കാഴ്ചയിൽ വിസ്മയം തീർക്കുന്നതിനൊപ്പം നൂറു ശതമാനം പ്രയോജനവും നൽകുന്നതാണെങ്കിൽ വീടിെൻറ ഒാരോ ഭാഗവും മനസ്സിന് സന്തോഷം പകരും. ട്രസ് വർക്ക് ചെയ്ത മേൽക്കൂര ഇത്തരമൊന്നാണ്.
സ്റ്റീൽ െഫ്രയിം നൽകി അതിനുമേൽ ഷീറ്റോ ഒാടോ ഇട്ട് മേൽക്കൂര ഒരുക്കുന്നതിനെയാണ് ട്രസ് വർക്ക് റൂഫ് എന്ന് പറയുന്നത്. കോൺക്രീറ്റ് മേൽക്കൂര ഉള്ളയിടത്തും അതിനു മുകളിൽ ട്രസ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നത് ഇപ്പോൾ സാധാരണയാണ്. ചോർച്ച തടയാനും ഉപയോഗപ്രദമായ അധികസ്ഥലം നേടാനുമാണ് കോൺക്രീറ്റ് റൂഫിനു മേൽ ട്രസ് റൂഫ് ചെയ്യുന്നത്.
യൂട്ടിലിറ്റി സ്പേസ് ഉറപ്പുവരുത്തുന്നതിനു പ്രാധാന്യം കൈവന്നതോടെയാണ് ട്രസ് വർക്ക് എന്ന പദവും വീട് നിർമാണത്തിനൊപ്പം ഇടംപിടിക്കാൻ തുടങ്ങിയത്. ഡിസൈനിെൻറ ഭാഗമായി രൂപപ്പെടുന്ന, തുറസ്സായി കിടക്കുന്ന സ്ഥലങ്ങളെ ഉപയോഗപ്രദമാക്കുന്നത് ട്രസ് വർക്കിലൂടെയാണ്. വസ്ത്രങ്ങൾ ഉണക്കാനും പഴയ സാധനങ്ങൾ സൂക്ഷിക്കാനുമുള്ള ഇടമെന്നതിലുപരി ഇന്ന് ജിംനേഷ്യമായും പാർട്ടി സ്പേസായും കുട്ടികൾക്കുള്ള പ്ലേ ഏരിയയായി വരെയും വാർക്കക്കും ട്രസ് റൂഫിനുമിടയിലുള്ള സ്പേസ് മാറിത്തുടങ്ങി. അത്യാവശ്യം മട്ടുപ്പാവ് കൃഷിക്ക് വരെ ട്രസ് റൂഫിട്ട ഇടത്തെ ധൈര്യത്തോടെ ആശ്രയിക്കാം. മാത്രമല്ല, മഴയും മഞ്ഞും ഏൽക്കാതെയും കൊടും ചൂടിൽ ഉരുകാതെയും സൂക്ഷ്മമായ കരുതലൊരുക്കി വീടിന് നിത്യയൗവനം സമ്മാനിക്കുകയും ചെയ്യുന്ന ട്രസ് വർക്കുകൾക്ക് ഇന്ന് പ്രിയമേറെയാണ്.
ഉഷ്ണകാലത്ത് ചൂടിെൻറ കാഠിന്യത്തിൽനിന്ന് രക്ഷതേടാനും മഴക്കാലത്ത് ചോർച്ച സാധ്യത ഇല്ലാതാക്കാനും ട്രസ് വർക്ക് മേൽക്കൂരക്ക് സാധിക്കും. പൊള്ളുന്ന ചൂടിനെ പടികടത്താൻ മിനിമം ഏഴ് അടി ഉയരത്തിലെങ്കിലും ട്രസ് റൂഫ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മാത്രം. വീട്ടിനുള്ളിൽ ചെറിയ ചോർച്ചകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ പൂർണമായും ട്രസ് ചെയ്യുകയാണ് നല്ലത്. ഭാവിയിലെ വലിയ ചോർച്ചകളിൽനിന്ന് വീടിനെ സംരക്ഷിക്കാൻ അതുപകരിക്കും. ലക്ഷങ്ങൾ െചലവാക്കി പെയിൻറ് ചെയ്ത് അണിയിച്ചൊരുക്കിയ വീടിന് ട്രസിങ്ങിെൻറ കവറിങ് വരുന്നതോടെ പെയിൻറ് നിലനിൽക്കുന്നതിനും പുതുമോടി ഉറപ്പുവരുത്തുന്നതിനും സഹായകരമാകും. മേൽക്കൂര വാർക്കാതെ ട്രസ് റൂഫ് മാത്രം നൽകുന്നത് വലിയൊരളവിൽ ചെലവ് കുറക്കും. വീടിെൻറ എലവേഷെൻറ ഭാഗമായി തന്നെയോ അല്ലെങ്കിൽ എലവേഷെൻറ സൗന്ദര്യത്തിന് കോട്ടം തട്ടാതെയോ ട്രസ് വർക്കുകൾ ചെയ്യാം. റൂഫിന് ഉപയോഗിക്കുന്നത് ഏത് മെറ്റീരിയൽ ആയാലും നിർമാണരീതി ഒന്നുതന്നെയാണ്. വീടിെൻറ മെയിൻ വാർക്കയിൽ എം.എസ് പ്ലേറ്റ് വെച്ച് ആങ്കർ ബോൾട്ടിട്ട് പൈപ്പുകൾ ഉറപ്പിച്ചാണ് റൂഫിെൻറ ആദ്യ ഘടനയൊരുക്കുന്നത്.

