കേരളത്തിലെ നിർമാണ മേഖല: മാറുന്ന കാലവും പുതിയ സാധ്യതകളും
text_fieldsകേരളത്തിലെ നിർമാണ മേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്. വർഷങ്ങളോളം നാട്ടിൽ തുടർന്നുവന്ന പരമ്പരാഗത രീതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടറിഞ്ഞ ആധുനിക നിർമാണ മാതൃകകളും തമ്മിലുള്ള അകലം കുറക്കാനുള്ള ശ്രമത്തിലാണ്. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ അവിടത്തെ ബിൽഡിങ് ശൈലികളും നിലവാരവും നേരിട്ട് അനുഭവിക്കുന്നവരാണ്. നാട്ടിൽ സ്വന്തം വീടോ കൊമേഴ്ഷ്യൽ കെട്ടിടമോ പണിയുമ്പോൾ അതേ ചിന്തയും ഗുണനിലവാരവും ഇവിടെയും വേണമെന്ന് അവർ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രതീക്ഷയാണ് കേരളത്തിലെ നിർമാണ രീതികളെ പതുക്കെ മാറ്റിക്കൊണ്ടിരിക്കുന്നത്.
ഇവിടെ നടക്കുന്ന നിർമ്മാണങ്ങളിൽ ഭൂരിഭാഗവും വൻകിട മെഗാ പ്രോജക്ടുകളല്ല, അഫോർഡബിൾ, മീഡിയം-ലെവൽ റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ കെട്ടിടങ്ങളാണ്. ഇടത്തരം പദ്ധതികളിൽ ലോകോത്തര നിലവാരം പ്രതീക്ഷിക്കപ്പെടുമ്പോൾ, അതിനനുസരിച്ച സംവിധാനം ഇവിടെ ഒരുങ്ങിയിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു. കൂടാതെ ലേബർ ലഭ്യതയും മെറ്റീരിയൽ ചെലവും ആഗോളതലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഴയ രീതിയിൽ മാത്രം മുന്നോട്ടുപോകാൻ ഈ മേഖലക്ക് കഴിയില്ല. പല പ്രോജക്ടുകളും എന്തുകൊണ്ട് ഉദ്ദേശിച്ച നിലവാരത്തിലെത്തുന്നില്ല, പുതിയ ട്രെൻഡുകൾ എന്തൊക്കെയാണ്, അവയെ യാഥാർഥ്യമാക്കാൻ പ്രൊഫഷണൽ പ്രോജക്റ്റ് മാനേജ്മെന്റിന് എന്ത് ചെയ്യാനാകും എന്നിവ ചർച്ച ചെയ്യേണ്ടതാണ്.
പ്രോജക്ടുകൾ പാതിവഴിയിൽ മുടങ്ങുന്നത് എന്തുകൊണ്ട്
കേരളത്തിൽ പല പ്രോജക്ടുകളും ഉദ്ദേശിച്ച സമയത്തോ ബജറ്റിലോ പൂർത്തിയാകാതിരിക്കുകയും ചിലത് പാതിവഴിയിൽ നിലച്ചുപോകുകയും ചെയ്യുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം സാങ്കേതിക പരിജ്ഞാനത്തിന്റെയും വിദഗ്ധ ടീമിന്റെയും കുറവാണ്. നിലവിൽ ഡിസൈൻ വരക്കുന്ന കൺസൾട്ടന്റുകൾ തന്നെ സൈറ്റിൽ നേരിട്ട് സൂപ്പർവൈസ് ചെയ്യുകയും പ്രാദേശിക തൊഴിലാളികളുമായി സംസാരിച്ച് കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്ന രീതിയാണ് വ്യാപകമായുള്ളത്. ചെറിയ പ്രോജക്ടുകൾക്ക് ഇത് മതിയായേക്കാം. പക്ഷേ, ലോകോത്തര നിലവാരത്തിലുള്ള ഒരു ഡിസൈൻ കൃത്യമായി നടപ്പാക്കാൻ അതിനനുസരിച്ച എൻജിനീയറിങ്, കൺസ്ട്രക്ഷൻ ടീമുകൾ വേണം. അത്തരം ടീമുകൾ വിപണിയിൽ വളരെ കുറവാണ്.
