Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightവേങ്ങ കൊണ്ടൊരു വീട്

വേങ്ങ കൊണ്ടൊരു വീട്

text_fields
bookmark_border
വേങ്ങ കൊണ്ടൊരു വീട്
cancel

ഗ്രാമത്തിലെ വലിയൊരു വേങ്ങമരത്തില്‍ വിഗ്രഹം ചാരിവെച്ചിരുന്നിടത്ത്​ ഒരു അമ്പലം വരുകയും അതിന് വേങ്ങചാരി അമ്പലമെന്ന് പേരുവീഴുകയും ചെയ്തു. വേങ്ങചാരി ലോപിച്ച് വേങ്ങേരിയെന്ന് ഗ്രാമത്തിന് പേരുമായി. ആ വേങ്ങേരിയില്‍ ഇപ്പോള്‍ വേങ്ങകൊണ്ടൊരു മണി‘മേട’യും വന്നിരിക്കുന്നു. ഒൗഷധപ്രാധാന്യമുള്ള വേങ്ങമരമുപയോഗിച്ച്, ‘വളബന്ധം’ എന്ന അപൂര്‍വ തച്ചുശാസ്ത്ര വിദ്യയിലൂടെയാണ് മേല്‍ക്കൂര പണിതിരിക്കുന്നത്​. മണ്ണിനോടും കാറ്റിനോടും വെളിച്ചത്തോടും ഇഴുകി ജീവിക്കുന്ന ‘മേട’യുടെ വിശേഷങ്ങള്‍ ഏറെയാണ്.

1100 സ്ക്വയര്‍ഫീറ്റ് വരുന്ന വീട്​ ചുരുങ്ങിയ ബജറ്റിലാണ്​ പണിതീർത്തത്​. കോഴിക്കോട് വേങ്ങേരിയില്‍ ഉയര്‍ച്ചതാഴ്ചയുള്ള പ്ളോട്ടിലാണ് ‘മേട’ പണിതത്. പരിസ്ഥിതിക്ക്  ഏറ്റവും കുറച്ചുമാത്രം ആഘാതം ഏല്‍പിച്ചുള്ള നിര്‍മാണശൈലി പിന്തുടര്‍ന്നതിനാല്‍  ഭൂമിയുടെ നിമ്നോന്നതങ്ങളില്‍ ഒഴുകിയിറങ്ങി കിടക്കുകയാണ് വീട്. സാമൂഹിക പ്രവര്‍ത്തകനായ ബാബു പറമ്പത്തിനുവേണ്ടി ആര്‍കിടെക്ട് ഹരിതയാണ് ഈ ഹരിത ഭവനം സാക്ഷാത്കരിച്ചത്. പ്രദേശത്തെ പരിസ്ഥിതി കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്ന ബാബുവിന്‍െറ സങ്കല്‍പത്തിലേക്ക് ആര്‍കിടെക്ടിന്‍െറ ഭാവനകൂടി ചേര്‍ന്നപ്പോള്‍ കെട്ടുകാഴ്ചകളില്ലാത്ത ഒരു പാര്‍പ്പിടം പിറവിയെടുത്തു. മേല്‍ക്കൂരക്ക് മരത്തിനു പകരം മറ്റു മെറ്റീരിയലുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെലവ് കുറക്കാമായിരുന്നുവെന്ന്​ ആര്‍കിടെക്ട് പറയുന്നു. സ്വന്തമായി മരം ഉള്ളതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിഞ്ഞു.

ചിറകൊതുക്കി ഇരിക്കുന്ന ഒരു പക്ഷിയെപ്പോലെയാണ് ഇരുനിലവീടിന്‍െറ മുന്‍വശത്തു നിന്നുള്ള കാഴ്ച.  പ്രൊജക്ട് ചെയ്തു നില്‍ക്കുന്ന പൂമുഖത്തിന് ഇരുവശങ്ങളിലൂടെയും മുറ്റം വീട്ടിലേക്കും വീട് മുറ്റത്തേക്കും ചേരുന്നു. മരത്തിന്‍െറ മച്ചിലാണ് സീലിങ് ഓടും റൂഫ് ഓടും വിരിച്ചത്. നന്നായി ചെറിയ സാധാരണ വെട്ടുകല്ലില്‍ പണിത് പുറംഭാഗം സിമന്‍റ് തേക്കാതെയിട്ടിരിക്കുന്നു.  ആകെ ഏഴു മേല്‍ക്കൂരകളാണ് വീടിന്. വീട്ടുകാര്‍ക്കൊപ്പം കാറ്റും വെളിച്ചവും ആതിഥേയരായുള്ളതിനാല്‍ ഈ വീട്ടിലെവിടെയും ഫാന്‍ ഉപയോഗിക്കുന്നില്ല.

