ഡൈമേറിയ പുൽമേടുകളാൽ പൊന്നിൻ വർണം തീർത്ത് മാടായിപ്പാറ
text_fieldsഡൈമേറിയ പുൽമേടുകളാൽ സ്വർണവർണം പുതച്ചു മാടായിപ്പാറ
പഴയങ്ങാടി: ഋതു ഭേദങ്ങൾക്കനുസരിച്ചു നിറം മാറുന്ന മാടായിപ്പാറ ഡൈമേറിയ പുൽമേടുകളുടെ പൊൻവർണം പുതച്ചു നിൽക്കുകയാണിപ്പോൾ . ഡിസംബർ മുതൽ മെയ് വരെയാണ് മാടായിപ്പാറ സ്വർണ നിറത്തിന്‍റെ സൗന്ദര്യമണിയുന്നത്. ഗ്രാമിനിയേ കുടുംബത്തിൽ പെട്ട ഡൈമേറിയ പുല്ലുകൾ സംസ്ഥാനത്തിനെ കുന്നിൻ പ്രദേശങ്ങളിലും വരണ്ട പ്രദേശങ്ങളിലും സാധാരണയായി കാണപ്പെടുന്നവയാണെങ്കിലും മാടായിപ്പാറയിൽ ഏക്കറുകണക്കിനു മേഖലയിലാണ് വ്യാപിച്ചു കിടക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഡൈമേറിയയുടെ വൈവിധ്യം കൂടുതലായി കാണപ്പെടുന്നത്. ഡൈമേറിയ പുല്ലുകളുടെ പ്രധാന സവിശേഷത ഇവയുടെ ഇരട്ട കതിര്‍ ഘടനയാണ്. ഈ പ്രത്യേകതയാണ് ഡൈമേറിയ എന്ന പേര് നൽകാൻ കാരണം. ചെറുതും നേർത്തതുമായ തണ്ടുകളും ഇളം ഇലകളും ഇവക്കുണ്ട്. പരിസ്ഥിതിയുടെ നിലനിൽപ്പിൽ ഡൈമേറിയ പുല്ലുകൾക്ക് വലിയ പങ്കുണ്ട്. മണ്ണൊലിപ്പ് തടയുകയും മണ്ണിന്റെ സാരത വർധിപ്പിക്കുകയും ചെയ്യുന്ന ഇവ ചെറുജീവികളുടെയും കീടങ്ങളുടെയും ആവാസ കേന്ദ്രമാണ്. വാനമ്പാടി പക്ഷികൾ മുട്ടയിടുന്നത് ഈ പുൽമേടുകളിലാണ് . പശുക്കൾക്ക് തീറ്റയായും ഉപയോഗിക്കാറുണ്ട്.
പ്രകൃതിയുടെ ദീർഘകാല നിലനിൽപ്പിന് അനിവാര്യമായ പുൽമേടുകളാണ് വ്യാപകമായി തീ പിടിച്ചു നശിക്കുന്നത്. സാമൂഹ്യ ദ്രോഹികൾ തീയിടുന്നതും വാഹനങ്ങൾ കയറ്റിയിടുന്നതും മാടായിപ്പാറയിലെ ഡൈമേറിയ പുൽമേടുകൾക്ക് വലിയ ഭീഷണിയുയർത്തുന്നു. പുൽമേടുകളുടെ സൗന്ദര്യം ദർശിക്കാൻ നിരവധി സഞ്ചാരികളാണ് മാടായിപ്പാറയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

