Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവീട് പണിയുമ്പോള്‍...

വീട് പണിയുമ്പോള്‍ ശ്രദ്ധിക്കാം

text_fields
bookmark_border
വീട് പണിയുമ്പോള്‍ ശ്രദ്ധിക്കാം
cancel

വൈദ്യനോടും അഭിഭാഷകനോടും മാത്രമല്ല നിങ്ങളുടെ വീടുപണിയുന്നവരോടും മനസ് തുറക്കണം. നിങ്ങള്‍ ജീവിക്കുന്ന ഇടമാണ് വീട്. അത് അഭിരുചിക്കിണങ്ങും വിധമാകണമെങ്കില്‍ നിങ്ങളുടെ ആവശ്യമെന്തെന്ന് വ്യക്തമാക്കുക തന്നെ വേണം. വീട് പണിത് അബദ്ധം പറ്റിയവരും നിരന്തരം അഭിപ്രായങ്ങള്‍ മാറ്റി, ഒടുവില്‍ പണിത് കുളമാക്കിയവരും നിരവധിയാണ്. മറ്റു ചിലത് മുന്‍ധാരണകള്‍ കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാണ്. നിര്‍മ്മാണത്തില്‍ സംഭവിക്കുന്ന പല പിഴവുകളും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കിയാല്‍ നിങ്ങളുടെ വീടും സ്വര്‍ഗമാക്കാം.  പണിയാന്‍ ഉദ്ദേശിക്കുമ്പോള്‍  തന്നെ നിങ്ങളുടെ വീടിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എത്ര മുറികള്‍, ലിവിങ് സ്പേസ്, കിച്ചണ്‍ എത്ര വലുപ്പം വേണം, എത്ര അറ്റാച്ച്ഡ് ബാത്ത്റൂം ആവശ്യമുണ്ട് എന്നിങ്ങനെ. മറ്റു ചിലര്‍ക്ക് വീടിനു നല്‍കുന്ന പെയിന്‍റിന്‍റെ നിറം വരെ മനസിലുണ്ടാകും.

വീട് നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഇതാ:

1 പ്ളാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്ളോട്ടിന്‍റെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ പ്ളോട്ടിന്‍റെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്‍റെ സ്ട്രക്ച്ചറിനെ ബാധിക്കുന്നതാണ്. കൂടാതെ പ്ളോട്ട് എങ്ങനെയുള്ള നിലമാണെന്നും പരിശോധിക്കേണ്ടതുണ്ട്. നിലത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാതെ വേണ്ടത്ര ഉറപ്പില്ലാത്ത തറ കെട്ടി വീടു പണിത് കാറ്റിലോ മഴയിലോ തകര്‍ന്നുവീണ സംഭവങ്ങളുമുണ്ട്. വീട് നിര്‍മ്മിക്കാനിരിക്കുന്ന പ്ളോട്ട് പാടമാണോ, ചതുപ്പുനിലമാണോ സാധാരണ പറമ്പാണോയെന്ന്  പരിശോധിക്കണം.

2 പ്ളോട്ട് ഉറപ്പുള്ള നിലമല്ളെങ്കില്‍, ആവശ്യമുള്ളിടത്ത്  പൈലിങ് ചെയ്യണം. വ്യത്യസ്ത ലെവലിലുള്ള സ്ഥലത്ത് നിലം മുഴുവനും ഇടിച്ച് ഒരേ ലെവലാക്കി വീടുപണിയുന്നത് കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യചെലവും സമയക്കൂടുതലുമാണ്. ഇതിനു പകരം വ്യത്യസ്തലെവലില്‍ തന്നെ മനോഹരമായി വീടുകള്‍ ഒരുക്കാവുന്നതാണ്.

3 വീടുപണിയുടെ ബഡ്ജറ്റ് പ്രധാനമാണ്. തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് ധാരണയുണ്ടാവണം.

4 വീടുപണി അനന്തമായി നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാക്കുന്നതിനേക്കാള്‍ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കൂറെ പരിഹരിക്കാനാവും.

5. വീടിന്‍റെ എക്സ്റ്റീരിയര്‍ ഏതു ശൈലിയില്‍ ഉള്ളതാകണമെന്ന ഐഡിയ നിങ്ങള്‍ക്ക് വേണം. കൂടാതെ നിങ്ങള്‍ ആവശ്യപ്പെടുന്ന ശൈലിയിലുള്ള എക്സ്റ്റീരിയര്‍ പ്ളോട്ടിന് അനുയോജ്യമാകുമോയെന്നും പരിശോധിക്കണം.

6. ചില വീടുകളില്‍ എലിവേഷനിലും മറ്റും വിവിധ രൂപത്തിലുള്ള ഡിസൈന്‍ നല്‍കുന്നതു കാണാം. അനാവവശ്യമായി പണം വാരിവലിച്ചുപയോഗിച്ചതു കൊണ്ടു മാത്രം വീട് ഭംഗിയുണ്ടാവണമെന്നില്ല. വീടിനു ചേരാത്ത അലങ്കാരങ്ങളും മറ്റും ഒഴിവാക്കുക തന്നെ വേണം.

7. ജനലുകള്‍, വെന്‍റിലേഷന്‍ എന്നിവ അലങ്കാരത്തിന് മാത്രമല്ളെന്ന ബോധം നിങ്ങള്‍ക്കും വീട് പണിയുന്ന ആര്‍ക്കിടെക്റ്റിനും ഉണ്ടാകണം. അനാവശ്യമായി ജനാലകളും വെന്‍റിലേഷനും നല്‍കിയതുകൊണ്ട് വീടിന് ഭംഗി ഉണ്ടാകണമെന്നോ അകത്തളത്തില്‍ കൂടുതല്‍ വെളിച്ചവും വായുവും കിട്ടണമെന്നോയില്ല.

8. ഭിത്തികള്‍കൊണ്ട് നിറഞ്ഞ വീടിനേക്കാള്‍ നല്ലത് തുറന്ന സ്ഥലമുള്ള ഇടമാണ്. കുറഞ്ഞ സ്വകയര്‍ഫീറ്റില്‍ വീടു നിര്‍മ്മിക്കുമ്പോള്‍ ലിവിങ്- ഡൈനിങ് ഏരിയകള്‍ തുറന്നിടാം. ഇത് അകത്ത് കൂടുതല്‍ സ്പേസ് നല്‍കും.

9. നിര്‍മ്മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധ ആവശ്യമാണ്. ഇവിടെയും കൃത്യമായ പ്ളാനിങ്ങോടെ കീശയിലൊതുങ്ങുന്ന തരത്തില്‍ ഗുണമുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കകണം. സ്ട്രക്ച്ചര്‍ നിര്‍മ്മാണമാണ് നടക്കുന്നതെങ്കില്‍ ആ ഘട്ടത്തിനാവശ്യമായ സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാം.

10. നിര്‍മ്മാണഘട്ടത്തില്‍ എയര്‍ ഹോള്‍, എക്സ്ഹോസ്റ്റ് ഫാന്‍, അല്ളെങ്കില്‍ A/c എന്നിവയ്ക്കുള്ള സ്ഥലം ഒഴിവാക്കിയിടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

 

സുഭാഷ് എസ്.യു
ഡയറക്ടര്‍
ജി.എസ് ആര്‍ക് ക്രിയേഷന്‍
തിരുവനന്തപുരം

 

Show Full Article
TAGS:plot construction exterior land construction goods windows 
Next Story