Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightപുതുകാലം പല കോലം

പുതുകാലം പല കോലം

text_fields
bookmark_border
പുതുകാലം പല കോലം
cancel

അടുക്കളയില്‍ പുത്തന്‍ പരീക്ഷണങ്ങളുടെ പുലര്‍കാലമാണിത്. ആകൃതിയിലും ആകാരത്തിലും അടിമുടി പുതുമാ പ്രവാഹം. മോഡുലാര്‍ കിച്ചന്‍ ഭംഗിക്ക് മാത്രമല്ല, ജോലി എളുപ്പമാക്കാനും സ്ഥലപരിമിതി പരിഹരിക്കാനും കൂടിയായി. വെറുംമുറി അടുക്കളയാക്കുന്ന കരവിരുതിന്‍െറ ഒറ്റവാക്കാണ് മോഡുലാര്‍ കിച്ചന്‍. പാതകമെന്ന പേരിലുള്ള തടിപ്പന്‍ കോണ്‍ക്രീറ്റ് സ്ളാബു പണിയേണ്ട. മാനത്തേക്ക് മാളം തുറക്കുന്ന ഇരുട്ടറയായ ചിമ്മിനി വേണ്ട. എന്തിന് അടുപ്പിനുപോലും ഇടം കാണേണ്ട. അടുക്കള മുറിയുടെ പണിയെല്ലാം കഴിഞ്ഞാല്‍ പറയുകയേ വേണ്ടൂ, റെഡിമെയ്ഡ് മോഡുലാര്‍ കിച്ചന്‍ സാമഗ്രികള്‍ ഘോഷയാത്ര തുടങ്ങും. പണിയറിയാവുന്ന ആശാരി മുതല്‍ ബ്രാന്‍ഡഡ് കമ്പനികള്‍വരെ മോഡുലാര്‍ കിച്ചന്‍ ഒരുക്കാന്‍ ഒരുങ്ങിയിറങ്ങുകയായി.
പാതകത്തിന് താഴെയും ഓവര്‍ ഹെഡ് ഏരിയയിലും മൂലകളിലുമെല്ലാം പലജാതി സൗകര്യങ്ങള്‍ ഇരിപ്പുറപ്പിക്കും. കാബിനറ്റിലെ പുള്‍ ഒൗട്ടുകളും ഹോബും ഹുഡും അടക്കമുള്ള ബ്രാന്‍ഡഡ് കിച്ചന്‍ പാക്കേജുകള്‍ പല വഴിക്കത്തെും. മോഡുലാര്‍ കിച്ചന്‍ സാധാരണമായതോടെ ഇറ്റാലിയന്‍ ഡിസൈനിന് പിറകെ വെച്ചുപിടിച്ചു കുറെ മലയാളി അടുക്കളപ്രേമികള്‍.
അടുക്കള പലമാതിരി
ഐലന്‍ഡ് കിച്ചന്‍, ഓപണ്‍ കിച്ചന്‍, കോറിഡോര്‍ കിച്ചന്‍, സ്ട്രെയ്റ്റ് ലൈന്‍ കിച്ചന്‍, ലീനിയര്‍ കിച്ചന്‍, യു ഷേപ് കിച്ചന്‍, എല്‍ ഷേപ് കിച്ചന്‍ എന്നിവയാണ് പലവക അടുക്കളകള്‍. വര്‍കിങ് ട്രയാങ്കിളിന്‍െറ പലവിധ ക്രമീകരണമാണ് പലജാതി അടുക്കളകള്‍ക്ക് ജന്മമേകുന്നത്.
അടുക്കളക്കായി ഒരുപാട് സ്ഥലം നീക്കിവെക്കാന്‍ കഴിയുന്നവര്‍ക്ക് ഐലന്‍ഡ് കിച്ചന്‍ നിര്‍മിക്കാം. അടുക്കളയുടെ മധ്യഭാഗത്ത് ദ്വീപുപോലൊരു കൗണ്ടര്‍ പണിത് ഹോബ്, ഹുഡ് എന്നിവ അവിടെ ക്രമീകരിക്കും. പാശ്ചാത്യ നാടുകളിലുള്ള ഈ ശൈലി നമ്മുടെ നാട്ടിലും പ്രചാരം നേടിത്തുടങ്ങിയിട്ടുണ്ട്.
അണുകുടുംബത്തിന് ഓപണ്‍ കിച്ചനായിരിക്കും എറ്റവും യോജ്യം. അടുക്കളയും ഊണുമുറിയും വേര്‍തിരിക്കാതെയുള്ള സെറ്റപ്പാണിത്. വറുക്കലിനും പൊരിക്കലിനുമിടയില്‍ അടുക്കള വിട്ടിറങ്ങുന്ന പുകയെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഓപണ്‍ കിച്ചന്‍ വീട്ടുകാരെ വെട്ടിലാക്കും. വീട്ടമ്മമാര്‍ക്കേറെ സൗകര്യപ്രദമാണ് ഈ രീതി.
അടുക്കള വിശാലമാക്കാന്‍ വഴിയില്ലാത്തവര്‍ക്കുവേണ്ടി അവതരിച്ചതാണ് കോറിഡോര്‍ കിച്ചന്‍. സമാന്തരമായ രണ്ടു ഭിത്തികളില്‍ പാതകം ഒരുക്കിയാണ് ഈ അടുക്കള ഇടനാഴി ഒരുക്കുന്നത്. ഫ്ളാറ്റുകളാണ് കോറിഡോര്‍ കിച്ചന്‍െറ പ്രചുരപ്രചാരകര്‍.
സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവ ഒറ്റ വരിയില്‍ ക്രമീകരിച്ചാല്‍ സ്ട്രെയിറ്റ് ലൈന്‍ കിച്ചനൊരുങ്ങും. അടുപ്പിനരികിലേക്കും സിങ്കിനടുത്തേക്കും ഫ്രിഡ്ജിനോരത്തേക്കുമായി വീട്ടമ്മയുടെ നടപ്പ് കൂടും. അടുക്കളയിലൂടെ നടന്നുനടന്ന് ഒരു വഴിക്കായി എന്ന വീട്ടുകാരിയുടെ പരാതി ഏറെനാള്‍ കഴിയുംമുമ്പേ കേട്ടില്ളെങ്കില്‍ സ്ട്രെയിറ്റ് ലൈന്‍ കിച്ചന് സ്തുതി പാടാം.
വീതികുറഞ്ഞ് നീളം കൂടിയതാണ് അടുക്കളയുടെ ആകാരവിശേഷമെങ്കില്‍ അവിടെയൊരുക്കാം ലീനിയര്‍ അടുക്കള. രണ്ടു വശത്തായോ ഒരു വശത്ത് മാത്രമോ സ്ളാബ് നല്‍കാം.
കാബിനറ്റുകള്‍, സിങ്ക്, ഹോബ് മുതലായവ ‘U’ആകൃതിയില്‍ സജ്ജീകരിച്ചാല്‍ യു ഷേപ് കിച്ചന്‍ ഒരുക്കാം. ധാരാളം സ്ഥലം ലഭിക്കുമെന്നതിനാല്‍ ഏറെ ജനകീയമായ അടുക്കള ഒരുക്കല്‍ രീതിയാണിത്. ‘U’ ആകൃതിയിലുള്ള കൗണ്ടര്‍ ടോപ്പിന് അടുത്ത് ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ സജ്ജീകരിക്കാം.
അടുത്തടുത്ത രണ്ട് ചുവരുകളില്‍ വര്‍ക്കിങ് ട്രയാങ്കിള്‍ ഒരുക്കിയാല്‍ ‘L’ ഷേപ് കിച്ചനായി. ഒരു വശത്ത് സിങ്കും സ്റ്റൗവും മറുവശത്തെ പാതകത്തിന്‍െറ അറ്റത്ത് ഫ്രിഡ്ജും ഘടിപ്പിക്കുന്നതാണ് ഘടന.
പൊക്കം ഒക്കണം
വീട്ടമ്മയുടെ സൗകര്യപ്രദമായ ഇടപെടലിനുള്ള അവസരമൊരുക്കുന്നതാവണം പാതകത്തിന്‍െറ ഉയരം. വീട്ടമ്മയുടെ ഉയരമാണ് മാനദണ്ഡം. 75-85 സെന്‍റീമീറ്ററാണ് പൊതുവെ കണ്ടുവരുന്ന ഉയരം. ഉയരക്കുറവ് നടുവേദനക്ക് ഇടയാക്കും. ഉയരം കൂടിയാല്‍ കണ്ടു പാചകം ചെയ്യാന്‍ ബുദ്ധിമുട്ടേറും. പാതകത്തിന് രണ്ടടി വീതിയാണ് നല്ലത്.
കൗണ്ടര്‍ടോപിന് മുകളില്‍ വിരിക്കാന്‍ ഏറ്റവും യോജിച്ചത് ഗ്രാനൈറ്റാണ്. കടുംനിറക്കാര്‍ക്കാണ് സ്വീകാര്യത കൂടുതല്‍. ജെറ്റ് ബ്ളാക് അതില്‍ മുന്തിനില്‍ക്കും. ഉറപ്പില്‍ കടുപ്പക്കാരായ ഹാര്‍ഡ് ഗ്രാനൈറ്റ് നിര്‍ബന്ധം. ഉറപ്പ് കുറഞ്ഞവയാണെങ്കില്‍ അരികും മൂലയും പൊട്ടി എളുപ്പം വൃത്തികേടാകും.
കൊറിയന്‍ സ്റ്റോണ്‍ വിപണിയിലെ പുതുതരംഗമാണ്. അഴകിനെ പണംകൊണ്ട് നേരിടാമെന്നുള്ളവര്‍ക്ക് ഒരു കൈ പരീക്ഷിക്കാം. ചതുരശ്ര അടിക്ക് 1000 രൂപയില്‍ കൂടുതല്‍ വില വരും. ആര്‍ട്ടിഫിഷ്യല്‍ സ്റ്റോണായതിനാല്‍ ഇഷ്ടനിറങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. ഗ്ളാസ് ഫിനിഷാണെങ്കിലും പോറല്‍ വീഴാം. വില കുറഞ്ഞവ കറപിടിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പിന്‍െറ കാര്യത്തിലും ഉറപ്പ് പറയാനാവില്ല. കൗണ്ടര്‍ ടോപ്പിന് ഉപയോഗിക്കുന്ന മറ്റൊരു കൃത്രിമ കല്ലാണ് ടെക്നി സ്റ്റോണ്‍. ഇറ്റാലിയന്‍ മാതൃകയിലുള്ള അടുക്കള രൂപകല്‍പനയിലാണ് ഇവയുടെ ഭംഗി ആസ്വദിക്കാനാവുക.
Show Full Article
TAGS:
Next Story