You are here

വീടൊരുക്കാം തിരുപ്പിറവിക്കായി

13:40 PM
24/12/2014

ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിക്കായി  കന്യാമറിയമൊരുക്കിയ  പുല്‍ക്കുടുപോലെ നമ്മുടെ  വീടും അലങ്കരിക്കാം. ക്രിസ്മസ് ആഘോഷിക്കാന്‍ വീടൊരുക്കിയിരുന്നത് വീട്ടുമുറ്റത്തും കോലായിലുമായിരുന്നു. വീട്ടിലത്തെുമ്പോള്‍ ഒരു ക്രിസ്മസ് ട്രീയോ ഒരു നക്ഷത്രമോ ഒക്കെയായിരുന്നു ക്രിസ്മസ് ഓര്‍മ്മകള്‍ നമുക്ക് തരിക. എന്നാല്‍ ഇക്കാലത്ത് ആഘോഷങ്ങള്‍ വീടിന്‍റെ അകത്തളങ്ങളില്‍  നിറയുകയാണ്. ഗേറ്റ് മുതല്‍ ഡൈനിങ് മുറിയും കിടപ്പുമുറിയും അടുക്കളയും വരെ ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ കൊണ്ട് കമനീയമാവുകയാണ്. തൂമഞ്ഞിന്‍റെ വെണ്‍മയും സാന്താക്ളോസിന്‍റെ ചുവപ്പും പൈന്‍മരങ്ങളുടെ പച്ചയും നിറങ്ങളിലാണ് അലങ്കരങ്ങള്‍ ഒരുക്കാറുള്ളത്. വെള്ളയും ചുവപ്പും പച്ചയും നിറങ്ങളിലൊരുക്കിയ കൗതുക വസ്തുക്കള്‍ക്കൊപ്പം സ്വര്‍ണവും വെള്ളിയുമായ അലങ്കാര വസ്തുക്കള്‍ക്കും പ്രിയമേറെയാണ്.

ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണം പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തന്നെയാണ്. വീടിന്‍റെ പൂമുഖത്തു തന്നെ പുല്‍ക്കൂട് വെക്കാം. സിറ്റ് ഒൗട്ടിലോ കാര്‍പോര്‍ച്ചിലോ പൂന്തോട്ടത്തിലോ പുല്‍ക്കൂടൊരുക്കി അലങ്കരിക്കാം. പുല്‍ക്കൂട് പരമ്പരാഗത ശൈലിയില്‍ തന്നെ ഉണ്ടാക്കുന്നതാവും നല്ലത്. പൂന്തോട്ടത്തിലാണ് പുല്‍ക്കൂടൊരുക്കുന്നതെങ്കില്‍ അടുത്തുള്ള ചെടികള്‍ റിബണും ഗോളങ്ങളും എല്‍.ഇ.ഡി ലൈറ്റുകളുമുപയോഗിച്ചും മഞ്ഞിന്‍റെ പ്രതീതിക്കായി പഞ്ഞി ഉപയോഗിച്ച് ചെടികള്‍ അലങ്കരിക്കാം.

കാര്‍പോര്‍ച്ചില്‍ ട്രെന്‍ഡിയായ നക്ഷത്രവിളക്കുകള്‍ തുക്കിയിടാം. ചുമരില്‍ ക്രിസ്മസ് റീത്ത് വെക്കുന്നതും ആകര്‍ഷകമാണ്. സിറ്റ് ഒൗട്ടില്‍ ചെറിയ സ്റ്റാറുകളും ചെറിപ്പഴങ്ങളും ഇലകളും ചേര്‍ന്നുവരുന്ന തരത്തിലുള്ള പ്ളാസ്റ്റിക് റീത്തുകളും തൂക്കിയിടാം.

ലിവിങ് റൂമിന്‍റെ ആകര്‍ഷകമായ കോര്‍ണറില്‍ തന്നെ ക്രിസ്മസ് ട്രീ വെക്കാം. കോബാള്‍ട്ട് നീല, കടുംചുവപ്പ്, ഗോള്‍ഡന്‍, സില്‍വര്‍ എന്നീ നിറങ്ങള്‍ ചാര്‍ത്തി ട്രീ മനോഹരമാക്കാം. റിബ്ബണുകളും, ചെറിയ നക്ഷത്രങ്ങളും , തിളങ്ങുന്ന ഗോളങ്ങളും തൂക്കിടിയാം. എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ടുള്ള അലങ്കാരത്തിലൂടെ ട്രീയെ അതിമനോഹരമാക്കാം.