രണ്ടാമത്തെ പ്രശ്നം ട്രയൽ ആൻഡ് എറർ രീതിയാണ്. പ്രാദേശികമായി നേടിയ അനുഭവം മാത്രം വച്ച് ഒരു വലിയ പദ്ധതി ഏറ്റെടുക്കുമ്പോൾ അത് പലപ്പോഴും ആ ടീമിന്റെ ആദ്യത്തെ അനുഭവമായി മാറുന്നു. പഠിക്കുന്നത് ടീമും, അതിന് വില നൽകേണ്ടിവരുന്നത് ഉപഭോക്താവുമാണ്. ഗുണനിലവാരവും പണവും ഒരുപോലെ നഷ്ടപ്പെടുന്നു. തുടക്കത്തിൽ വളരെ മനോഹരമായി സംസാരിക്കുകയും വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നവർക്ക്, സാങ്കേതിക പരിജ്ഞാനവും പ്രൊഫഷണൽ എക്സിക്യൂഷൻ ടീമും ഇല്ലെങ്കിൽ, ആ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ല.
ഇതിനൊപ്പം വിദേശത്തിരിക്കുന്ന ഉപഭോക്താവിന്റെ ബുദ്ധിമുട്ടും ചേരുന്നു. ആയിരക്കണക്കിന് കിലോമീറ്റർ അകലെയിരുന്ന് നാട്ടിലെ നിർമാണം കൃത്യമായി നിരീക്ഷിക്കുക എളുപ്പമല്ല. വിശ്വസിക്കാവുന്ന ഏജൻസികൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് ലഭ്യതയില്ല. കൃത്യമായ പ്രൊജക്റ്റ് മാനേജ്മെന്റ് ഇല്ലാത്തിടത്ത് മെറ്റീരിയൽ പാഴാകുന്നു, ബജറ്റ് ചോരുന്നു, സമയം നഷ്ടപ്പെടുന്നു. മെറ്റീരിയൽ വില ഉയരുന്ന ഇക്കാലത്ത് ഇത്തരം ചോർച്ചകളുടെ ആഘാതം പണ്ടത്തേതിനേക്കാൾ വളരെ വലുതാണ്.
മാറുന്ന നിർമാണ രീതികൾ
ഈ പശ്ചാത്തലത്തിലാണ് നിർമാണ മേഖലയിൽ പുതിയ ട്രെൻഡുകൾ ശക്തിപ്രാപിക്കുന്നത്. ഇന്നത്തെ വേഗതയുള്ള ലോകത്ത് റെഡിമേഡ് ഹോമുകൾക്കും പ്ലഗ്-ആൻഡ്-പ്ലേ രീതിയിലുള്ള സൊല്യൂഷനുകൾക്കും ആവശ്യക്കാർ കൂടിവരികയാണ്. ഫാക്ടറിയിൽ നിർമിച്ച ഘടകങ്ങൾ സൈറ്റിൽ ഘടിപ്പിക്കുമ്പോൾ നിർമാണ സമയം കുറയുന്നു, ഗുണനിലവാരം ഒരേ നിലയിൽ നിലനിൽക്കുന്നു, തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയുന്നു. പക്ഷേ, കേരളത്തിന്റെ ഭൂപ്രകൃതി ഇവിടെ ഒരു വെല്ലുവിളിയാണ്. കുന്നുകളും വയലുകളും ഇടുങ്ങിയ പ്ലോട്ടുകളും കനത്ത മഴയും ഉള്ള നമ്മുടെ നാട്ടിൽ എല്ലായിടത്തും ഒറ്റയടിക്ക് റെഡിമേഡ് കെട്ടിടങ്ങൾ സ്ഥാപിക്കാനാകില്ല. സൈറ്റിനെക്കുറിച്ചുള്ള വിശദമായ പഠനവും മുൻകൂട്ടിയുള്ള അഡ്വാൻസ്ഡ് പ്ലാനിങും ഇതിന് അത്യാവശ്യമാണ്.
