Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദൃശ്യം' സിനിമയിലെ വിജയ് സാൽഗോങ്കറുടെ വീട് ഇന്ന് ആരാധകരുടെ ഇഷ്ടകേന്ദ്രം; ഗോവയിലെ ബംഗ്ലാവിന്റെ വിശേഷങ്ങൾ..

text_fields
bookmark_border
ദൃശ്യം സിനിമയിലെ വിജയ് സാൽഗോങ്കറുടെ വീട് ഇന്ന് ആരാധകരുടെ ഇഷ്ടകേന്ദ്രം; ഗോവയിലെ ബംഗ്ലാവിന്റെ വിശേഷങ്ങൾ..
cancel

സിനിമയിലെ ചില ഇടങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങളെപ്പോലെതന്നെ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് അജയ് ദേവ്ഗൺ നായകനായ 'ദൃശ്യം' സിനിമയുടെ ഹിന്ദി പതിപ്പിൽ വിജയ് സാൽഗോങ്കറുടെയും കുടുംബത്തിന്റെയും വീടായി ചിത്രീകരിച്ച ബംഗ്ലാവ്. സിനിമയിലെ നിർണായക സംഭവങ്ങൾക്കും മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ വീട് യഥാർത്ഥത്തിൽ ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്. നൂറുവർഷത്തോളം പഴക്കമുള്ള ബംഗ്ലാവ് ഇപ്പോൾ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്.

നോർത്ത് ഗോവയിലെ ഉക്കാസൈം ഗ്രാമത്തിലാണ് ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. സാൽഗോങ്കർ കുടുംബത്തിന്റെ വീടായി സിനിമയുടെ മൂന്നു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട ഈ കെട്ടിടം ഇപ്പോൾ 'ദൃശ്യം മൂവി ഹൗസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയുടെ പുതിയ ഭാഗമായ ദൃശ്യം: ദി കൺക്ലൂഷൻ പുറത്തിറങ്ങിയതോടെ വീടിനെക്കുറിച്ചുള്ള കൗതുകവും വർധിച്ചു. വീടിന് മുന്നിൽനിന്ന് ചിത്രങ്ങളെടുക്കുന്ന സഞ്ചാരികളുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

പരമ്പരാഗത പോർച്ചുഗീസ് വാസ്തുശൈലിയുടെ സവിശേഷതകൾ നിറഞ്ഞതാണ് ബംഗ്ലാവ്. നീലയും വെള്ളയും കലർന്ന പുറംചുവരുകൾ, ചുവന്ന ഓടുമേഞ്ഞ മേൽക്കൂര, കമാനാകൃതിയിലുള്ള ജനലുകൾ, ചുറ്റുമുള്ള പച്ചപ്പ് എന്നിവയാണ് വീടിന്റെ പ്രത്യേകത. ആഡംബരപൂർണമായ രൂപകൽപനക്കു പകരം പഴമയും ലാളിത്യവും ഒത്തുചേരുന്ന ശൈലിയാണ് ഇവിടെയുള്ളത്. വിശാലമായ മുറികളും പഴയ ഫർണിച്ചറുകളും വലിയ പൂന്തോട്ടവും വീടിന് പരമ്പരാഗത ഗോവൻ ഭവനത്തിന്റെ ഭംഗി നൽകുന്നു. സിനിമയുടെ മൂന്ന് ഭാഗങ്ങളിലും വീടിന്റെ രൂപത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ മഞ്ഞനിറത്തിലുള്ള ചുവരുകളായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിലും പുതിയ ചിത്രത്തിലും നീല നിറമാണ് കാണുന്നത്. സിനിമയിലെ കഥയുടെ പശ്ചാത്തലത്തിനനുസരിച്ച് വീടിന്റെ ദൃശ്യഭംഗിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

എന്നാൽ കാഴ്ചക്കാർക്ക് വീടിനുള്ളിൽ പ്രവേശിക്കാനാകില്ല. സ്വകാര്യ സ്വത്തായ ബംഗ്ലാവിന്റെ പരിപാലനത്തിന് ഒരാൾ മാത്രമാണ് ചുമതലക്കാരനായിട്ടുള്ളത്. സന്ദർശകർക്ക് പുറത്തുനിന്ന് വീടിന്റെ ചിത്രങ്ങളെടുക്കാൻ സാധിക്കും. വീടിന്റെ സ്വകാര്യത മാനിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ഗോവയിലെ 'ദൃശ്യം' ചിത്രീകരണത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രമാണ് പനാജിയിലെ ഗോവ പൊലീസ് ആസ്ഥാനം. നോർത്ത് ഗോവയിലെത്തുന്ന സിനിമാപ്രേമികളുടെ യാത്രാപട്ടികയിൽ പുതിയ ഇടമായി മാറുകയാണ് ഈ സ്ഥലങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drishyam Movie House Goa
Next Story