എൻജിനീയർമാരൊന്നും കൂടെ നിന്നില്ല, ഒടുവിൽ മിന്‍റു സ്വയം പണിതീർത്തു ഈ കപ്പൽ വീട്...
text_fieldsടൈറ്റാനിക് കപ്പൽ പോലെ തോന്നിപ്പിക്കുന്ന ഒരു വീടാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നോർത്ത് 24 പർഗാനാസിലെ ഹെല്ലഞ്ച ജില്ലയിൽ താമസിക്കുന്ന മിന്റു റോയുടെതാണ് ഈ സ്വപ്ന ഭവനം. കപ്പൽ പോലെയുള്ള ഒരു വീട് പണിയണമെന്ന് മിന്‍റു കാലങ്ങളായി സ്വപ്നം കണ്ടിരുന്നു.
25 വർഷം മുമ്പാണ് സിലിഗുരിയിലെ ഫാസിദാവയിൽ മിന്റു താമസമാക്കിയത്. നേരത്തെ കൊൽക്കത്തയിൽ താമസിക്കുമ്പോഴാണ് കപ്പൽ പോലെയുള്ള ഒരു വീട് പണിയണമെന്ന് മിന്‍റു ആഗ്രഹിച്ചത്. പിതാവ് മൻരഞ്ജൻ റോയിക്കൊപ്പമാണ് സിലിഗുരിയിലെത്തിയത്. തുടർന്നാണ് മിന്റു ഇവിടെ തന്റെ സ്വപ്ന ഭവനം കെട്ടിപ്പൊക്കാൻ തുടങ്ങിയത്.
പ്രോജക്റ്റിനായി നിരവധി എൻജിനീയർമാരെ അദ്ദേഹം സമീപിച്ചിരുന്നെങ്കിലും അവരാരും അദ്ദേഹത്തിന്റെ സ്വപ്നത്തിൽ വിശ്വസിച്ചില്ല. ഒടുവിൽ മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ മിന്‍റു സ്വയം വീടിന്‍റെ ആരംഭിച്ചു. 2010 ലാണ് കപ്പൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് മിന്‍റു പറയുന്നു. എന്നാൽ, സാമ്പത്തിക പരാധീനത മൂലം പണി ഇടയ്ക്കിടെ മുടങ്ങി. വാർക്കപ്പണിക്ക് പണമില്ലാത്ത അവസ്ഥ എത്തിയപ്പോൾ മൂന്ന് വർഷം നേപ്പാളിൽ പോയി പണി പഠിച്ചു.
ഏകദേശം 39 അടി നീളവും 13 അടി വീതിയുമുണ്ട്. വീടിന് ചുറ്റുമായി നിരവധി പച്ചക്കറികളും മറ്റും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിളകൾ വിറ്റു കിട്ടുന്ന പണം ലാഭിച്ചാണ് വീടിന്‍റെ പണി നടത്തിയതെന്നും ഇപ്പോഴും ജോലി തുടരുകയാണെന്നും മിന്‍റു പറയുന്നു.
ഇതുവരെ 15 ലക്ഷം രൂപയാണ് മിന്‍റു ചെലവഴിച്ചത്. അടുത്ത വർഷത്തോടെ പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വീടിന് അമ്മയുടെ പേരിടാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുകളിലത്തെ നിലയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. ഇപ്പോൾ ഈ കപ്പൽ വീട് പ്രദേശത്തെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.