പ്ലാനിങിലെ ഈ ശ്രദ്ധയാണ് പുതിയ രീതിയുടെ കാതൽ. പഴയ കാലത്ത് സിമന്റും കമ്പിയും വാങ്ങി സൈറ്റിലിട്ട് കെട്ടിപ്പൊക്കുന്നതായിരുന്നു രീതി. ഇന്ന് ഓരോ ഘട്ടവും എപ്പോൾ തുടങ്ങണം, എപ്പോൾ തീരണം എന്ന് കാണിക്കുന്ന കൃത്യമായ എക്സിക്യൂഷൻ ചാർട്ടുകളും ഓരോ ചെലവിനും കണക്കും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സാമ്പത്തിക നിയന്ത്രണവും അനാവശ്യമായി മെറ്റീരിയൽ പാഴാകുന്നത് തടയുന്ന വേസ്റ്റേജ് നിയന്ത്രണവും ചേർന്ന പ്രൊഫഷണൽ മാനേജ്മെന്റാണ് മുന്നോട്ടുള്ള വഴി. വില കൂടിക്കൊണ്ടിരിക്കുന്ന മെറ്റീരിയലുകളുടെ കാലത്ത്, പാഴാകുന്നത് ചെറിയൊരു ശതമാനം കുറച്ചാൽ പോലും അത് വലിയൊരു തുകയുടെ ലാഭമായി മാറും.
മറ്റൊരു പ്രധാന മാറ്റം വിവിധ സാങ്കേതിക വിഭാഗങ്ങളുടെ സംയോജനമാണ്. ഒരു ആധുനിക കെട്ടിടം വെറും ചുവരും മേൽക്കൂരയുമല്ല. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് (MEP) സംവിധാനങ്ങൾ, ഫയർ സേഫ്റ്റി, ഹോം-ബിൽഡിങ് ഓട്ടോമേഷൻ, മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മറ്റു നിയമങ്ങളുടെയും പാലനം എന്നിവയെല്ലാം ചേർന്നതാണ് അത്. ഇവയെല്ലാം പ്ലാനിങ് ഘട്ടത്തിൽ തന്നെ ഒന്നിച്ച് ആസൂത്രണം ചെയ്താൽ മാത്രമേ പിന്നീട് പൊളിച്ചു പണിയേണ്ടിവരാതിരിക്കൂ. കെട്ടിടം പൂർത്തിയായ ശേഷം ഇവ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് ചെലവേറിയതും പലപ്പോഴും അസാധ്യവുമാണ്.
ഹരിത നിർമാണവും ഭാവിയും
ഒരു കെട്ടിടം നമ്മുടെ കാലശേഷവും നിലനിൽക്കണമെങ്കിൽ അത് ഭാവിയെ മുന്നിൽ കണ്ട് രൂപകൽപ്പന ചെയ്തതായിരിക്കണം. അതിന്റെ ഭാഗമായി പ്രകൃതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ മെറ്റീരിയലുകൾ ഉപയോഗിക്കുന്നതും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതും ഇന്ന് ഒരു പ്രത്യേക ആകർഷണമല്ല, മറിച്ച് അടിസ്ഥാന ആവശ്യമായി മാറുകയാണ്. അയൽപക്കങ്ങൾക്കും പൊതുജനങ്ങൾക്കും അസൗകര്യമുണ്ടാക്കാത്ത വിധം സെറ്റ്ബാക്ക് ചട്ടങ്ങൾ കർശനമായി പാലിക്കുന്നതും, നിയമപരമായി നിയന്ത്രണമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അനധികൃത നിർമാണം ഒഴിവാക്കുന്നതും ഇതിന്റെ തുടർച്ചയാണ്. പ്രളയവും ഉരുൾപൊട്ടലും കണ്ട കേരളത്തിൽ ഈ ശ്രദ്ധക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത്തരം സമീപനം ഒരു ധാർമ്മിക ഉത്തരവാദിത്തം മാത്രമല്ല. പിൽക്കാലത്തെ പരിപാലന ചെലവും നിയമപരമായ അപകടസാധ്യതകളും കുറക്കുന്ന ബുദ്ധിപരമായ തീരുമാനം കൂടിയാണ്.
