Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightതനത് ഭവനനിര്‍മ്മാണ...

തനത് ഭവനനിര്‍മ്മാണ ശൈലി പിന്തുടരാം

text_fields
bookmark_border
തനത് ഭവനനിര്‍മ്മാണ ശൈലി പിന്തുടരാം
cancel

കേരളത്തിന്‍െറ ഭവന നിര്‍മാണ മേഖല വിവിധ രീതിയിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാമണ്. പലപ്പോഴും  സാധാരണക്കാര്‍ക്ക് വീടെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു.  കേരളത്തിന്‍െറ സാമൂഹിക- പാരിസ്ഥിതി രീതികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകള്‍ നിര്‍മിക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാരും മറ്റും ചേര്‍ന്ന് മലയാളിയുടെ വീടെന്ന സ്വപ്നം വിറ്റുകാശാക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്നതിന് പകരം അത് വിറ്റുകാശാക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചെലവ് ചുരുങ്ങിയതും പരിസ്ഥിതി സൗഹൃദ പരവുമായ വീടുകളാണ് നമ്മുക്ക് ആവശ്യം- പ്രകൃതി സൗഹൃദ വീടുകള്‍ രൂപകല്‍പന ചെയ്യുന്ന  ഹാബിറ്റാറ്റ് എന്ന പേരില്‍ സംരംഭത്തിന്‍റെ സാരഥിയും ആര്‍ക്കിടെക്ടുമായ പത്മശ്രീ ജി. ശങ്കര്‍ പറയുന്നു.

വീട് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിക്കൊണ്ടിരിക്കുകയാണ്. നാട്ടിലൊരു വീടെന്ന സ്വപ്നവും പേറി ഗള്‍ഫിലത്തെുന്ന പ്രവാസികളുടെ അറിവില്ലായ്മയും നിസ്സഹായതയും മുതലെടുത്ത് തട്ടിപ്പ് നടത്തുന്നവരും കൂടുതലാണ്. ഗള്‍ഫുകാരന്‍െറ പണത്തില്‍ മാത്രം കണ്ണുവെച്ച് നിര്‍മാതാക്കളും ഇടനിലക്കാരും രംഗത്തത്തെുമ്പോള്‍ ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലത്തെുന്ന പ്രവാസി നിസ്സഹായനായി പോകുന്നു. ഗള്‍ഫിലെ ബഹുഭൂരിഭാഗം പേരും കുറഞ്ഞ ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കി അവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകള്‍ നിര്‍മിക്കേണ്ടത്. ഇതിന് പകരം ഗള്‍ഫുകാരനെ മുതലെടുക്കാനാണ് ശ്രമിക്കുന്നത്. താങ്ങാനാകാത്ത ബജറ്റിലുള്ള വീടുകള്‍ നിര്‍മിക്കാനാരംഭിച്ച ശേഷം ഇടക്കുവെച്ച് പണി നിര്‍ത്തേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ഓരോരുത്തവരും അവന്‍െറ ആവശ്യം മാത്രം കണക്കിലെടുത്ത് പരമാവധി ചുരുങ്ങിയ ചെലവില്‍ വീടുകള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.  സംസ്ഥാനത്തിന്‍െറ സാമൂഹിക സ്ഥിതിയും പരിസ്ഥിതിയും പരിഗണിച്ചാണ് വീടുകള്‍ ഉണ്ടാക്കേണ്ടത്. ഓരോരുത്തരുടെയും സ്വപ്നമെന്ന പോലെ തന്നെ വില്‍ക്കാന്‍ സാധിക്കുന്നതുമായിരിക്കണം വീടെന്നാണ് തന്‍െറ അഭിപ്രായം.