കരിങ്കല്‍ പാളികളില്‍ പണിത ചെറു പടവുകള്‍ കയറി വേണം സിറ്റൗട്ടിലെത്താന്‍. കരിങ്കല്‍ പാളികള്‍തന്നെ അതിരിട്ട സിറ്റൗട്ടിലെ തറയില്‍ വിരിച്ചത് രസകരമായ പാറ്റേണിലുള്ള ടെറാകോട്ട ടൈലാണ്.  വീടുമുഴുവന്‍ വിരിച്ചിരിക്കുന്ന ടെറാകോട്ടാ ടൈലാണ്​.

കസേരയില്ലാത്ത സിറ്റൗട്ടില്‍ അല്‍പം മാത്രം ഉയര്‍ത്തിക്കെട്ടി കരിങ്കല്‍പാളി പതിച്ച ഇരിപ്പിടമാണുള്ളത്. വാതിലിനു മുകളിലായി പുരാതന വാര്‍ലി പെയ്ന്‍റിങ്.  തേക്കില്‍ ഗ്ളാസ് പിടിപ്പിച്ച് പണിത പൂമുഖവാതില്‍ പുറത്തുനിന്നു പൂട്ടാനോ വലിച്ചടക്കാനോ കഴിയില്ല. മടുപ്പിക്കുന്ന മണിച്ചിത്രത്താഴുകളും പിച്ചളത്തിളക്കങ്ങളും കണ്ട് ഭയന്നിട്ട് മുന്‍വശത്ത്​ പൂട്ടുതന്നെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്ന് ബാബു. പൂമുഖവാതില്‍ അടക്കണമെങ്കില്‍ ഉള്ളില്‍ നിന്ന് അടക്കാം. ‘കാലു കഴുകി പിന്‍വശത്തുകൂടിയാണ് ഞങ്ങള്‍ വീടിനുള്ളില്‍ കയറാറ്. അപ്പോ പിന്നെ പുറത്തുനിന്ന് അടക്കുകയും തുറക്കുകയും ചെയ്യേണ്ടി വരാറില്ല’- ബാബു പറയുന്നു.

ലിവിങ് കം ഡൈനിങ്ങിലേക്ക് പ്രവേശിച്ചാല്‍ കണ്ണുടക്കുക നെടുനീളത്തില്‍ ചെയ്ത വാര്‍ലി പെയ്ന്‍റിങ്ങും ലളിതസുന്ദരമായ സ്റ്റെയര്‍കേസുമാണ്. ആര്‍ച്ചുകള്‍ ഉപയോഗിക്കാത്ത വീട്ടില്‍ ആര്‍ച്ച് രൂപമില്ലാത്ത ചൂരല്‍ ഫര്‍ണിച്ചര്‍ വേണമെന്ന്​ പറഞ്ഞു നിര്‍മിക്കുകയായിരുന്നു. നാലുപേര്‍ക്കിരിക്കാവുന്ന ചെറു ഡൈനിങ് യൂനിറ്റ് റബ് വുഡില്‍ പണിതു. 7500 രൂപയാണ് ഇതിന് ചെലവു വന്നത്. ലിവിങ് കം ഡൈനിങ്ങിലെ മറ്റൊരു ഹൈലൈറ്റായ സ്റ്റെയര്‍കേസ് മരവും ഇരുമ്പും ചേര്‍ന്ന് നിര്‍മിച്ചു. ഇരുമ്പുറെയിലില്‍ മരപ്പാളികള്‍ പിടിപ്പിച്ച ഒരു ഫ്യൂഷന്‍ ശില്‍പം പോലെ തോന്നിക്കും ഈ കോണിപ്പടികള്‍. ചെറിയ പാര്‍ട്ടികള്‍ക്കും മറ്റും വെറുതെ സംസാരിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും വരെ ഇത് ഉപകരിക്കുന്നു.

താഴെ രണ്ടും മുകളിലൊന്നും കിടപ്പുമുറികളുണ്ട്. താഴെയുള്ള രണ്ടു കിടപ്പുമുറികളുടെയും ജനലുകളില്‍കൂടി നോക്കിയാല്‍ സിറ്റൗട്ടില്‍ ആരാണ് വന്നിരിക്കുന്നതെന്ന് കാണാം. കിലോക്കണക്കിന് കമ്പികള്‍കൊണ്ട് അമിതബലപ്പെടു·ല്‍ നടത്താതെ ആവശ്യത്തിനുമാത്രമാണ് ഗ്രില്‍ ഉപയോഗിച്ചത്. ഒരു ജനല്‍ക്കള്ളിക്ക് മൂന്നര കിലോ കമ്പിയേ വേണ്ടിവന്നുള്ളൂ.

