമിക്കാറുണ്ട്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. കടൽ തീരത്തിന് മുന്നിലുള്ള ചെറുമതിലിൽ കുടംബത്തോടൊപ്പമിരുന്ന് സൂര്യാസ്തമയം കാണുന്നത് ഒരുപാട് ഇഷ്ടമാണെന്ന് ട്വിങ്കിൽ മുമ്പ് നൽകിയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.