പ്രളയഭീഷണി: മൂന്നുനില കെട്ടിടം ഏഴടിയോളം ഉയർത്തി
text_fieldsകയ്പമംഗലം: പ്രളയഭീഷണിയിൽനിന്ന് ഒഴിവാകാൻ ബഹുനില കെട്ടിടം തറനിരപ്പിൽനിന്ന് ഏഴടി ഉയർത്തി.
എടത്തിരുത്തി ഡിഫണ്ടർ മൂലയിലെ വ്യാപാരി താടിക്കാരൻ ടോണിയാണ് തെൻറ ഉടമസ്ഥതയിലുള്ള 4000 ചതുരശ്ര അടിവരുന്ന മൂന്നുനില കെട്ടിടം ഉയർത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കെട്ടിടം പത്തടി കിഴക്കോട്ടും ഒരടി തെക്കോട്ടും നീക്കുകയും ചെയ്തു.
2018ലെ പ്രളയത്തിൽ കെട്ടിടം അഞ്ചടിയോളം മുങ്ങിയിരുന്നു. ഇതേതുടർന്നാണ് ഹരിയാനയിലെ കമ്പനിയുമായി ബന്ധപ്പെട്ടത്. കെട്ടിടത്തിെൻറ ഒരു ചതുരശ്ര അടി, മൂന്നടി ഉയർത്താൻ 250 രൂപയാണ് ചെലവ്.
തുടർന്നുവരുന്ന ഓരോ അടിക്കും 50 രൂപ മാത്രമാണ് അധികം വരിക. 1992ൽ നിർമിച്ച കെട്ടിടം പൊളിച്ച് വേറെ നിർമിക്കാൻ കോടികൾ ചെലവുവരും. ഉയർത്താൻ ഏതാണ്ട് 16 ലക്ഷം.
200 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള 350 ജാക്കികളാണ് ഉപയോഗിച്ചത്. തറയുടെ അടിഭാഗം തുരന്ന് ഒരടി ഉയരമുള്ള ജാക്കികൾ സ്ഥാപിച്ചശേഷം, ഒരേസമയം ഓരോന്നും നട്ട് ഉപയോഗിച്ച് മുറുക്കിയാണ് ഉയർത്തുന്നത്.
അടിഭാഗത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കെട്ടിടം ബലപ്പെടുത്തുകയും ചെയ്യുന്നു. തെൻറ വീടും ഉയർത്താൻ തീരുമാനിച്ചതായി ടോണി പറഞ്ഞു.