പ്രൊഫഷണൽ പി.എം.സിയുടെ പങ്ക്
ഇവിടെ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം ഒരു പൊതു പരിഹാരമുണ്ട്: പ്രൊഫഷണൽ പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി. ഡിസൈൻ, സ്ട്രക്ചറൽ എൻജിനീയറിങ്, എക്സിക്യൂഷൻ, ഫിനിഷിങ് എന്നിങ്ങനെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും പരിചയസമ്പന്നമായ നേതൃത്വം നൽകുക എന്നതാണ് അതിന്റെ ധർമ്മം. ഇത് പോലുള്ള മാതൃകകളുടെ പ്രത്യേകത, ദുബായ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ വലിയ പ്രോജക്ടുകൾ നടപ്പാക്കി പരിചയമുള്ള സിവിൽ, എൻജിനീയറിങ് വിദഗ്ധരാണ് അതിന് നേതൃത്വം നൽകുന്നത് എന്നതാണ്. ആ പരിചയം ഇവിടേക്ക് കൊണ്ടുവരുമ്പോൾ, വിദേശത്ത് കണ്ടറിഞ്ഞ നിലവാരം നാട്ടിലും സാധ്യമാകുന്നു.
ഇതിൽ ശ്രദ്ധേയമായ കാര്യം, ഈ നിലവാരത്തിലെത്താൻ പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ട ആവശ്യമില്ല എന്നതാണ്. നിലവിലുള്ള പ്രാദേശിക ലേബർ ഫോഴ്സിനെ ശരിയായ പ്ലാനിങ്ങോടെയും മേൽനോട്ടത്തോടെയും ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കാൻ കഴിയും. വിദേശത്തിരിക്കുന്ന ക്ലൈന്റിനാകട്ടെ, ഷെഡ്യൂൾ, ബജറ്റ്, ഗുണനിലവാരം എന്നിവയെക്കുറിച്ച് കൃത്യമായ റിപ്പോർട്ടിങും എല്ലാ കാര്യത്തിനും ഉത്തരവാദിത്തമുള്ള ഒരൊറ്റ കേന്ദ്രവും ലഭിക്കുന്നു. ഇന്നത്തെ വിപണിയിൽ ഏറ്റവും വലിയ നേട്ടം ഈ വിശ്വാസ്യതയാണ്.
ലോകോത്തര നിലവാരത്തിലുള്ള കെട്ടിടങ്ങൾ കേരളത്തിലും സാധ്യമാണ്. അതിന് വേണ്ടത് പ്രത്യേക വിഭവങ്ങളല്ല, കൃത്യമായ പ്ലാനിങും സാങ്കേതിക മികവും ഉത്തരവാദിത്തമുള്ള മാനേജ്മെന്റുമാണ്. അഡ്വാൻസ്ഡ് പ്രൊജക്റ്റ് മാനേജ്മെന്റ്, വിവിധ സാങ്കേതിക വിഭാഗങ്ങളുടെ സംയോജനം, ഹരിത നിർമാണം, അന്താരാഷ്ട്ര പരിചയമുള്ള നേതൃത്വം എന്നിവ ഒന്നിക്കുമ്പോൾ നമ്മുടെ നിർമാണ മേഖല പുതിയൊരു തലത്തിലേക്ക് ഉയരും. അങ്ങനെ വരുമ്പോൾ, ഒരു കെട്ടിടം പണിയുക എന്നത് ആശങ്കയുടെ കാര്യമല്ലാതാകുകയും കാലത്തെ അതിജീവിക്കുന്ന ഒരു നിർമിതി സ്വന്തമാക്കുന്നതിന്റെ സന്തോഷമായി മാറുകയും ചെയ്യും.

