Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightപരിസ്ഥിതിക്കൂട്ടിന് ഈ ...

പരിസ്ഥിതിക്കൂട്ടിന് ഈ മണ്‍വീടുകള്‍

text_fields
bookmark_border
പരിസ്ഥിതിക്കൂട്ടിന്  ഈ മണ്‍വീടുകള്‍
cancel

ചുറ്റുപാടിനെ നോവിക്കാതെയും മനുഷ്യായുസ്സും സമ്പാദ്യവും നഷ്ടപ്പെടുത്താതെയും വിഭവങ്ങള്‍ വരുംതലമുറക്കുകൂടി നീക്കിവെച്ച് ‘മണ്‍ചെരാതുകള്‍’ തീര്‍ക്കുകയാണ് ഹസന്‍ നസീഫ് എന്ന യുവ വാസ്തുശില്‍പി. കോടികള്‍ മുടക്കാനും ആഡംബര ഭവനങ്ങള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നവരാണ് ഇപ്പോള്‍ കൂടുതലും. എന്നാല്‍, ഇവര്‍ക്കിടയില്‍ വീട് സ്വപ്നം മാത്രമാകുന്നവര്‍ക്കായി ലളിതമായ ഗൃഹനിര്‍മാണ രീതിയാണ് ഹസന്‍ മുന്നോട്ടുവെക്കുന്നത്. ഇതിന് ന്യൂജനറേഷന്‍ എര്‍ത്ത് ആര്‍കിടെക്ചര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു. സഹോദരിക്കായി തീര്‍ത്ത സ്വപ്നഭവനത്തിലൂടെയാണ് തനതു കേരളീയ വാസ്തുശില്‍പ സമീപനങ്ങളില്‍നിന്ന് വ്യത്യസ്തനായി, നവീന ചിന്തകള്‍ നിര്‍മാണ, രൂപകല്‍പന മേഖലക്ക് ഈ ചെറുപ്പക്കാരന്‍ നല്‍കുന്നത്.

കരിങ്കല്ലില്ലാതെ എങ്ങനെ വീട് നിര്‍മിക്കാം

പാറക്കൂട്ടങ്ങള്‍ ചിന്നിച്ചിതറുന്ന പുലരിയില്‍, ഉഗ്രശബ്ദത്താല്‍ ഞെട്ടിയുണരുന്ന തിരുവനന്തപുരത്തെ അഴീക്കോട് എന്ന സ്വന്തം ഗ്രാമമാണ് ഹസനെ ഈ ചിന്തയിലേക്കും ആശയത്തിലേക്കും ചെന്നത്തെിക്കുന്നത്. നഗരങ്ങളില്‍ ബഹുനില മന്ദിരങ്ങള്‍ ആകാംശമുട്ടെ ഉയരുമ്പോള്‍ ഇല്ലാതായിക്കൊണ്ടിരുന്നത് ഈ കൊച്ചുഗ്രാമത്തിന്‍െറ പ്രകൃതി തന്നെയായിരുന്നു. ജില്ലയിലെ നിര്‍മാണപ്രവൃത്തികള്‍ക്ക് ആവശ്യമായ കരിങ്കല്ല് മുഴുവനും സ്വകാര്യ കമ്പനി ഈ നാടിന്‍െറ മാറില്‍നിന്ന് കവര്‍ന്നെടുത്തു. ഒടുവില്‍ പ്രാണന്‍െറ നിലനില്‍പിനും നാടിന്‍െറ അതിജീവനത്തിനുമായി ജനങ്ങള്‍ സംഘടിച്ചു.
ഈ വേളയിലാണ് കുറ്റിപ്പുറത്തെ എം.ഇ.എസില്‍ എന്‍ജിനീയറിങ് പഠനത്തിനായി ഹസന്‍ പുറപ്പെടുന്നത്. നാലുവര്‍ഷത്തെ പഠനത്തിനുശേഷം ബദല്‍ വാസ്തുശില്‍പത്തിന്‍െറ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണമായി. ഒടുവില്‍ യാത്ര അവസാനിച്ചത് പോണ്ടിച്ചേരിയിലെ ഓറോ വില്ലയില്‍. അവിടെനിന്ന് തദ്ദേശീയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വാസ്തുവിദ്യ ഗ്രാഹ്യമാക്കി. തുടര്‍ന്ന് എര്‍ത്ത് ആര്‍കിടെക്ചര്‍ എന്ന, മണ്ണുകൊണ്ട് ഭവനങ്ങള്‍ തീര്‍ക്കുന്ന നവ ആശയവുമായി കേരളത്തിലത്തെി.

