You are here

മഴവെള്ളം ശേഖരിക്കാൻ വഴികൾ

21:21 PM
11/09/2017
Rain Harvesting

കനത്ത വേനലിനെയാണ്​ നമ്മൾ കാത്തിരിക്കുന്നത്​. പെയ്​ത മഴയെല്ലാം നമ്മൾ പാഴാക്കി കളഞ്ഞു. ഓരോ മഴയിലും നമ്മൾ പാഴാക്കിക്കളയുന്ന മഴവെള്ളത്തി​െൻറ നൂറിലൊന്നുപോലും വേണ്ടിവരില്ല വേനൽക്കാലത്ത് നമ്മുടെ ആവശ്യം നിർവഹിക്കാൻ. തുലാമഴ പെയ്​തു തുടങ്ങി. കാലവർഷം വിടവാങ്ങു​േമ്പാൾ ബാക്കി മഴയെങ്കിലും നമ്മുക്ക്​ ഉപയോഗപ്പെടുത്താം.

 മഴവെള്ള സംഭരണം എങ്ങനെ?
ഏതുതരത്തിലുള്ള വീടായാലും മഴവെള്ള സംഭരണം സാധ്യമാണ്. ഈ സൗകര്യം അധികം ചെലവില്ലാതെതന്നെ ചെയ്തുതരാൻ നിരവധി ഏജൻസികൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട്. ഓടിട്ട വീടായാലും ടെറസായാലും മേൽക്കൂരയിൽ പതിക്കുന്ന വെള്ളം ടാങ്കിലെത്തിച്ച് സംഭരിക്കുന്നതാണ് പ്രക്രിയ. മേൽക്കൂരയിലെ വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കുന്നു. ഇതിനായി വ്യാസം കൂടുതലുള്ള പൈപ്പുകൾ പിളർന്ന് പാത്തികളാക്കിമാറ്റുന്നു. മേൽക്കൂരയിൽനിന്ന് വെള്ളം ഇറങ്ങുന്നിടത്ത് ഈ പാത്തികൾ സ്​ഥാപിച്ച് ടാങ്കിലെത്തിക്കുന്നു. മാലിന്യം കലരാതിരിക്കാൻ മൂന്ന് ലെയറുകളുള്ള അരിപ്പ വഴിയാണ് ഈ വെള്ളം ടാങ്കിലേക്ക് പൈപ്പ് വഴി കടത്തിവിടുന്നത്. കരി (പ്രധാനമായും ചിരട്ടക്കരി), മണലിൽനിന്ന് കിട്ടുന്ന ചരൽ/കരിങ്കൽ കഷണങ്ങൾ, മണൽ എന്നിവ ഉപയോഗിച്ച് വെള്ളം പൂർണമായും മാലിന്യമുക്തമാക്കാം.

ആദ്യമഴയുടെ വെള്ളം പക്ഷേ, ഇങ്ങനെ ടാങ്കിലേക്കെത്തിക്കരുത്.  പ്ലാസ്​റ്റിക്, കോൺക്രീറ്റ്, ഫൈബർ, ഫെറോസിമൻറ് എന്നിവയിൽ നിർമിച്ച ടാങ്കുകൾ ലഭ്യമാണ്.  പൂർണമായും ഉപരിതലത്തിലോ അതല്ലെങ്കിൽ മണ്ണിനടിയിലോ ടാങ്ക് നിർമിക്കാം. ആർക്കിടെക്ടുമാരെയും എൻജിനീയർമാരെയും ബന്ധപ്പെട്ടാൽ സംഭരണി നിർമിച്ചുകൊടുക്കുന്നവരെക്കുറിച്ച് അറിയാനാകും. ഒരുവർഷത്തോളം സംഭരണികളിലെ വെള്ളം കേടുകൂടാതെയിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ടാങ്കിൽ സ്​ഥാപിക്കുന്ന പൈപ്പ് വഴി വെള്ളം ശേഖരിക്കാം. വെള്ളത്തിന് നിറംമാറ്റമോ രുചിമാറ്റമോ ഉണ്ടായാൽ ഉടൻതന്നെ വെള്ളം പരിശോധിക്കാനും ശ്രദ്ധിക്കണം. ടാങ്ക് എപ്പോഴും മൂടണം. അരിപ്പയിലെ മണൽ, ചരൽ, കരി എന്നിവ ഓരോ വർഷവും മാറ്റിനിറക്കണം.