കേരളത്തിലെ ഭവന നിര്‍മാണ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ഭൂമിയുടെയും അസംസ്കൃത വസ്തുക്കളും വിദഗ്ധ തൊഴിലാളികളുടെയും അഭാവമാണ്.  സംസ്ഥാനത്തിന്‍െറ 90 ശതമാനം ഭൂമിയും പത്ത് ശതമാനം പേരുടെ കൈവശമാണ്. ഈ സാഹചര്യത്തില്‍ 10 ശതമാനം ഭൂമി കൊണ്ട് 90 ശതമാനം പേര്‍ക്ക് തൃപ്തിപ്പെടേണ്ടി വരുന്നു. ഇത് ഭൂമിയുടെ വില വര്‍ധിക്കാനും സാധാരണക്കാരുടെ ഭവന സ്വപ്നങ്ങള്‍ നിറംകെടുത്താനും ഇടയാക്കുന്നു.  അമിതമായ നഗരവത്കരണവും ഭൂമിയുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് മറ്റൊരു പ്രശ്നം. ശരീരമനങ്ങി ജോലി ചെയ്യുന്നതിന് മലയാളികള്‍ മടി കാണിച്ചതോടെ വീട് നിര്‍മാണത്തിന് വിദഗ്ധ തൊഴിലാളികളെ ലഭിക്കാതായി. മറ്റ് സംസ്ഥാനക്കാരെ കൊണ്ട് ചെയ്യിക്കുന്ന ജോലികള്‍ക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കാത്ത അവസ്ഥയുമുണ്ട്. മേസ്തിരി, ആശാരി പണികള്‍ ചെയ്യാന്‍ വിദഗ്ധരില്ലാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്.

വിപണിയില്‍ ഭവന നിര്‍മാണ വസ്തുക്കളുടെ ആധിക്യവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കമ്പോളത്തില്‍ ഒരുപാട് ഉല്‍പന്നങ്ങള്‍ ലഭ്യമായതോടെ തെരഞ്ഞെടുക്കാന്‍ പോലും കഴിയാതെ വരുകയും ചെലവ് ഉയര്‍ത്തുകയും ചെയ്തുകഴിഞ്ഞു. വാസ്തുശില്‍പ മേഖലയിലെ സാമൂഹിക പ്രതിബദ്ധതയുടെ കുറവ് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സ്വപ്നം വിറ്റുകാശാക്കുന്നതിന് എന്തും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ആവശ്യത്തിനും കൈയിലുള്ള പണത്തിനും ഒപ്പം സാമൂഹിക സാഹചര്യവും കൂടി പരിഗണിച്ച് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയിലാണ് വീടുണ്ടാക്കേണ്ടത്. ചെറിയ കൃഷി ആവശ്യങ്ങള്‍ക്കും വീട് ഉപകരിക്കേണ്ടതുണ്ട്.
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഭവനത്തിന് പകരം ആരോഗ്യകരമായ വീടായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. പ്രകൃതിയോടിണങ്ങുന്ന അസംസ്കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വ്യക്തികളും സാമൂഹിക സംഘടനകളും മാധ്യമങ്ങളും സാമൂഹിക- പാരിസ്ഥിതിക രീതികള്‍ക്ക് അനുയോജ്യമായ വീടുകള്‍ക്ക് വേണ്ടിയുള്ള ബോധവത്കരണത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. മറ്റു ശൈലികളിലുള്ള കൂറ്റന്‍   കോണ്‍ക്രീറ്റ് ബംഗ്ളാവുകളേക്കാള്‍ നമ്മുക്ക് നല്ലത്  കേരളത്തിന് തനതായ കെട്ടിട നിര്‍മാണ രീതി പരിചയപ്പെടുത്തുന്നതാണ്. നമ്മുടെ ശൈലിയില്‍ പരിസ്ഥിതിയോട് ഇണങ്ങിയ വീടെന്നതാകണം പൂര്‍ത്തീകരിക്കാനുള്ള സ്വപ്നം.


തയാറാക്കിയത്
മുഹമ്മദ് റഫീക്ക്

Show Full Article
TAGS:
Next Story