എൽ.ഇ.ഡി ലൈറ്റ്​: പുതിയ രക്ഷകൻ

16:41 PM
02/02/2018
designer-faizal
കടപ്പാട്​: ഫൈസൽ നിർമാൺ

എൽ .ഇ.ഡിയെന്ന, പണ്ടത്തെ കുഞ്ഞൻ വെളിച്ചത്തുണ്ടാണ് ഇന്നത്തെ വെളിച്ചവിപ്ലവത്തി​​​െൻറ മുന്നണിപ്പോരാളി. ഊര്‍ജ ഉപയോഗം ഗണ്യമായി കുറക്കുന്നവയാണ് എൽ.ഇ.ഡി ലൈറ്റുകൾ.  ഒരു വാട്ട് മുതൽ 150 വാട്ട് വരെയുള്ളവ ഇപ്പോൾ വിപണിയിലുണ്ട്. പല അളവിലുള്ള ചിപ്പുകൾ ഒരു ബോർഡിൽ പിടിപ്പിച്ച ചിപ്പ് ഓൺ ബോർഡ് (സി.ഒ.ബി) മോഡലുകളാണ് വിപണിയിലെ പുതുമുഖം.  നീളത്തിലുള്ള ബോർഡിൽ എൽ.ഇ.ഡി ഘടിപ്പിച്ച ട്യൂബ് ലൈറ്റുകൾക്ക്  ഇപ്പോൾ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടെന്ന് വ്യാപാരികൾ. 28 വാട്ടി​​​െൻറ ട്യൂബ് ലൈറ്റിന് പകരക്കാരനാകാൻ 20 വാട്ട് എൽ.ഇ.ഡി മതി. ട്യൂബി​​​െൻറ പത്ത് മടങ്ങ് ആയുസ്സുണ്ട്. തീർന്നില്ല. ഒരു വാട്ടിൽനിന്ന് 55 ലൂമൻ പ്രകാശമാണ് സി.എഫ്.എൽ സമ്മാനിക്കുന്നത്. അതേസമയം എൽ.ഇ.ഡി 80–100 ലൂമൻവരെ നൽകും.  പ്രമുഖ ബ്രാൻഡുകളുടേത് 110 ലൂമൻവരെ.  

എൽ.ഇ.ഡി പലതുണ്ട്​

ഉപയോഗമനുസരിച്ച് പലരൂപത്തിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ വിപണിയിലുണ്ട്. ബൾബ് ഹോൾഡറിലിട്ട് ഉപയോഗിക്കാവുന്നവയടക്കം ഇതിൽപ്പെടും. വോൾ ലൈറ്റുകളും സ്​പോട്ട് ലൈറ്റുകളും സീലിങ്ങിൽ ഘടിപ്പിക്കാവുന്ന ഡൗൺ ലൈറ്റുകളും ഫ്ലഡ് ലൈറ്റുകളും പൂന്തോട്ടത്തിലും ഗേറ്റിന് മുകളിലും നടപ്പാതയോരത്തും സ്​ഥാപിക്കുന്ന ഗാർഡൻ ലൈറ്റുകളുമെല്ലാം എൽ.ഇ.ഡിയിലുമുണ്ട്.  രാജ്യത്ത് ഉപയോഗത്തിലുള്ള എൽ.ഇ.ഡിയിൽ 85 ശതമാനവും ഇറക്കുമതിയാണ്. മികച്ചവ അല്ലെങ്കിൽ അധികവൈദ്യുതി ചെലവാകും. വിലക്കുറവി​​​െൻറ ആനുകൂല്യം വൈദ്യുതി ബില്ലിലൂടെ പാഴാകുമെന്ന് സാരം. 