well-recharging

കിണർ റീചാർജിങ്
മഴവെള്ളം മറ്റു രീതികളിലും സംഭരിക്കാം. അതിൽ പ്രധാനമാണ് കിണർ റീചാർജിങ്. ജലസംഭരണി സ്​ഥാപിക്കുന്നതിനു പകരം ടെറസിലെ വെള്ളം നേരിട്ട് കിണറിലേക്ക് ഇറക്കുന്ന രീതിയാണിത്. വീടി​െൻറ മാത്രമല്ല, കോമ്പൗണ്ടിലെ മറ്റ് കെട്ടിടങ്ങളിൽനിന്നും മഴവെള്ളം കിണറ്റിലേക്കിറക്കാം. നാലോ അഞ്ചോ ഇഞ്ച് വണ്ണമുള്ള പി.വി.സി പൈപ്പ് ടെറസിൽ സ്​ഥാപിച്ചിരിക്കുന്ന പാത്തിയിലേക്ക് ഘടിപ്പിക്കണം. പൈപ്പിൽ മൂന്ന് ലെയറുകളുള്ള അരിപ്പയും സ്​ഥാപിക്കണം. ടാങ്ക് നിർമാണച്ചെലവ് കുറക്കാനും ഇത് സഹായിക്കും. വറ്റുന്ന കിണറുകൾപോലും ഇങ്ങിനെ ജലസമൃദ്ധമാക്കാം.

അണ്ടർഗ്രൗണ്ട് റീചാർജിങ്
ടെറസിലെ വെള്ളം ടാങ്കിൽ സൂക്ഷിക്കുന്നതും കിണർ റീചാർജിങ്ങുംമൂലം വെള്ളം മലിനമാകുമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്. ഇത്തരക്കാർക്ക് അണ്ടർഗ്രൗണ്ട് റീചാർജിങ് വഴി മഴവെള്ളം നേരെ ഭൂമിയിലേക്ക് ഇറക്കാം. തൊടിയിലും പറമ്പുകളിലും ടെറസിലുമെല്ലാം വെറുതെ പാഴായിപ്പോകുന്ന വെള്ളം പൈപ്പ് വഴി മണ്ണിലേക്കിറക്കാം. ഇവിടെ ജലം ശുദ്ധീകരിക്കേണ്ടി വരുന്നില്ല.  ടെറസിൽനിന്നൊഴുകിയെത്തുന്ന വെള്ളം ടാങ്ക് സ്​ഥാപിച്ച് സൂക്ഷിക്കുന്നതിനു പകരം കുഴി സ്​ഥാപിച്ച് അതിലേക്ക് ഇറക്കാം. കുഴിയിൽ നിറയുന്ന വെള്ളം മണ്ണിലൂടെ ഈർന്നിറങ്ങി തൊട്ടടുത്ത ജലാശയങ്ങളും കിണറുമെല്ലാം ജലസമൃദ്ധമാക്കും.

mazhakkuzhi

മഴക്കുഴികൾ
മണ്ണൊലിപ്പ് തടയാനും മണ്ണിലേക്ക് മഴവെള്ളത്തെ പരമാവധി മണ്ണിലേക്ക് ഇറക്കാനും സഹായിക്കുന്നവയാണ് മഴക്കുഴികൾ. മഴക്കാലമായാൽ തൊടിയിൽ പലയിടങ്ങളിലായി അധികം വലുതല്ലാത്ത കുഴികൾ സ്​ഥാപിക്കാം. അതിനുശേഷം ചാലുകൾ കീറി  വെള്ളം ആ കുഴികളിലെത്തിക്കാം. അണ്ടർഗ്രൗണ്ട് റീചാർജിങ്ങിന് ഏറെ സഹായകമാകുന്നവയാണ് മഴക്കുഴികൾ.  

സഹായിക്കാൻ തദ്ദേശ സ്​ഥാപനങ്ങൾ
 
മഴവെള്ള സംഭരണി  സ്​ഥാപിക്കാൻ തദ്ദേശ സ്​ഥാപനങ്ങൾക്ക് പദ്ധതികളുണ്ട്. സബ്സിഡികളും നൽകാറുണ്ട്.  സംഭരണി സ്​ഥാപിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ പഞ്ചായത്ത് ഓഫിസുമായോ ബ്ലോക് പഞ്ചായത്തുമായോ ബന്ധപ്പെടുക.       l

 

COMMENTS