തിരഞ്ഞെടുക്കാൻ വൈവിധ്യങ്ങളേറെ
മേൽക്കൂരയെ വർണാഭമാക്കാൻ നിരവധി വ്യത്യസ്തങ്ങളായ ഷീറ്റുകൾ വിപണിയിൽ സുലഭമാണ്. മെറ്റൽ റൂഫിങ് ഷീറ്റുകളാണ് വിവിധങ്ങളായ ഗുണനിലവാരത്തിലും വൈവിധ്യമാർന്ന നിറങ്ങളിലുമുള്ളത്. ട്രെഫോർഡ് ഗാൽവാലിയം ഷീറ്റ്, സിങ്ക് ഷീറ്റ്, അലുമിനിയം ഷീറ്റ്, സ്റ്റീൽ ഷീറ്റ് എന്നിവയാണിവ. ജിഐ ഷീറ്റിന് മേൽ അലുമിനിയം കോട്ടിങ് ഉള്ള ഗാൽവാലിയം ഷീറ്റുകൾക്കും ആവശ്യക്കാരേറെയാണ്. ഓടുകൾ, കോൺക്രീറ്റ് ഓടുകൾ, ടൈൽ പ്രൊഫൈൽ, പോളി കാർബണേറ്റ് ഷീറ്റുകൾ, സ്റ്റോൺ കോട്ടഡ് റൂഫിങ് ടൈലുകൾ തുടങ്ങി വ്യത്യസ്തമായ നിരവധി റൂഫിങ് മെറ്റീരിയലുകളും ലഭ്യമാണ്. ട്രെഫോർഡ് ഗാൽവാലിയം ഷീറ്റുകൾ അലുമിനിയം പൗഡർ കോട്ടിങ് നടത്തിയിട്ടുള്ള ഷീറ്റുകളാണ്. ഇവ 0.3 mm മുതൽ മുകളിലുള്ള അളവിൽ ലഭിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന മീഡിയം സൈസ് 0.4 mm തിക്ക്നെസ് ഉള്ള ഷീറ്റാണ്. താരതമ്യേന വില കുറവാണെന്നതും വർഷങ്ങളോളം ഇൗട് നിൽക്കുമെന്നതുമാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. എന്നാൽ, മഴ പെയ്യുമ്പോൾ ഉഗ്രശബ്ദമുണ്ടാകുമെന്നത് പോരായ്മയാണ്.
പോളികാർബണേറ്റ് ഷീറ്റ്
ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള കാർബണേറ്റ് ഷീറ്റുകൾക്ക് വിപണിയിൽ താരതമ്യേന വില കൂടുതലാണ്. ഇൗ ഷീറ്റിലെ പ്രത്യേകമായ തെർമൽ കോട്ടിങ്ങാണ് സൂര്യപ്രകാശത്തെ നേരിട്ട് ആഗിരണം ചെയ്യാൻ സഹായിക്കുന്നത്. നാല് mm മുതൽ 12 mm വരെ അളവിൽ ലഭിക്കുന്ന ഷീറ്റുകളാണ് ട്രസ് വർക്കിന് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു ഷീറ്റുകൾ ഉപയോഗിച്ചാലും ഇടയിൽ പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിക്കാറുണ്ട്. ഷീറ്റുകൾക്കിടയിൽ പ്രകാശത്തിെൻറ വഴികൾ തുറക്കുന്നതിനായാണ് പോളി കാർബണേറ്റ് ഷീറ്റുകൾ ഉപയോഗിക്കുന്നത്.
സാൻഡ്വിച്ച് ഷീറ്റ്
ചൂടിനെ പൂർണമായും ഇല്ലാതാക്കി സുഖപ്രദമായ കാലാവസ്ഥ വാർക്കക്കും ട്രസ് റൂഫിനുമിടയിലുള്ള സ്പേസിനെ മാറ്റിയെടുക്കാൻ തിരഞ്ഞെടുക്കുന്ന ഷീറ്റാണിത്. രണ്ടു ലെയറുകളിലായാണ് സാൻഡ്വിച്ച് ഷീറ്റ് നിർമിച്ചിരിക്കുന്നത്. മുകളിൽ സാധാരണ ഷീറ്റും തൊട്ടുതാഴെയുള്ള ഷീറ്റിനു മുകളിലായി അന്തരീക്ഷ ഉൗഷ്മാവിനെ തടഞ്ഞുനിർത്താനുള്ള പ്രത്യേക മെറ്റീരിയലുകളും അടങ്ങിയിട്ടുള്ള സാൻഡ്വിച്ച് ഷീറ്റ്, സാധാരണ ഷീറ്റുകളെ അപേക്ഷിച്ച് വലിയ വിലക്കൂടുതലുള്ളവയാണ്.
നിറങ്ങളും നിരവധി
താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന തരത്തിൽ വിവിധ നിറങ്ങളിലും രൂപങ്ങളിലും റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്. ബ്രിക്ക് റെഡ്, ടെറാക്കോട്ട, ലൈറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ, ലൈറ്റ് ഗ്രീൻ എന്നിവയാണ് കൂടുതലായി ആവശ്യപ്പെടുന്ന നിറങ്ങൾ.
●