designer-faizal-nirman
കടപ്പാട്​: ഫൈസൽ നിർമാൺ
 

വില കൂടുതലല്ലേ: കുറയും 

എൽ.ഇ.ഡിയുടെ ആകർഷണീയതക്കും സ്വീകാര്യതക്കും മങ്ങലേൽപിക്കുന്നത് വിലയാണ്. വീട്ടാവശ്യത്തിനുള്ള ഒരു എൽ.ഇ.ഡി ലൈറ്റി​​​െൻറ പരമാവധി വില 72 രൂപയിൽ ഒതുങ്ങുമെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്​താവന വന്നിട്ട് മാസങ്ങളായി. അതിൽ കൂടുതൽ ഈടാക്കിയാൽ ഇവ നേരിട്ട് ഇറക്കുമതിചെയ്യുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കമ്പനികൾ കേട്ട മട്ടില്ല. അമിതവില ഈടാക്കേണ്ട ഒരു ഘടകവും ഇവയുടെ നിർമിതിക്ക് ഉപയോഗിക്കുന്നില്ല എന്നതിനാൽ ഉപഭോക്താക്കളെ പിഴിയാനുള്ള കമ്പനികളുടെ ഒത്തൊരുമയാണ് വിലക്കൂടുതലി​​​െൻറ കാരണമെന്ന് ആരോപണമുണ്ട്. അതേസമയം,
ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാൻ അഞ്ച് കോടി എൽ.ഇ.ഡി ബൾബുകൾ നിർമിക്കാൻ  കരാർ നൽകാൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 

ഇതിപ്പോൾ ടെൻഡർ നടപടിയിലാണ്. പദ്ധതി നിലവിൽവന്നാൽ, വില അമ്പത് രൂപയിൽ താഴെയായാൽ അദ്ഭുതപ്പെടാനില്ല. വിപണി വാഴുന്ന ചില സ്വകാര്യ കമ്പനി മേധാവികൾ നൽകുന്ന സൂചനയും ഇതുതന്നെ. ഒന്നര വർഷത്തിനിടെ വില 310ൽനിന്ന് 160–250 രൂപയിലേക്ക് എത്തി. ആവശ്യക്കാരേറിയതോടെ സി.എഫ്. എൽ നിർമാണ കമ്പനികൾ എൽ.ഇ.ഡിയിലേക്ക് തിരിഞ്ഞു. ആരോഗ്യകരമായ മത്സരംകൂടി ആയതോടെ വില കുറക്കാതെ രക്ഷയില്ലെന്നായി. സർക്കാറി​​​െൻറ ഇടപെടൽ ഫലം കണ്ടാൽ ആറുമാസത്തിനകം വിലയിൽ ഗണ്യമായ കുറവുണ്ടാകും.  ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് വിലയിൽ വലിയ അന്തരമില്ല. ഉൽപന്നത്തി​​​െൻറ ഗുണനിലവാരമോ ബ്രാൻഡ് വാല്യുവോ പരിഗണിച്ച് 10 ശതമാനം ഏറ്റക്കുറച്ചിലുണ്ടാകാം. മൂന്നു വാട്ടിന് 275 രൂപയാണ് ചില്ലറ വിൽപന വില. അഞ്ച് വാട്ടിന് 300ഉം, ഏഴിന് 350ഉം പത്തിന് 425ഉം ആണ് പരമാവധി വില. വിപണിയിലെ മത്സരത്തി​​​െൻറ തോതനുസരിച്ച് ഇതിൽ കുറച്ച് കിട്ടാനും ഇടയുണ്ട്.  

എന്തുകൊണ്ട്​ എൽ.ഇ.ഡി​?

വൈദ്യുതി ഉപയോഗക്കാര്യത്തിൽ എൽ.ഇ.ഡിക്കുമുമ്പേ സി.എഫ്.എൽ ആയിരുന്നു താരം. അതുകൊണ്ടുതന്നെ, എൽ.ഇ.ഡിയുടെ മേന്മകൾക്കുള്ള താരതമ്യങ്ങൾ സി.എഫ്.എല്ലുമായാണ്. 