ബെഡ്റൂമിന് അറ്റാച്ച്ഡ് ബാത്ത്​റൂം ആവാമായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞ് അതിഥികള്‍ വാര്‍ഡ്രോബ് തുറക്കുമ്പോള്‍ അന്തംവിടും. ഇരട്ടവാതിലുള്ള വാര്‍ഡ്രോബിന്‍െറ ഒരു വാതില്‍ ഷെല്‍ഫിന്‍േറതും മറ്റേത് ബാത്തളറൂമിന്‍േറതുമാണ്. മൂന്നു കിടപ്പുമുറികളിലും ഇങ്ങനെ ബാത്ത്​റൂം ഒളിപ്പിച്ചുവെച്ചിരിക്കുന്നു.

സ്റ്റെയര്‍കേസിന്‍െറ രണ്ടാമത്തെ മടക്കിനുള്ളില്‍ പത്രം വെക്കാനും മറ്റുമായി ഒരു സ്റ്റോറേജ് സ്പേസുണ്ട്. മുകള്‍ നിലയിലെ ഹാന്‍ഡ്റെയിലില്‍ ഉറപ്പിച്ചിരിക്കുന്നു, ആട്ടുകട്ടിലിന്‍െറ മാതൃകയില്‍  ഇസ്തിരിയിടാനുള്ള ഇടം. ഒരിഞ്ചുപോലും വെറുതെ കളയാതെ ഉപയോഗിച്ചിരിക്കുകയാണിവിടെ.

മുകള്‍നിലയിലുള്ള മാസ്റ്റര്‍ ബെഡ്റൂമില്‍ പുറത്തേക്ക് തുളുമ്പിനില്‍ക്കുന്ന ഒരിടം വീടിന്‍െറ ഹൈലൈറ്റാണ്. പുറംകാഴ്ചക്ക് കിളിവാതിലുമുണ്ട് ഈ ഏരിയയില്‍.  കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു പള്ളി പുതുക്കിപ്പണിതപ്പോള്‍ ഒഴിവാക്കിയ ബെല്‍ജിയം ഗ്ളാസിന്‍െറ ഏതാനും കഷണങ്ങളാണ് കിളിവാതിലില്‍ ഫിറ്റ് ചെയ്തത്. പകല്‍വെളിച്ചത്തില്‍ ഉള്ളിലേക്കും രാത്രി അകത്ത്​ ലൈറ്റിട്ടാല്‍ പുറത്തേക്കും  ഈ ജനല്‍ഗ്ളാസുകള്‍ വര്‍ണം വിതറും.

ഡൈനിങ് ഏരിയ ഓപണ്‍കിച്ചണിലേക്കും നീളുന്നുണ്ട്. ഇവിടെ പണിത  ഇന്‍ബില്‍റ്റ് ടേബ്ള്‍, ഇന്‍ഫോര്‍മല്‍ ഭക്ഷണമേശയായും അമ്മക്ക് പാചകം ചെയ്തുകൊണ്ട് കുട്ടിയെ പഠിപ്പിക്കാനുള്ള സ്റ്റഡി ടേബ്ളായും  ഉപയോഗിക്കുന്നു.

അടുക്കളയില്‍ നിന്ന്  നോക്കിയാല്‍ വീടിന്‍െറ നാലു വശങ്ങളുടെയും കാഴ്ച കിട്ടുന്ന വിധമാണ് മറ്റുമുറികളുടെ വാതിലും ജനലും രൂപകല്‍പന ചെയ്തിരിക്കുന്നത്. പത്തു സെന്‍റ് പ്ളോട്ടില്‍ വീടും മുറ്റവും അഞ്ചുസെന്‍റിലേ വരുന്നുള്ളൂ. ബാക്കി ഭാഗത്ത്​ അടുക്കളത്തോട്ടവും തയാറാക്കിയിട്ടുണ്ട്.  അധ്യാപികയായ ഭാര്യ വത്സലയും മകൻ ഋത്വിക്കും ചേര്‍ന്നതാണ് ബാബുവിന്‍െറ കുടുംബം.  
വ്യത്യസ്തതയുള്ളതും അതേസമയം, അമിതചെലവ് ഇല്ലാത്തതുമായ പാര്‍പ്പിടം വേണമെന്ന ഗൃഹനാഥന്‍െറ ആവശ്യം സഫലീകരിക്കുകയാണിവിടെ ആര്‍കിടെക്ട്.   
Architect: Haritha C

Plan

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorgrihamhome designalternativearchitecture
News Summary - alternative consturuction -hom design- wooden roof
Next Story