ലിവിങ് റൂമില്‍ ക്രിസ്മസ് ഫീല്‍ കൊണ്ടുവരാന്‍ സോഫയിലെ കുഞ്ഞു തലയണകള്‍ വെള്ളയും ചുവപ്പുമാക്കാം. വെള്ള നിറത്തിലുള്ള കര്‍ട്ടണുകള്‍ ഉപയോഗിക്കുന്നതും ലിവിങ് റൂമിന് മോടികുട്ടും.  

ടീപോയിലെ പേപ്പര്‍ വൈറ്റ് മാറ്റി ക്രിസ്റ്റലിന്‍റെ ചെറിയ ക്രിസ്മസ് ട്രീയോ റെയിന്‍ ഡിയറുകളുടെ രൂപമോ വെക്കാം. ചുവപ്പോ വെള്ളയോ നിറമുള്ള അലങ്കാര മെഴുകുതിരിയോ കൊത്തുപണികളുള്ള മെഴുകുതിരി വിളക്കോ വെക്കുന്നതും ഭംഗി നല്‍കും.

നമ്മുക്ക് ഷെല്‍ഫുകളില്‍ സാന്താക്ളോസിന്‍റെ രൂപങ്ങളോ, കളര്‍ ബോളുകളിട്ട പ്ളെയിന്‍ ഗ്ളാസുകള്‍, പ്ളാസ്റ്റിക് കൊണ്ടുള്ള പ്ളം പഴത്തിന്‍റെ കുലങ്ങള്‍, ഉള്ളം കൈയിലൊതുങ്ങുന്ന പൈന്‍മരങ്ങള്‍, പള്ളിമണി രൂപങ്ങള്‍, ബാന്‍റുകളുടെ ചെറിയ പതിപ്പുകള്‍ എന്നിവ വെക്കുന്നത്  ഏറെ കൗതുകമുണര്‍ത്തും.

സിറ്റ് ഒൗട്ടില്‍ നിന്നും ലിവിങ് റൂമിലേക്കുള്ള പ്രധാന വാതിലില്‍ ഒരു അലങ്കാര റീത്തുവെക്കാം. എവര്‍ഗ്രീനിന്‍്റെയോ റോസ്മേരി ഇലയോ ഉപയോഗിച്ച് നമ്മുക്ക് വീട്ടില്‍ റീത്തുണ്ടാക്കാം. ഇത് തിളക്കമുള്ള റിബണുകള്‍ കൊണ്ട് അലങ്കരിച്ച് വെക്കാം. വാതില്‍പ്പടി റിബണുകളും അലങ്കാര തൊങ്ങലും ചേര്‍ത്ത് മനോഹരമാക്കാം. ഫ്ളവര്‍ വേസുകളില്‍ ഡ്രൈ ഫ്ളവേഴ്സ് വെച്ചലങ്കരിക്കാം. ലിവിങ് റൂമില്‍ ചെടികള്‍ വെച്ചിട്ടുണ്ടെങ്കില്‍ അത് റിബണുകളോ എല്‍.ഇ.ഡി ലൈറ്റോ കൊണ്ട് ഒരുക്കാം.

ഡൈനിംഗ് റൂമില്‍ മേശ അലങ്കരിക്കാന്‍ മേശപ്പുറത്ത് മനോഹരമായ പഴങ്ങള്‍ വെയ്ക്കുക. ചന്തമേറുന്ന മെഴുകുതിരി വിളക്കുകളും ആകര്‍ഷകമാകും. വൈന്‍ ഗ്ളാസുകളിലില്‍ തിളങ്ങുന്ന ബോളുകളും ഗോള്‍ഡന്‍, സില്‍വര്‍ മുത്തുകളുമിട്ട് മേശപ്പുറത്തുവെക്കാം. പഴത്തട്ടില്‍ പുഷ്പാലങ്കാരം ചെയ്യുന്നതും നല്ലതാണ്.

