വീട്ടിലൊരു പൂന്തോട്ടം ഒരുക്കിയാലോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്
text_fieldsവീട് തണലാണ്,കുളിരാണ്. അവിടെ ഇത്തിരി മുറ്റത്ത് ഒരു കൊച്ചു പൂന്തോട്ടം കൂടിയുണ്ടെങ്കിലോ? ജോലിയുടെ വിരസതകൾക്കിടയിൽ, കണക്കു തെറ്റിക്കുന്ന വരവുചെലവുകൾക്കിടയിൽ വെറുതെ നോക്കിയിരിക്കാൻ..പരിഭവങ്ങൾ പറയാതെ പറയാൻ...മുറ്റത്തെ പച്ചപ്പും പൂക്കളുടെ പ്രസരിപ്പുമുണ്ടെങ്കിൽ അത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്.
പൂന്തോട്ടം ഒരുക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. പ്രാഥമികമായ കാര്യങ്ങളെ പരിചയപ്പെട്ടാലോ.
നിരന്തരശ്രദ്ധയും പരിചരണവും ആവശ്യമായ ഒരു കലയാണ് ഉദ്യാനപരിപാലനം. എല്ലായ്പ്പോഴുംമനോഹരമായി ഒരു ഉദ്യാനം സൂക്ഷിക്കാൻ ഒരു നല്ല കലാബോധമുള്ള വ്യക്തിക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്ഥലത്തേക്കാളും ചെടികളെക്കാളും പ്രാധാന്യം വീട്ടുകാരന് ചെടികളോടുള്ള മനോഭാവത്തിന് തന്നെയാണ്. പൂന്തോട്ടത്തിൽ തുടക്കക്കാരാണെങ്കിൽ മറ്റേതിലുമെന്ന പോലെ ഒരു പരിശീലനകാലം ആവശ്യമാണെന്ന് തോന്നുന്നു. ഒരു പൂന്തോട്ടനിർമാണമെന്നൊക്കെ പറഞ്ഞാൽ ഇന്ന് അത്യാവശ്യം പണച്ചെലവുള്ള കാര്യം തന്നെയാണ്.
തുടക്കം ഇങ്ങനെയാകാം
വിലപിടിപ്പുള്ള ചെടികൾ വാങ്ങിവെച്ച് പരിചരണക്കുറവ് മൂലം നശിച്ചുപോകുന്നതിനേക്കാൾ നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, താരതമ്യേന വില കുറവുള്ള ചെടികളിൽ നിന്ന് തുടങ്ങുന്നതായിരിക്കും ഉചിതം. നമ്മുടെ സ്വന്തം ചെമ്പരത്തിയും ചെത്തിയും ഒക്കെ തന്നെ മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഭംഗിയാർന്ന നിറങ്ങളിൽ ചെറിയ നിരക്കിൽ ഇപ്പോൾ ലഭ്യമാണ്.
കുറച്ചുകാലം മുമ്പ് വരെ പൂന്തോട്ടമെന്ന് പറഞ്ഞാൽ കുറച്ച് ചെടികളും പൂക്കളും ചിത്രശലഭങ്ങളുമൊക്കെയാണ് മനസ്സിൽ കടന്നുവന്നിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പുൽത്തകിടികളും നടപ്പാതയും ആമ്പൽക്കുളവും വർണമത്സ്യങ്ങളും വെള്ളാരങ്കല്ലുകളും തൂക്കുചെടികളും തുടങ്ങി ഘടകങ്ങൾ ഏറെയാണ്. ചെത്തിയും ചെമ്പരത്തിയും മുല്ലയും പനിനീർപ്പൂക്കളും മന്ദാരവും നന്ദ്യാർവട്ടവും അരങ്ങു വാണിരുന്ന സ്ഥാനത്ത് ഇന്ന് അരേലിയ, യൂഫോർബിയ, അഡീനിയം, ആന്തൂറിയം, ഓർക്കിഡ്, അഗ്ലോനിമ, കലാത്തിയ തുടങ്ങി ഇലകളിലും പൂക്കളിലും വർണവിസ്മയം പകരുന്ന അന്യദേശക്കാരും സോല്ലാസം പരിലസിക്കുന്നു.
ചെടികൾ മനസ്സിനിണങ്ങുന്നതാകണം
വീട്ടുകാർക്ക് ഇഷ്ടപ്പെട്ട ചെടികൾ തെരഞ്ഞെടുക്കുന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. എന്നാൽ മനസ്സിനിണങ്ങുന്ന ചെടികൾ നമ്മുടെ മുറ്റത്തിന് കൂടി ഇണങ്ങുന്നതായിരിക്കണം. ദിവസം അഞ്ചിൽ കൂടുതൽ മണിക്കൂറുകൾ നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമായ ചെടികൾ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നല്ല തണൽ ലഭ്യമായ സ്ഥലമാണെങ്കിൽ തണൽ ഇഷ്ടപ്പെടുന്ന ചെടികൾ തെരഞ്ഞെടുക്കണം. ഇതു രണ്ടും മറിച്ചായാൽ വിപരീതഫലമാണ് ഉണ്ടാകുന്നത്. ചെടികൾ തെരഞ്ഞെടുക്കുമ്പോൾ ഇത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് വീട്ടുകാരുടെ സമയലഭ്യത. വളരെ കുറഞ്ഞ പരിചരണത്തിൽ കൂടുതൽ ആനന്ദം പകരുന്ന ചെടികൾ നിരവധിയാണ്. ആഴ്ചയിൽ രണ്ടു തവണ മാത്രം നന വേണ്ടിവരുന്ന ചെടികൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉദ്യോഗസ്ഥകുടുംബങ്ങൾക്ക് അഭികാമ്യം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച് ചെടികൾ തെരഞ്ഞെടുത്തുകഴിഞ്ഞാൽ അടുത്ത ഘട്ടം അതിെൻറ നടീൽ മിശ്രിതം, വളപ്രയോഗം, നന, പുനരുല്പാദനം തുടങ്ങിയവയാണ്. ഓരോ ചെടിക്കുമനുസരിച്ച് ഇവയിൽ മാറ്റങ്ങൾ ഉണ്ട്. ഇതൊക്കെ ശരിയായ രീതിയിൽ ചെയ്താൽ മിഴിവാർന്ന പൂന്തോട്ടം ആർക്കും സ്വന്തമാക്കാം.