ഉത്തരേന്ത്യയിൽ വിപണി കിതക്കുമ്പോഴും ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വീടുവാങ്ങാൻ തിരക്കെന്ന് സർവേ, തുടരുമെന്ന് നിരീക്ഷകർ
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യൻ നഗരങ്ങളിൽ കിതക്കുമ്പോഴും രാജ്യത്ത് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ തിളങ്ങി ഭവന വിപണി. ഹൈദരാബാദ്, ബെംഗളുരു, ചെന്നെ നഗരങ്ങളിൽ റസിഡൻഷ്യൽ പ്രോജക്ടുകൾക്ക് ഡിമാൻഡ് കുത്തനെ ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂലൈ,സെപ്റ്റംബർ മാസങ്ങളിൽ ഈ നഗരങ്ങളിൽ ആകെ വീട് വിൽപ്പനയിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് സ്ഥാപനമായ പ്രൊപ് ടൈഗർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതേസമയം, രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിൽ റസിഡൻഷ്യൽ പ്രോപർട്ടി വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ എന്നീ നഗരങ്ങളിൽ സെപ്റ്റംബർ പാദത്തിൽ ആകെ 38,644 വീടുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 26,284 വീടുകളായിരുന്നു. ഒരുവർഷത്തിനിടെ രംഗത്തെ 47 ശതമാനത്തിന്റെ വളർച്ച നഗരങ്ങളുടെ വികാസത്തിനൊപ്പം ഉയർന്ന ജനതാൽപര്യവും വ്യക്തമാക്കുന്നതായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
ഹൈദരാബാദിൽ മാത്രം ഈ കാലയളവിൽ ഭവന പദ്ധതികളിൽ 53 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം 11,564 വീടുകൾ വിറ്റിടത്ത് ഇത്തവണ 17,658 വീടുകളാണ് വിറ്റഴിഞ്ഞത്. ബെംഗളുരുവിൽ 18 ശതമാനമാണ് ഭവന പദ്ധതികളിലെ വിൽപന വളർച്ച. കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 11,160 യൂണിറ്റുകൾ വിറ്റഴിഞ്ഞിടത്ത് ഇക്കുറി 13,124 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
ചെന്നൈയിൽ വിൽപന ഇരട്ടിയായതായും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം 3,560 യൂണിറ്റുകൾ വിറ്റഴിഞ്ഞിടത്ത് ഇക്കുറി 7,862 യൂണിറ്റുകളാണ് വിൽപ്പന നടന്നത്.
അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട റസിഡൻഷ്യൽ പ്രോപർട്ടി വിപണികളായ എട്ട് നഗരങ്ങളിൽ ജൂലൈ-സെപ്റ്റംബർ കാലയളവിൽ വിൽപനയിൽ ഒരുശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 96,544 റസിഡൻഷ്യൽ പ്രോപർട്ടികൾ വിറ്റഴിഞ്ഞിടത്ത് ഇക്കുറി 95,547 യൂണിറ്റുകൾ മാത്രമാണ് വിൽപന നടന്നത്. മുംബൈ, പൂനെ, ഡൽഹി എൻ.സി.ആർ എന്നിവിടങ്ങളിൽ ആവശ്യക്കാർ കുറഞ്ഞുവെന്നും പ്രൊപ്ടൈഗർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എം.എം.ആർ) ഇത്തരത്തിൽ 22 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. മുൻവർഷം 30,010 വീടുകൾ വിറ്റഴിഞ്ഞിടത്ത് ഇത്തവണ 23,334 യൂണിറ്റുകൾ മാത്രമാണ് വിൽപന നടന്നത്. പൂനെയിലും സമാനമാണ് സ്ഥിതി, 28 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 18,004 യൂണിറ്റിൽ നിന്നും 12,990 ആയി വിൽപ്പന കുറഞ്ഞു.
ഡൽഹിയിൽ 10,098 യൂണിറ്റുകളിൽ നിന്ന് 7,961 യൂണിറ്റുകളാണ് വിൽപ്പന കുറഞ്ഞു (21 ശതമാനത്തിൻറെ ഇടിവ്). അഹമ്മാദാബാദിൽ അഞ്ച് ശതമാനമാണ് വിൽപ്പന ഇടിഞ്ഞത്, 9,352 യൂണിറ്റുകൾ വിറ്റിരുന്നിടത്ത് 8,889 യൂണിറ്റുകൾ. കൊൽക്കത്തയിൽ റസിഡൻഷ്യൽ പ്രോപർട്ടി വിൽപ്പനയിൽ 33 ശതമാനം വളർച്ച രേഖപ്പെടുത്തി (മുൻവർഷം 2,796 യൂണിറ്റുകളായിരുന്നിടത്ത് 3,729 യൂണിറ്റുകൾ).
ജി.എസ്.ടി നിരക്കിലുണ്ടായ മാറ്റം വിപണിയിൽ ഗുണകരമാവുമെന്ന് പ്രൊപ്ടൈഗറിന്റെ മാതൃസ്ഥാപനമായ ഔറം പ്രോപ്ടെക് എക്സിക്യൂട്ടിവ് ഡയറക്ടർ ഓങ്കാർ ഷെട്ടി പറഞ്ഞു. നിർമാണ സാമഗ്രികൾക്കും അസംസ്കൃത വസ്തുക്കൾക്കും വില കുറയുന്നത് ഉപഭോക്താക്കൾക്ക് ഗുണമാകും. വരുന്ന പാദത്തിൽ ഇത് വിൽപനയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷതെന്നും ഓങ്കാർ ഷെട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

