ഭക്ഷ്യ സുരക്ഷയിൽ സമയമെടുക്കുന്നതെന്തിന്? എഫ്.എസ്.എസ്.എ.ഐയെ വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭക്ഷ്യോൽപന്ന പാക്കേജുകളുടെ മുൻഭാഗത്ത് പോഷക ചേരുവകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) കൂടുതൽ സമയം ആവശ്യപ്പെടുന്നതിനെ വിമർശിച്ച് സുപ്രീംകോടതി.
ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇങ്ങനെ സമയം പാഴാക്കുന്നത് എന്തിനാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. ചട്ടങ്ങൾക്ക് അന്തിമരൂപം നൽകി പരസ്യപ്പെടുത്താൻ നാല് മാസമെങ്കിലും വേണമെന്നാണ് അതോറിറ്റി ബോധിപ്പിച്ചത്. 2022ൽ ആരംഭിച്ചിട്ട് ഇക്കാര്യത്തിൽ കഴിഞ്ഞ നാലുവർഷം എന്ത് ചെയ്തെന്നും കോടതി ചോദിച്ചു.
ഇതുവരെ ചെയ്തതൊക്കെ നല്ല കാര്യമാണെന്നും അതോറിറ്റി എടുക്കുന്ന ഉദ്യമങ്ങളിൽ മതിപ്പുണ്ടെന്നും എന്നാൽ, നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യം അർഥവത്തായി നടപ്പിൽ വരുത്താൻ ഇനിയും വളരെ ചെയ്യാനുണ്ടെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മക്കായാണ് ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും ഉത്തരവുകൾ അതിന്റേതായ അർഥത്തിൽ അതോറിറ്റി എടുക്കണമെന്നും കോടതി ഓർമിപ്പിച്ചു. പോഷക റേറ്റിങ്ങിന്റെ സ്റ്റാർ റേറ്റിങ് സംവിധാനമാണ് 2022ൽ ആരംഭിച്ചതെന്നും അത് തികച്ചും വ്യത്യസ്തമാണെന്നും അതോറിറ്റി അറിയിച്ചു. പഞ്ചസാരയും ഉപ്പും കൊഴുപ്പും പരിധിവിട്ട് അടങ്ങിയിട്ടുള്ള ഭക്ഷ്യോൽപന്നങ്ങളുടെ പാക്കേജുകളിൽ ചുവന്ന നിറത്തിൽ മുന്നറിയിപ്പ് ലേബൽ പ്രസിദ്ധപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നിർദേശം. അത് പാക്കറ്റിന്റെ മുൻഭാഗത്ത് ചതുരാകൃതിയിൽ വെക്കും. അതിനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്.
ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ ക്ഷണിച്ച് കരട് ചട്ടങ്ങൾ 60 ദിവസത്തേക്ക് പ്രസിദ്ധപ്പെടുത്തും. ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത ശേഷം ഭക്ഷ്യോൽപന്ന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്വമേധയാ അത് നടപ്പിൽവരുത്താൻ 365 ദിവസത്തെ കാലയളവ് അനുവദിക്കണമെന്നാണ് അതോറിറ്റി മുന്നോട്ടുവെച്ച നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