ചളിക്കുണ്ടില്‍ തീര്‍ത്ത മണ്‍ചെരാത്
കോണ്‍ക്രീറ്റ് പാളികള്‍ക്കു കീഴില്‍ തണല്‍തേടുന്ന കേരളീയര്‍ക്ക് അത്ര പരിചയമില്ലാത്തതായിരുന്നു ഈ ആശയങ്ങള്‍. അതിനാല്‍, ജനങ്ങളുടെ സമീപനം എങ്ങനെയായിരിക്കുമെന്ന വലിയ ആശങ്കയായിരുന്നു ഹസന്‍െറ ഉള്ളില്‍. സഹോദരിക്കായി നിര്‍മിച്ച വീടിലൂടെ ഹസന് ഈ വെല്ലുവിളി മറികടക്കാനായി. തിരുവനന്തപുരത്തെ ഉര്‍വിസ് എന്ന സ്വന്തം സ്ഥാപനത്തിന്‍െറ ആദ്യ സംരംഭംകൂടിയായിരുന്നു ഇത്. ജില്ലയിലെ പെരുമാതുറയിലെ കരകാണാക്കടലിനും കായലിനും ഇടയിലായി ചകിരിച്ചോറുകൊണ്ട് നികത്തിയെടുത്ത 40 സെന്‍റ് ചളിക്കുണ്ടിലായിരുന്നു വീട് നിര്‍മിക്കേണ്ടത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കേരള ബീം ഫൗണ്ടേഷനും റാഫ്റ്റ് ഫൗണ്ടേഷനും ഒഴിവാക്കിയാണ് നിര്‍മാണം ആരംഭിച്ചത്. പ്രദേശത്തുനിന്ന് ശേഖരിച്ച കല്ലന്‍മുളയുടെ പൈലിങ്ങും റാമ്ഡ് എര്‍ത്ത് ഫൗണ്ടേഷന്‍ എന്ന നിര്‍മാണ രീതിയും ഇതിന് തെരഞ്ഞെടുത്തു. പിന്നീട് നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിലും ഹസന്‍െറ കരസ്പര്‍ശവുമുണ്ടായിരുന്നു. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും നിറഞ്ഞ ആ പ്രവൃത്തികള്‍ മണ്ണില്‍ കുഴച്ചെടുത്ത അനുപമമായ കാഴ്ചയായി മാറി. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ 2600 സ്ക്വയര്‍ ഫീറ്റ് വരുന്ന ‘മണ്‍ചെരാതിലെ’ അടുക്കളയില്‍ പാത്രം നിറഞ്ഞ് പാല്‍ തിളച്ചു തുളുമ്പി.

മണ്‍ ഭിത്തികള്‍
അഞ്ചുശതമാനം സിമന്‍റ് ചേര്‍ത്ത ചെമ്മണ്ണിനെ ചതുരപ്പെട്ടികളില്‍ യന്ത്രസഹായത്താല്‍ ഞെരുക്കിയമര്‍ത്തി ഇടിച്ചുറപ്പിക്കും. 10 അടി ഉയരംവരെ തുടര്‍ന്നാല്‍ മേല്‍ക്കൂര താങ്ങാനുള്ള ഭിത്തിയായി. ഇലക്ട്രിഫികേഷനു വേണ്ടിയുള്ള പൈപ്പുകള്‍ ഭിത്തികളില്‍ ആദ്യംതന്നെ ഉറപ്പിക്കും. അതിനാല്‍, കട്ടിങ്ങും പ്ളാസ്റ്ററിങ്ങും പിന്നീട് ആവശ്യമില്ല.

