Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഇക്കാലത്ത്​ വീടിനും...

ഇക്കാലത്ത്​ വീടിനും വേണം​ ഇൻഷുറൻസ്​; അറിയാം വിശദാംശങ്ങൾ

text_fields
bookmark_border
ഇക്കാലത്ത്​ വീടിനും വേണം​ ഇൻഷുറൻസ്​; അറിയാം വിശദാംശങ്ങൾ
cancel

മഴ ഇനിയും പെയ്​ത്​ തോർന്നിട്ടില്ല. പുതിയ പുതിയ ​പേരുകളിൽ മഴ കനക്കുകയാണ്​. ഇന്നലെ പെയ്​തയിടത്തല്ല ഇന്ന്​ പെയ്യുന്നത്​. പെയ്​തൊഴിയുന്ന മഴകൾ വൻ നാശനഷ്​ടങ്ങളാണ്​ നാടിനും സമ്പത്തിനുമൊക്കെയുണ്ടാക്കുന്നത്​. ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെ പതിവായിരിക്കുന്നു.

കനത്ത മഴയും ഉരുൾപൊട്ടലും കേരളത്തിൽ വീണ്ടുമൊരിക്കൽ കൂടി നാശം വിതച്ചിരിക്കുകയാണ്​. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറിലും ഉണ്ടായ ഉരുൾപൊട്ടലുകളിൽ നിരവധി ജീവനുകളാണ്​ നഷ്​ടമായത്​. കനത്ത മഴവെള്ളപാച്ചിലിൽ ഒരു വീട്​ ഒന്നാകെ ഒലിച്ച്​ പോകുന്ന ദൃശ്യം ഞെട്ടലോടെയാണ്​ മലയാളി കണ്ടത്​. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയങ്ങളിൽ സമാനമായ രീതിയിൽ കനത്ത നഷ്​ടമുണ്ടായിരുന്നു. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ വീടും ഗൃഹോപകരണങ്ങളും നഷ്​ടപ്പെട്ട്​ നിരവധി പേരാണ്​ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്​.


സുരിക്ഷതമായ കാലാവസ്ഥയുള്ള സംസ്ഥാനം എന്ന നിലയിൽ നിന്നും കേരളം അതിവേഗം മാറുകയാണ്​. പ്രളയവും പ്രകൃതി ദുരന്തങ്ങളും കേരളത്തിലും സാധാരണമായിരിക്കുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളിൽ വീടും മറ്റ്​ സ്വത്തുക്കളും നഷ്​ടപ്പെടുന്നവരുടെ എണ്ണം വർധിച്ച്​ വരികയും ചെയ്യുന്നു. പ്രളയത്തിൽ വീടുകളും വാഹനങ്ങളും നഷ്​ടപ്പെട്ട്​ ഉണ്ടാവുന്ന സാമ്പത്തിക നഷ്​ടം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇൻഷൂറൻസാണ്​.വാഹനങ്ങൾക്ക്​ പൊതുവെ എല്ലാവരും ഇൻഷൂറൻസ്​ എടുക്കാറുണ്ട്​.

എന്നാൽ, വീടുകൾക്ക്​ ഇൻഷൂറൻസ്​ പോളിസിയെടുക്കുന്നവരുടെ എണ്ണം ​െപാതുവേ കുറവായിരിക്കും. വീടിനായി വായ്​പയെടുത്ത ആളുകൾ ബാങ്കിന്‍റെ നിർദേശപ്രകാരം ഇൻഷൂറൻസ്​ എടുക്കുന്ന പ്രവണതയുണ്ടെങ്കിലും മറ്റുള്ളവർ ഇത്​ ചെയ്യാറില്ല​.

ഈ വീടുകൾക്ക്​ കിട്ടില്ല

വീടോ മറ്റ്​ കെട്ടിടങ്ങളുടെയോ ഉടമസ്ഥനോ അതിൽ താമസിക്കുന്ന, ഉപയോഗിക്കുന്നയാൾക്കോ ഇൻഷൂറൻസ്​ പോളിസി എടുക്കാം. എന്നാൽ, ഓല, പുല്ല്​, മുള തുടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ച്​ നിർമ്മിച്ച വീടുകൾക്ക് പല കമ്പനികളും​ ഇൻഷൂറൻസ്​ നൽകില്ല. തീ, ഇടിമിന്നൽ, കൊടുങ്കാറ്റ്​, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മോഷണം, വാട്ടർ ടാങ്ക്​ അല്ലെങ്കിൽ പൈപ്പിൽ നിന്നുമുണ്ടാവുന്ന ചോർച്ച മൂലമുണ്ടാവുന്ന നഷ്​ടം എന്നിവക്കെല്ലാം ഇൻഷൂറൻസ്​ പരിരക്ഷ ലഭിക്കും.


രണ്ട്​ തരത്തിലാണ്​ ഇൻഷൂറൻസ്​ തുക കണക്കാക്കുന്നത്​​

വീടിന്‍റെ ഒരു സ്​ക്വയർഫീറ്റ്​ നിർമ്മാണത്തിന്​ ഉപയോഗിച്ച തുക, വീടിന്‍റെ വിസ്​തീർണ്ണം, വീട്​ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ്​ ഇൻഷൂറൻസ്​ തുക തീരുമാനിക്കുക. ഐ.ആർ.ഡി.എ.ഐയുടെ നിർദേശപ്രകാരം രണ്ട്​ തരത്തിലാണ്​ പ്രധാനമായും ഇൻഷൂറൻസ്​ തുക കണക്കാക്കുന്നത്​​.




വീടിന്‍റെ മാർക്കറ്റ്​ വിലയുടെ അടിസ്ഥാനത്തിലാണ്​ ഇൻഷൂറൻസ്​ തുക കണക്കാക്കുന്നതാണ്​ ഒന്നാമത്തെ രീതി. ഇതിനായി വീട്​ നിർമ്മിക്കുന്നതിനായി ഇപ്പോൾ വരുന്ന ചെലവിൽ നിന്നും കാലപഴക്കത്തെ തുടർന്നുള്ള തേയ്​മാനും കുറച്ച്​ വില നിശ്​ചയിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ വീടിന്‍റെ മാർക്കറ്റ്​ വാല്യു തീരുമാനിക്കും. ഈ മാർക്കറ്റ്​ വാല്യുവിന്‍റെ അടിസ്ഥാനത്തിലാവും ഇൻഷൂറൻസ്​ തുക. രണ്ടാമത്തേത് സമാനമായൊരു വീട്​ അല്ലെങ്കിൽ കെട്ടിടം പൂർണമായും നിർമ്മിക്കുകയാണെങ്കിൽ അതിന്​ വരുന്ന ചെലവിനെ അടിസ്ഥാനമാക്കിയുള്ളത്​.

ക്ലെയിം ചെയ്യേണ്ട രീതി ഇതാണ്​

വീടിന്​ അല്ലെങ്കിൽ കെട്ടിടത്തിന്​ കേടുപാട്​ സംഭവിച്ചാൽ ആദ്യമായി പൊലീസിനേയും ഫയർഫോഴ്​സിനേയും വിവരം അറിയിക്കുകയാണ്​ വേണ്ടത്​. ഇവർ നൽകുന്ന റിപ്പോർട്ടുമായി ഇൻഷൂറൻസ്​ ക്ലെയിം ചെയ്യാൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിച്ചാൽ ഇൻഷൂറൻസ്​ കമ്പനി നഷ്​ടം വിലയിരുത്തും. തുടർന്ന്​ ഇൻഷൂറൻസ്​ തുക നൽകുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home insurance
News Summary - The home also has insurance; Know the details
Next Story