പ്രളയത്തിന് വിട്ടുകൊടുക്കില്ലെന്നുറച്ച് നൗഷാദ്; വീട് അഞ്ചടി ഉയർത്തുന്നു
text_fieldsകോട്ടക്കൽ: തുടർച്ചയായി രണ്ട് പ്രളയങ്ങളോടെ ലക്ഷങ്ങൾ െചലവഴിച്ച് നിർമിച്ച വീടിെൻറ പുനഃപ്രവൃത്തികൾ പാതിവഴിയിലായി. ഇരുപ്രളയത്തിലും മുങ്ങിയ വീടിനെ ഇനിയെങ്കിലും മോചിപ്പിക്കണം എന്ന തീരുമാനത്തോടെയാണ് വീട്ടുടമ പറപ്പൂർ പഞ്ചായത്തിന് സമീപം തൂമ്പത്ത് താഴേക്കാട്ട് മുഹമ്മദ് കുട്ടിയുടെ മകൻ നൗഷാദ് വീട് ഉയർത്താൻ തീരുമാനിച്ചത്.
അഞ്ചടിയോളമാണ് വീട് ഉയർത്തുന്നത്. അടിത്തറക്ക് മുകളിലുള്ള രണ്ട് വരി കല്ലുകൾ അടർത്തു മാറ്റിയാണ് പ്രവൃത്തികൾ. ഈ ഭാഗങ്ങളിൽ ജാക്കി വെച്ച് ഒരാഴ്ചകൊണ്ട് ഉയർത്താനാണ് തീരുമാനം.
എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മേൽനോട്ടത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ. മൂന്നുവർഷം മുമ്പാണ് 1000 ചതുരശ്ര അടിയിൽ, രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, കോണിപ്പടി എന്നിവയോട് കൂടി വീട് നിർമിച്ചത്. 2018ൽ ആദ്യ പ്രളയമെത്തി. കടലുണ്ടിപ്പുഴ കരകവിഞ്ഞതോടെ വീടിെൻറ മുന്നിലുള്ള പാടത്തേക്ക് വെള്ളം കുതിച്ചെത്തി. ജനാല ഉയരത്തിൽ വീട് മുങ്ങി. ഇതോടെ നിർമാണം നിർത്തി. 2019ലെ രണ്ടാം പ്രളയവും ഇതുപോലെ തന്നെ ദുരിതം. വീട് മുക്കാൽ ഭാഗവും വെള്ളത്തിനടിയിലായി. പ്രവാസിയായ നൗഷാദ് നിർമാണ പ്രവൃത്തികൾ പൂർത്തികരിക്കാൻ ബുധനാഴ്ച നാട്ടിലെത്തി.