മനോഹരം ‘അഡർന ബോഗൻവില്ല’
text_fieldsപൂക്കൾ ഇഷ്ടപ്പെടുന്നവർക്ക് വളർത്തിയെടുക്കാൻ പറ്റിയ ചെടിയാണ് ബോഗൻവില്ല. നമ്മുടെ ഗാർഡൻ മനോഹരമാക്കുന്തിൽ ഇതിനെ മറികടക്കാൻ വേറൊരു ചെടിക്കുമാകില്ല. അധിക പരിചരണം ആവശ്യമില്ലാത്തതുകൊണ്ട് ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരിയാണ് ഈ ചെടി. ബോഗൻവില്ല നിരവധി തരം ഉണ്ട്. നാലുമണി കുടുംബത്തിൽപ്പെട്ട ഏകദേശം 18 ഇനം കുറ്റിച്ചെടികൾ, വള്ളികൾ, അല്ലെങ്കിൽ ചെറിയ മരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ജനുസ്സാണ് ബോഗൻവില്ല. തെക്കേ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. ഇപ്പോൾ ഇതിന്‍റെ ഹൈബ്രിഡ് വെറൈറ്റി ഒരുപാടുണ്ട്. തൂങ്ങിനിൽക്കുന്നത്, മുള്ള് ഇല്ലാത്തത്, വർണ്ണാഭമായത്..അങ്ങനെ വ്യത്യസ്ത തരത്തിലുണ്ട്.
മനോഹരമായ നിറങ്ങളിൽ കാണുന്ന പൂക്കൾ എന്ന് കരുതുന്നത് യഥാർഥത്തിൽ അതിന്റെ ഇലകളാണ്. അതിനെ ബ്രാക്റ്റ്സ് എന്ന് പറയും. ബ്രാക്റ്റ്സിന് അകത്തുള്ള വെളുത്ത ടൂബുലർ പൂക്കളാണ് ശരിക്കും പൂക്കൾ. ബോഗൻ വില്ലയിൽ പ്രിയങ്കരിയായ ഒരു ഹൈബ്രിഡ് വെറൈറ്റിയാണ് അഡർന. ഇതിന്റെ ബ്രാക്റ്റ്സ് ഭംഗി വിശദീകരിക്കാനാവാത്തതാണ്. പിങ്ക്, പർപ്പിൾ, റെഡ് കളറുകൾ വരുന്ന ബ്രാക്സറ്റ്സാണിതിന്. ചിലപ്പോൾ ഈ കളർ എല്ലാം കൂടി കലർന്ന് വരും.
ഇതിന്‍റെ ഭംഗി കൊണ്ട് തന്നെയാണ് ഇതിന് ഫിലിപ്പിനിലെ പുരാതന പക്ഷിയായ അഡർനയുടെ പേര് കിട്ടിയത്. ബോഗൻവില്ല പൂക്കളെ കടലാസു പൂവെന്നും പറയും. ബ്രാക്റ്റ്സ് കടലാസു പോലെ ഇരിക്കുന്നത് കൊണ്ടാണ് അങ്ങനെ പേര് കിട്ടിയത്. അഡർനയുടെ ഇലകൾക്ക് കടുത്ത പച്ച നിറമാണ്. ഈ ചെടികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞത് 5 മണിക്കൂർ എങ്കിലും കിട്ടണം. എങ്കിലേ ഇതിൽ നന്നായി പൂക്കൾ ഉണ്ടാകൂ. വെള്ളം ആവശ്യമില്ല. വെള്ളം കൊടുക്കുമ്പോൾ നന്നായി കൊടുക്കണം. വേനലിലും അതിജീവിക്കുന്ന ചെടിയാണ്. അധിക പരിചരണമില്ലാത്തത് കൊണ്ട് തന്നെ എല്ലാവർക്കും വളർത്തിയെടുക്കാം. ചട്ടിയിൽ വളർത്തുവാണെങ്കിൽ പ്രൂൺ ചെയ്ത് നല്ല ഷേപ്പിൽ നിർത്തണം. പ്രൂൺ ചെയ്തു കൊടുത്താലേ ഇതിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. കമ്പ് വെച്ച് വളർത്തിയെടുക്കാം.
വസന്തകാലത്തോ ഗ്രോയിങ് സീസണോ ആണ് നല്ലത്. ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിരിച്ചോർ, എല്ലുപൊടി എന്നിവ മിക്സ് ചെയ്തു പൊട്ടിങ് മിക്സ് തയാറാക്കാം. ആറു മാസം കൂടുമ്പോൾ വളം നൽകണം. 10-10-10 എന്ന വളം നല്ലതാണ്. ഇതൊരു ബലൻസ്ഡ് വളമാണ്. പൂക്കൾ ഉണ്ടാവാൻ 2-10-10 എന്നിവ ചേർക്കാം. ചെടി പൂക്കാറാകുമ്പോൾ മാത്രം കൊടുക്കുക. നമ്മുടെ അടുക്കളയിൽ നിന്ന് കിട്ടുന്ന പച്ചക്കറി വേസ്റ്റ് ഉപയോഗിക്കാം. പഴത്തൊലി, മുട്ടയുടെ തോട്..എന്നിവ പൊടിച്ചും ചേർക്കാം. ബാൽക്കണിയിൽ വെയിലുള്ള സ്ഥലം നോക്കി ചട്ടിയിൽ വെക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.