മുംബൈയിൽ പുതിയ വീട് വാങ്ങി നടൻ ഹൃത്വിക് റോഷൻ; വില 97.50 കോടി
text_fieldsമുംബൈയിൽ പുതിയ വീട് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. ജുഹു-വെർസോവ ലിങ്ക് റോഡിലെ മന്നത്ത് ഫ്ലാറ്റ് സമുച്ചയത്തിന്റെ 14, 15, 16 നിലകളിലെ അപ്പാർട്ടുമെന്റുകളാണ് താരം വാങ്ങിയത്. അറബിക്കടലിന്റെ തടസ്സമില്ലാത്ത കാഴ്ച നൽകുന്ന വിധമാണ് ഫ്ലാറ്റിന്റെ രൂപകൽപ്പന.
38,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പെന്റഹൗസിൽ 6,500 ചതുരശ്ര അടി വിസ്തീർണമുള്ള ഓപ്പൺ ടു ദി സ്കൈ ടെറസും എക്‌സ്‌ക്ലൂസീവ് ലിഫ്റ്റുമുണ്ട്. 97.50 കോടി രൂപയാണ് വീടിനായി താരം ചിലവിട്ടിരിക്കുന്നത്. ഈ അപ്പാർട്ട്‌മെന്റുകളിൽ പത്ത് പാർക്കിങ് സ്ലോട്ടുകൾ താരത്തിന് മാത്രമായി നീക്കിവയ്ക്കും.
ഹൃത്വിക് റോഷൻ കാമുകിയായ സബ ആസാദുമൊന്നിച്ചാവും ഫ്ലാറ്റിൽ താമസിക്കുക. ഇരുവരും ചേർന്ന് വീട് നവീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ പുതിയ വീട്ടിലേക്ക് ഇരുവരും താമസം മാറും.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് നടിയും ഗായികയുമായ സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഹൃത്വികിനും കുടുംബത്തിനുമൊപ്പം സബ അവധിദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനെ ഹൃത്വിക് റോഷന്‍ നേരത്തെ വിവാഹം ചെയ്തിരുന്നു. 2014 ല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു.

