മഴ അടിപൊളിയാണ്, പക്ഷേ വീടിന് അത്ര നല്ലതല്ല: ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
text_fieldsമഴക്കാലം വീടുകൾക്ക് അത്ര പ്രിയപ്പെട്ടതാകണമെന്നില്ല. ചുമരുകളിലെ ഈർപ്പം, പൂപ്പൽ, മേൽക്കൂരയിലെ ചോർച്ച, കൊതുകുകൾ പെരുകുന്നത്, വൈദ്യുതാപകടങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. അതിനാൽ മഴക്കാലത്ത് വീടുകളുടെ സുരക്ഷയും താമസിക്കുന്നവരുടെ ആരോഗ്യവും ഉറപ്പാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ചോർച്ച തടയാം
ചോർച്ചയാണ് പ്രധാന പ്രശ്നം. മഴ കനക്കുന്നതിനു മുമ്പ് റൂഫുകളിലും ചുവരുകളിലും ചോർച്ചയുണ്ടാകാനുള്ള എല്ലാ സാധ്യതയും ഒഴിവാക്കണം. റൂഫിന് മുകളിൽ കരിയിലകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ നീക്കം ചെയ്യണം. കോൺക്രീറ്റ് സ്ലാബുകളിലും ചുവരുകളിലും വിള്ളലുണ്ടോയെന്ന് പരിശോധിക്കണം.
ചുമരുകളിലെ പൂപ്പലും ഈർപ്പവും
ചുമരുകളിൽ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. നനവേറ്റ് ഈർപ്പം തങ്ങിനിൽക്കാനും പെയിന്റ് ഇളകാനും സാധ്യത കൂടുതലാണ്. ഭിത്തിയിൽ പൂപ്പൽ പിടിക്കാനും സാധ്യതയേറെയാണ്. ഭിത്തി വൃത്തികേടാകുന്നതിന് പുറമേ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം കുറയാനും അലർജികൾ പിടിപെടാനും കാരണമാകും. ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുകയുമാണ് ഈർപ്പവും പൂപ്പലും ഒഴിവാക്കാനുള്ള പ്രധാന മാർഗം. നനഞ്ഞ തുണികൾ മുറികൾക്കുള്ളിലിട്ട് ഉണക്കാതിരിക്കുക. ഭിത്തിയോട് ചേർത്ത് ഫർണിച്ചറുകൾ ഇട്ടിട്ടുണ്ടെങ്കിൽ അവ അൽപം അകലത്തിൽ വെച്ച് വായുസഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കണം.
ഡ്രെയിനുകൾ ശ്രദ്ധിക്കുക
റൂഫ് ഗട്ടറുകൾ, ഡ്രെയിനുകൾ, മഴവെള്ളം ഒഴുകുന്ന പൈപ്പുകൾ എന്നിവിടങ്ങളിൽ ഇലകളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ മഴക്ക് മുമ്പ് വൃത്തിയാക്കുക. പ്ലംബിങ്ങിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെങ്കിൽ അതും മഴക്ക് മുമ്പ് പൂർത്തിയാക്കണം.
വൈദ്യുത സുരക്ഷ ഉറപ്പാക്കാം
മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ കൂടുതലാണ്. സ്വിച്ച് ബോർഡുകൾ, പ്ലഗുകൾ, വയറുകൾ എന്നിവയിൽ ഈർപ്പം കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം. തകരാറായ ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിക്കാത്ത സ്വിച്ചുകളും മാറ്റി സ്ഥാപിക്കണം. വീടിന് പുറത്തുള്ള പ്ലഗ് പോയിന്റുകൾ, എക്സ്റ്റൻഷൻ കോർഡുകൾ തുടങ്ങിയവയിൽ മഴവെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഇൻവെർട്ടർ, എമർജൻസി ലൈറ്റുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ഫർണിച്ചറുകൾ ശ്രദ്ധിക്കാം
ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ മരത്തിന്റെ ഫർണിച്ചറുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. മര ഫർണിച്ചറുകൾ ഇട്ടിരിക്കുന്ന മുറിയിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കുക. പൂപ്പൽ കണ്ടെത്തിയാൽ ഉടൻ അത് നീക്കം ചെയ്യാനുള്ള മാർഗവും സ്വീകരിക്കണം.
കൊതുകുകളെ തുരത്തണം
മഴക്കാലത്ത് ചെറിയ വെള്ളക്കെട്ടുകൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകാം. പൂച്ചട്ടികൾ, പഴയ ടയറുകൾ, തുറന്ന പാത്രങ്ങൾ, ടെറസിലെ വെള്ളക്കെട്ടുകൾ എന്നിവ പതിവായി പരിശോധിക്കണം. വാട്ടർ ടാങ്കുകൾ, കിണറുകൾ തുടങ്ങിയ എല്ലാ ജലസംഭരണികളും മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വീടിന്റെ പരിസരം മഴക്ക് മുന്നേ വൃത്തിയാക്കുക. കൊതുകുകൾ മാത്രമല്ല മറ്റു പ്രാണികളും ഇഴജന്തുക്കളും മഴയിൽ നിന്നും രക്ഷ തേടി വീടിനുള്ളിൽ കയറാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാനാകും.
വസ്ത്രങ്ങളും കിടക്കവിരികളും സൂക്ഷിക്കുക
മഴക്കാലത്ത് വസ്ത്രങ്ങൾക്കും കിടക്കവിരികൾക്കും ദുർഗന്ധം വരുന്നത് സാധാരണമാണ്. അലമാരകൾ ഇടക്കിടെ തുറന്ന് വായുസഞ്ചാരം നൽകുക. വസ്ത്രങ്ങൾ പൂർണമായി ഉണങ്ങിയ ശേഷം മടക്കി വെക്കുക. കിടക്കവിരികളും തലയിണകളും സൂര്യപ്രകാശം ലഭിക്കുന്ന സമയങ്ങളിൽ പുറത്തിട്ട് ഉണക്കിയെടുക്കാനും ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

