ഇന്ദ്രപ്രസ്ഥയുടെ പടിപ്പുര വാതില്‍ മുതല്‍ അടുക്കളപ്പുറം വരെ കാത്തുവെച്ചിരിക്കുന്നത് പഴയമുടെ ഗരിമയുള്ള പുരാവസ്തുക്കളാണ്. തിരുവനന്തപുരത്തെ കൊച്ചാര്‍ റോഡിലുള്ള ഇന്ദ്രപ്രസ്ഥയില്‍ ബീനാ ഇന്ദ്രബാലന്‍്റെ ശേഖരം കുങ്കുമച്ചെപ്പു മുതല്‍ പഞ്ചലോഹ പാത്രങ്ങള്‍ വരെ നീളുന്നു.
100 വര്‍ഷത്തോളം പഴക്കമുള്ള ഇന്ദ്രപ്രസ്ഥത്തിന്‍റെ ഘടനക്ക് മാറ്റമൊന്നും വരുത്താതെയാണ് പുതുക്കി പണിതിരിക്കുന്നത്. പൂമുഖത്തേക്ക് കയറിയാല്‍ തടിയില്‍ തീര്‍ത്ത പുരാതന ഫര്‍ണിച്ചറുകളുടെ വൈവിധ്യങ്ങളാണ് കാണാന്‍ കഴിയുക. കൊത്തുപണികളുള്ള ഛായകട്ടില്‍, ചാരു കസേര, പ്രത്യേക ശൈലിയിലുള്ള ടീപോ, തടിയില്‍ തീര്‍ത്ത ടെലിഫോണ്‍ സ്റ്റാന്‍ഡു മുതല്‍ ആഷ്ട്രേ വരെ പൗരാണികതയുടെ ചാരുതയുള്ളവയാണ്.

തടി ഫ്രെയിമുള്ള മുഴുനീള ബെല്‍ജിയന്‍ കണ്ണാടി, ചീന ഭരണിയും തൂക്കു വിളക്കുകളുമെല്ലാം ലിവിങ്ങ് സ്പേസിനെ പ്രൗഢമാക്കുന്നു. പഞ്ചലോം കൊണ്ടുള്ള നിലവിളക്കും ഷോകേസില്‍ നിരന്നിരിക്കുന്ന തടി ശില്‍പങ്ങളുമെല്ലാം തലമുറകളില്‍ നിന്നും ലഭിച്ചതാണെന്ന് ബീന ഇന്ദ്രബാലന്‍ പറയുന്നു.

നാലുകിടപ്പുമുറികളുള്ള വീടിന് 100 വര്‍ഷത്തോളം പഴക്കമുണ്ട്. പഴയ ഘടന അതുപോലെ നിലനിര്‍ത്തിയാണ് അറ്റകുറ്റപണികള്‍ ചെയ്തു തീര്‍ത്തത്. അടുക്കള പുതുക്കി പണിതപ്പോള്‍ ബാക്കിയായ വാതിലും മരങ്ങളും തറയോടുമെല്ലാം ഉപയോഗിച്ചാണ് പരമ്പരാഗത ശൈലിയില്‍ പടിപ്പുര ഒരുക്കിയത്. കൊല്ലം ജില്ലാ ആശുപത്രിയുടെ പഴയ ഗേറ്റാണ് ഇന്ദ്രപ്രസ്ഥക്കുവേണ്ടി ബീന തെരഞ്ഞെടുത്തത്. വീടിന്‍്റെ മുഖപ്പില്‍ പഴയ മലയാള ലിപിയില്‍ എഴുതിയ കുറിപ്പുകള്‍ ഉണ്ടായിരുന്നു.

കിടപ്പുമുറികളിലേക്കുള്ള പ്രവേശം ലിവിങ് റൂമില്‍ നിന്നു തന്നെ. മുറികളിലും ആന്‍റിക് ഫര്‍ണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ള ഓട് കൊണ്ടുള്ള പാത്രങ്ങള്‍, തടിയിലുള്ള ചീര്‍പ്പുകള്‍, കണ്‍മഷി ചെപ്പ്, ആഭരണപ്പെട്ടി തുടങ്ങി ഛായകട്ടിലില്‍ വിരിച്ചിട്ട സാരി വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്.
ലിവിങ്ങില്‍ നിന്നും ഇടവഴിയിലൂടെ നടന്നാല്‍ ഊണുമുറിയിലത്തൊം. തടികൊണ്ടുള്ള മേശയും കസേരകളും വലിയ ബെല്‍ജിയം കണ്ണാടിയും പഴയകാല റാന്തല്‍വിളക്കും വിവിധ നിറങ്ങളിലുള്ള ചില്ലുവിളക്കുകളുമായി ഊണുമുറി അലങ്കരിച്ചിരിക്കുന്നു.

വീടിന്‍റെ മുഴുവന്‍ ഭംഗിയും ഉള്‍ക്കൊള്ളുന്ന ഭാഗമാണ് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന സിറ്റ് ഒൗട്ട്. മരത്തിന്‍റെ ചാരുപടിയും തടികൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
സ്പൂണ്‍ മുതല്‍ ഉരല്‍ വരെയുള്ള പുരാതന വസ്തുക്കളുടെ മ്യൂസിയം തന്നെയാണ് ഇന്ദ്രപ്രസ്ഥം എന്നു പറയാം. എന്നാല്‍ അവ ശേഖരിച്ച് വെക്കുന്നതിലല്ല, മനോഹരമായി അകത്തളത്തില്‍ ഒരുക്കിവെക്കുന്നതിലാണ് ബീന ഇന്ദ്രബാലന്‍ കഴിവ് തെളിയിച്ചിരിക്കുന്നത്.
കടപ്പാട്: ദ ഹിന്ദു