ഇൻജുറി ടൈമിൽ പറങ്കിക്കോട്ട തകർത്ത് മെറീനോ; പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ
text_fieldsഡാളസ്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ യൂറോപ്യൻ പോരാട്ടത്തിൽ പോർച്ചുഗലിന്റെ ഹൃദയം തകർത്ത് സ്പെയിൻ. നിശ്ചിത സമയം അവസാനിച്ചതിന് ശേഷം ഇൻജുറി ടൈമിൽ (90+1 മിനിറ്റ്) മൈക്കൾ മെറീനോ നേടിയ നാടകീയമായ ഗോളിലാണ് സ്പെയിൻ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഇരു ടീമുകളിലെയും ഗോൾകീപ്പർമാരായ ഉനായ് സിമോണും ഡിയോഗോ കോസ്റ്റയും അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെങ്കിലും, അവസാന നിമിഷത്തെ സ്പാനിഷ് മുന്നേറ്റത്തിന് മുന്നിൽ പോർച്ചുഗൽ പ്രതിരോധം കീഴടങ്ങുകയായിരുന്നു. ഇതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കൂടിയാണ് ഡാളസിൽ തിരശ്ശീല വീണത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആവേശകരമായ ഫുട്ബാളാണ് ഇരുടീമുകളും കെട്ടഴിച്ചുവിട്ടത്. എട്ടാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ മിക്കേൽ ഒയർസബാലിന് ലഭിച്ച സുവർണാവസരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയത് സ്പെയിനിന് ആദ്യ നിരാശയായി. ഡാനി ഓൽമോയുടെ മികച്ചൊരു ത്രൂ പാസിൽ നിന്നായിരുന്നു ഈ നീക്കം. തൊട്ടുപിന്നാലെ പന്ത്രണ്ടാം മിനിറ്റിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു മികച്ച ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ തടുത്തിട്ടു. പതിനാറാം മിനിറ്റിലാണ് പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയുടെ വിശ്വരൂപം ഡാളസ് കണ്ടത്. ലമീൻ യമാൽ ബോക്സിന്റെ വലതുഭാഗത്തുനിന്ന് തൊടുത്ത കട്ടിങ് ഷോട്ടും, അത് തട്ടിത്തെറിച്ചുവന്നപ്പോൾ അലക്സ് ബെയ്ന എടുത്ത റീബൗണ്ട് ഷോട്ടും തുടർച്ചയായി തടുത്തിട്ട് കോസ്റ്റ പോർച്ചുഗലിന്റെ രക്ഷകനായി.
മധ്യനിരയിൽ സ്പാനിഷ് താരങ്ങൾ കളംനിറഞ്ഞു കളിച്ചപ്പോൾ, കൗണ്ടർ അറ്റാക്കുകളിലൂടെ സ്പാനിഷ് പ്രതിരോധത്തെ കീറിമുറിക്കാനാണ് പോർച്ചുഗൽ ശ്രമിച്ചത്. നാല്പത്തിയൊന്നാം മിനിറ്റിൽ പോർച്ചുഗലിന് നിർഭാഗ്യം വില്ലനായി. നുനോ മെൻഡസ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത അതിമനോഹരമായ ഇടങ്കാലൻ ഷോട്ട് പെഡ്രോ പോറോയുടെ തലയിൽ തട്ടി ദിശമാറി ക്രോസ്സ് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ഇരുടീമുകൾക്കും ലക്ഷ്യം കാണാൻ കഴിയാതിരുന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയാണ് ഇരു പരിശീലകരും ടീമിനെ ഇറക്കിയത്. എന്നാൽ അമ്പത്തിനാലാം മിനിറ്റിൽ പരിക്കേറ്റ് പ്രതിരോധ താരം നുനോ മെൻഡസിന് കളം വിടേണ്ടി വന്നത് പോർച്ചുഗലിന് കനത്ത തിരിച്ചടിയായി. പകരക്കാരനായി നെൽസൺ സെമഡോ കളത്തിലെത്തി. മത്സരത്തിന്റെ അവസാന മുപ്പത് മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചു. സ്പാനിഷ് മുന്നേറ്റങ്ങളെ തടയാൻ പോർച്ചുഗലും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ബ്രൂണോ ഫെർണാണ്ടസിന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ സ്പെയിനും പണിപ്പെട്ടു. കളി അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂവൻ്റെയുടെ പകരക്കാർ കളി മാറ്റിയെഴുതിയത്.
തൊണ്ണൂറാം മിനിറ്റും പിന്നിട്ട് ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിലേക്ക് കടന്നപ്പോൾ ലഭിച്ച ഒരു ഫ്രീക്കിക്ക് അതിവേഗം എടുത്തുകൊണ്ട് സ്പെയിൻ ആക്രമണം അഴിച്ചുവിട്ടു. ബോക്സിന് പുറത്തുനിന്ന് ഫെറാൻ ടോറസ് നൽകിയ കൃത്യതയാർന്ന ഒരു ത്രൂ പാസ് ഓഫ്സൈഡ് കെണി പൊട്ടിച്ച് ഓടിക്കയറിയ മിക്കെൽ മെറീനോയുടെ കാലുകളിലേക്കാണ് എത്തിയത്. മുന്നോട്ട് കയറിവന്ന പോർച്ചുഗീസ് ഗോളി ഡിയോഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി മെറീനോ പന്ത് വലയിലാക്കിയപ്പോൾ സ്റ്റേഡിയം ഒന്നാകെ ഇളകിമറിഞ്ഞു. തിരിച്ചടിക്കാൻ പോർച്ചുഗലിന് സമയമുണ്ടായിരുന്നില്ല. റൊണാൾഡോയെയും സംഘത്തെയും കണ്ണീരിലാഴ്ത്തി സ്പെയിൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

