അട്ടപ്പാടിയിലെ തായ്ലൻഡ് വീട്
text_fieldsവലിയ നാശനഷ്ടങ്ങളായിരുന്നു കേരളത്തിെൻറ വിവിധ മേഖലകളിൽ പ്രളയം വരുത്തിവെച്ചത്. വീണ്ടുമൊരു മഴക്കെടുതിയുണ്ടായാൽ അതിൽനിന്ന് വീടുകളെ എങ്ങനെ രക്ഷിക്കണമെന്നതിനെക്കുറിച്ച് അക്കാലത്തുതന്നെ ആളുകൾ ആലോചിച്ചു തുടങ്ങിയിരുന്നു.
മണിക്കൂറിൽ കിലോമീറ്ററുകൾ വേഗത്തിൽ കാറ്റ് ആഞ്ഞടിക്കാറുണ്ട് അട്ടപ്പാടി മേഖലയിൽ. മഴക്കെടുതിയിലെ തകർന്ന കൂരകളുടെ ദുരിതക്കാഴ്ച ഇനിയും കാണാനിടവരരുത് എന്ന ചിന്തയാണ് സാമൂഹികപ്രവർത്തകയായ ഉമ േപ്രമനെ സുരക്ഷിത ഭവനത്തെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത്. ചുരുങ്ങിയ ചെലവിൽ പ്രളയത്തെ ചെറുക്കുന്ന വീടുകളുടെ നിർമാണത്തെക്കുറിച്ച് ഇൻറർനെറ്റിൽ അവർ പരതി. വിവിധ മോഡലുകൾക്കിടയിൽ ഉമ പ്രേമെൻറ ശ്രദ്ധയിൽപെട്ടത് തായ്ലൻഡ് മോഡൽ പ്രീഫാബ് വീടുകളായിരുന്നു. വീണ്ടുമൊരു പ്രളയകാലം വന്നപ്പോൾ കരുത്തോടെ പ്രതിരോധിച്ച ഈ വീടുകൾ സുരക്ഷിതമാണെന്ന് ഉമ പറയുന്നു.
അഞ്ചു ലക്ഷം രൂപമാത്രമാണ് ചെലവ്. തറനിരപ്പിൽനിന്ന് നാലോ അഞ്ചോ അടി ഉയരത്തിലുള്ള വീടുകളിൽ വെള്ളം കയറുമെന്ന ഭയംവേണ്ട. മേത്തരം ഫൈബർ സിമൻറ് ബോർഡായ ടി.പി.ഐ ബോർഡ് ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്. ഒരു സുഹൃത്ത് മുഖാന്തരമാണ് ഇത് തായ്ലൻഡിൽനിന്ന് ഇറക്കുമതി ചെയ്തത്. ഈ ബോർഡുകൾ ഒരു വീടിെൻറ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കുന്നവിധം ക്രമീകരിക്കാനാകും.
അടിത്തറ, ചുവരുകൾ എന്നിവക്കെല്ലാം ടി.പി.ഐ ബോർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആകെ 10 ദിവസം മാത്രമാണ് വീട് നിർമിക്കാൻ ആവശ്യമായി വന്നതെന്നും ഉമ പറഞ്ഞു. 400 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വീട്ടിൽ രണ്ട് ബെഡ് റൂമുകൾ, സ്വീകരണ മുറി, ഊണുമുറി, അടുക്കള, ഒരു അറ്റാച്ച്ഡ് ബാത്ത് റൂം, ഒരു കോമൺ ബാത്ത്റൂം എന്നിങ്ങനെയാണ് വീടിെൻറ സൗകര്യങ്ങൾ. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലൂമിനിയം ഫാബ്രിക്കേഷനും ചെയ്തിരിക്കുന്നു.
വീടിെൻറ ഘടന എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കി നാട്ടിലെ ആളുകൾതന്നെയാണ് നിർമാണം നടത്തിയത്. ആദ്യമായി വലിയ കുഴികളിൽ വീപ്പ ഇറക്കിെവച്ച് കോൺക്രീറ്റ് ചെയ്തു. ശേഷം അതിനുമുകളിൽ ജി.ഐ െഫ്രയിമുകൾ നാട്ടി സ്ട്രെക്ചർ ഒരുക്കി. ഇതിനു മുകളിൽ ഇറക്കുമതി െചയ്ത ടി.പി.ഐ ബോർഡ് കൊണ്ട് അടിത്തറ ഒരുക്കി. ചുവരുകൾ ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ശേഷം മേൽക്കൂരയിലും ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. അതിന് മുകളിൽ ഓട് മേയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഉമ പ്രേമൻ തെൻറ വീടും ഓഫിസുമായി ഉപയോഗിക്കുന്നത് ഇവിടെയാണ്.
ഉമ പ്രേമൻ ആദിവാസി വിദ്യാർഥികൾക്കായി സ്ഥാപിച്ച എ.പി.ജെ അബ്ദുൽ കലാം സ്കൂളിെൻറ മേൽക്കൂരയിലും ടി.പി.ഐ ബോർഡ് സ്ഥാപിച്ചു. വീടുകളുടെ പ്രത്യേകത മനസ്സിലാക്കി നാഗാലാൻഡിൽ വീടുകൾ നിർമിക്കാൻ ഉമ പ്രേമന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
(മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)