വലിയ പ്ളെയിന്‍ ജ്യൂസ് ഗ്ളാസുകളില്‍ ഡ്രൈ ഫ്ളവറും വിവിധ നിറങ്ങളിലുള്ള മുത്തുകളും ഇട്ട് അലങ്കരിച്ച് മേശപ്പുറത്ത് വെക്കാവുന്നതാണ്. മുറിയിലെ ഷെല്‍ഫിനുമുകളില്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുന്നതും ഡൈനിങ്ങിന് ക്രിസ്മസ് ഫീല്‍ നല്‍കും. തിളങ്ങുന്ന റിബണുകള്‍ കൊണ്ട് ഷെല്‍ഫിന്‍റെ അരികുകളും ടേബിളുകളുമെല്ലാം ബര്‍ട്ടര്‍ഫൈ്ള ടൈ ആയോ മറ്റാകൃതികളിലോ ക്രമീകരിച്ച് മനോഹരമാക്കാം.
ഡൈനിങ് റൂമില്‍ അലങ്കാര വിളക്കുകള്‍ കത്തിക്കുന്നതാണ് ഭംഗി. തിളങ്ങുന്ന ഷാന്‍ഡലറില്‍ അനേകം മെഴുകുതിരികളും ലൈറ്റുകളും ഒരേ സമയത്ത് കത്തിക്കുവാന്‍ കഴിയുന്ന വിളക്ക് തൂക്കിയിടുക. അത് കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ അവിടവിടെയായി ചില ആഭരണങ്ങള്‍ തൂക്കിയിടാം. അലങ്കാര വിളക്കുകള്‍ തെളിയിക്കുമ്പോള്‍ ട്യൂബ്ലൈറ്റുള്‍പ്പെടെയുള്ളവ ഓഫ് ചെയ്യുക.

ഫ്രിഡ്ജിനു മുകളിലിരിക്കുന്ന ഫ്ളവര്‍ വേസ് മാറ്റി ചെറിയ കാര്‍ഡ്ബോര്‍ഡുകള്‍ വിവിധ നിറങ്ങളിലുള്ള ഗിഫ്റ്റ് പേപ്പറുകൊണ്ട് പൊതിഞ്ഞ് ഗോള്‍ഡന്‍ റിബണ്‍ കൊണ്ട് അലങ്കരിച്ച് ക്രമീകരിക്കാം.

വിക്ടോറിയന്‍ കാലഘട്ടം മുതല്‍ക്ക് കടലാസ് അലങ്കാരം ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാനഭാഗമാണ്.  മഞ്ഞിന്‍റെ ഫീല്‍ നല്‍കാന്‍ പേപ്പര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കാം. ബാല്‍ക്കണിയിലും ഹാളിലും ഗോവണിയുടെ കൈവരികളിലുമെല്ലാം പേപ്പര്‍ ക്രാഫ്റ്റ് ബെല്ലുകളോ, വിളക്കുകളോ ബാനറുകളോ തൂക്കാവുന്നതാണ്.

ഗോവണി പടികള്‍ അലങ്കരിക്കുന്നത് വീടിന്‍റെ മൊത്തം അലങ്കാരത്തിന്‍റെ മാറ്റ് കൂട്ടും. അലങ്കാര ഇലകള്‍ കൊണ്ടുള്ള ഹാരങ്ങള്‍ കൊണ്ട് ഗോവണി അലങ്കരിക്കാം. ഗോവണിയുടെ കൈവരികള്‍ക്കിടയില്‍ ദീപങ്ങളും ചെറിയ പള്ളിമണി രൂപങ്ങളും തൂക്കിയിടാം. സാറ്റിന്‍ റിബണ്‍, വെളുത്ത ബള്‍ബുകള്‍, പച്ച ഹാരങ്ങള്‍ എന്നിവ ഗോവണിയുടെ അലങ്കാരങ്ങള്‍ക്ക് ക്രിസ്മസ് രാവിന്‍റെ പ്രതീതി നല്‍കും. സാധാരണ ഉപയോഗിക്കുന്ന പച്ച ഹാരങ്ങള്‍ക്ക് പകരം മഞ്ഞിന്‍റെ വെള്ളനിറമുപയോഗിക്കാം. നിയോണ്‍, ഓറഞ്ച്, പിങ്ക്, തെളിഞ്ഞ പിങ്ക്, തുടങ്ങിയ നിറങ്ങള്‍ ഗോവണിയുടെ അലങ്കാരത്തിന് തെരഞ്ഞെടുക്കാം. ഹാരങ്ങള്‍ക്ക് പുറമെ മിന്നുന്ന വിളക്കുകളും റിബണുകളില്‍ ബോളുകളും മറ്റും അലങ്കാരത്തിനായി ഉപയോഗിക്കാം.
 

TAGS
Loading...
COMMENTS