കമ്പിയോ കോണ്‍ക്രീറ്റോ ഇല്ലാത്ത മേല്‍ക്കൂര

മേല്‍ക്കൂരയുടെ കുറേ ഭാഗങ്ങള്‍ ഇഷ്ടികകൊണ്ട് പണിത വോള്‍ട്ടുകളാണ്. ഇതിന് കമ്പിയോ കോണ്‍ക്രീറ്റോ വേണ്ട. ബാക്കി ഭാഗങ്ങളില്‍ ഫില്ലര്‍ സ്ളാബുകള്‍ക്കായി മാറ്റിവെച്ചു. ഇവിടെ ഉപയോഗശൂന്യമായ കറിച്ചട്ടികളാണ് ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച ഇത്തരം സാമഗ്രികളുടെ പുനരുപയോഗവും കളിമണ്ണിന്‍െറ കുളിരും കണ്ടംപററി സ്റ്റൈലില്‍ നിര്‍മിച്ച ഈ വീടിനെ ശ്രദ്ധേയമാക്കുന്നുണ്ട്. കടല്‍, കായല്‍ കാറ്റുകള്‍ക്ക് അകത്തളത്തേക്ക് സ്വാഗതം ഒരുക്കുന്ന ജനലുകള്‍ക്കായി മരങ്ങള്‍ മുറിച്ചിട്ടില്ളെന്നതും പ്രത്യേകതയാണ്. യു.പി.വി.സി റെഡിമേഡ് വിന്‍ഡോകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. കുളിര്‍ക്കാറ്റും സൂര്യപ്രകാശവും മണ്‍ചുവരുകളെ സദാ തഴുകുന്നതിനാല്‍ കൃത്രിമ ശീതീകരണ സംവിധാനം ഈ വിടിന് ആവശ്യമില്ല. താഴത്തെ നിലയില്‍ മൂന്നും മുകളില്‍ ഒന്നുമായി നാല് ബാത്ത് അറ്റാച്ച്ഡ് റൂമുകളാണുള്ളത്. വിശാലമായ നാല് ഹാളുകളും വീടിന്‍െറ പ്രത്യേകതയാണ്. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയും മുകളിലത്തെ നിലയിലായി ലൈബ്രറി ഹാളും ക്രമീക്രിച്ചിരിക്കുന്നു.

‘ഉര്‍വിന്‍സ്’
ഭൂമിയെന്ന അര്‍ഥം വരുന്ന ‘ഉര്‍വി’ എന്ന വാക്കില്‍നിന്നാണ് ആര്‍കിടെക്ചര്‍ സ്ഥാപനത്തിന് ‘ഉര്‍വിസ്’പേര് നല്‍കിയത്. ഈ ആശയം നടപ്പാക്കുന്നവരെ ഉര്‍വിന്‍സ് എന്നും ഈ യുവാവ് വിളിക്കുന്നു. ഇപ്പോള്‍ ആശയ പ്രചാരണത്തില്‍ വ്യാപൃതനായ ഹസന് അംഗീകാരമെന്ന നിലയിലാണ് പുതിയ ഉദ്യമം ലഭിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍കിടെക്ചറും ഹാബിറ്റേറ്റ് ടെക്നോളജി ഗ്രൂപ്പിന്‍െറ സാരഥിയുമായ പത്മശ്രീ ജി. ശങ്കറിന്‍െറ പൂജപ്പുരയിലെ വസതിയുടെ നിര്‍മാണത്തിലാണ് ഈ കരങ്ങള്‍. വീടുകള്‍ സന്ദേശമായി മാറേണ്ട കാലത്ത് പരിസ്ഥിതിയെയും മനുഷ്യനെയും ഇഴചേര്‍ത്ത് പുത്തന്‍ സംസ്കാരം കെട്ടിപ്പടുക്കുകയാണ് ഹസന്‍.                                                                          

Show Full Article
TAGS:
Next Story