  •  സി.എഫ്.എല്ലിനേക്കാൾ പകുതിയേ  വൈദ്യുതി ചെലവാകൂ. 
  •  20 വാട്ടി​​​െൻറ സി.എഫ്.എല്ലി​​​െൻറ വെളിച്ചം നൽകാൻ 10 വാട്ട് എൽ.ഇ.ഡി മതി. 
  •  സി.എഫ്.എല്ലിന് രണ്ടുവർഷം വരെ ആയുസ്സ് പറയുമ്പോൾ എൽ.ഇ.ഡിക്ക് 15 വർഷം. മണിക്കൂറിലാണ് കണക്കെടുപ്പെങ്കിൽ 25,000. 
  •  മെർക്കുറിപോലെ പരിസ്​ഥിതിക്കും മനുഷ്യനും ഹാനികരമായ രാസവസ്​തുക്കളില്ല. 
  •  ബൾബിൽ വൈദ്യുതോർജം താപവും വെളിച്ചവുമാകും. എൽ.ഇ.ഡിയിൽ അത് പരമാവധി പ്രകാശമായി മാറുന്നു. അതാണ് വെളിച്ചക്കൂടുതലിനും ചൂട് കുറവിനും കാരണം. 
  •  എൽ.ഇ.ഡി സ്​പോട്ട് ലൈറ്റുകൾ വന്നതോടെ വെളിച്ചം വേണ്ടിടത്ത് വേണ്ട അളവിൽ എത്തുന്നു. വേണ്ടാത്തിടത്ത് വെളിച്ചം വിതറിയുള്ള പാഴാകൽ പരമാവധി ഒഴിവാകും.
  •  വൈദ്യുതി താപോർജമായി പാഴാകാതെ പ്രകാശമാകുന്നു. മറ്റുള്ളവയിൽ പകുതിയോളം പാഴാകുന്നിടത്ത് ഇതിൽ നാമമാത്രമാണ് നഷ്​ടം. ഏഴ് വാട്ടിൽനിന്ന് ആറ് വാട്ടും പ്രകാശമായി ലഭിക്കുന്നു. 
  •  ചിപ്പ് ഓൺ ബോർഡ് മോഡലുകൾ വന്നതോടെ എത്ര വെളിച്ചം വേണമെങ്കിലും കിട്ടുന്നവിധം എൽ.ഇ.ഡികൾ ലഭ്യമാണ്. വെളിച്ചം എത്രയാണോ വേണ്ടത്, അത്രയും എൽ.ഇ.ഡികൾ ബോർഡിൽ പിടിപ്പിച്ചാൽ മതി.  
  •  ചീത്തയാകില്ല, നന്നാക്കാം. മറ്റ് ബൾബുകൾക്കില്ലാത്ത ഗുണമാണ് ഇത് രണ്ടും. പെട്ടെന്ന് കേടാകാത്തതിനാൽ  ആയുസ്സ് കൂടും. അബദ്ധത്തിൽ കൈയിൽനിന്ന് വീണാൽപോലും പൊട്ടാത്തത് മറ്റൊരു മെച്ചം. 
  •  വെള്ളത്തിനടിയിലോ നടവഴിയിലോ എവിടെ വേണമെങ്കിലും ഘടിപ്പിക്കാം. നീന്തൽക്കുളത്തിൽപോലും ഉപയോഗിക്കാം. ചവിട്ടേറ്റാലും പൊട്ടാത്തതിനാൽ നടവഴികളിലും സ്​ഥാപിക്കാം.  

വിവരങ്ങൾക്ക് കടപ്പാട്: നെവിൽ സി. പാത്താടൻ
സീനിയർ മാനേജർ (സെയിൽസ്​) ലൈറ്റിങ് ഡിവിഷൻ, 
ഹാവെൽസ്​ ഇന്ത്യ ലിമിറ്റഡ്, കൊച്ചി

 

Loading...
COMMENTS