ലോകത്തിന്റെ 'ഇഡ്ഡലി തലസ്ഥാനം' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
text_fieldsദക്ഷിണേന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇഡ്ഡലിയായിരിക്കും. മൃദുവും രുചികരവും ഹൃദ്യവുമായ ഇഡ്ഡലി പലരുടെയും നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകമായി മാറി കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ഇത് ഒരു പ്രഭാതഭക്ഷണമാണെങ്കിലും പല ഭക്ഷണപ്രേമികളും ഒരു ക്വിക്ക് ടിഫിനായോ രാത്രിയിലെ ലഘുഭക്ഷണമായോ ജോലിക്ക് പോകുംവഴി കഴിക്കാനോ ഒക്കെ ഇഡ്ഡലി തെരഞ്ഞെടുക്കാറുണ്ട്. തയാറാക്കാനുള്ള എളുപ്പവും വേഗവും കാരണം ഇന്ന് ഇന്ത്യയിൽ എവിടെയും ഇഡ്ഡലി ലഭിക്കും. എങ്കിലും ഈ രുചിയോടും പാരമ്പര്യത്തോടും ഏറ്റവും കൂടുതൽ ചേർന്നുനിൽക്കുന്ന ഒരു ഇന്ത്യൻ നഗരം ലോകത്തിന്റെ 'ഇഡ്ഡലി തലസ്ഥാനം' എന്ന പദവി സ്വന്തമാക്കിയിട്ടുണ്ട്.
നഗരത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ ഇഡ്ഡലി വഹിക്കുന്ന പ്രത്യേക സ്ഥാനം കാരണമാണ് ചെന്നൈയെ ലോകത്തിന്റെ 'ഇഡ്ഡലി തലസ്ഥാനം' എന്ന് വിളിക്കുന്നത്. 'ഇൻക്രഡിബിൾ ഇന്ത്യ' പോർട്ടലിലും ചെന്നൈയുടെ തനത് ഭക്ഷണങ്ങളുടെ പട്ടികയിൽ ഇഡ്ഡലി ഇടംനേടിയിട്ടുണ്ട്. പ്രഭാതഭക്ഷണമായി മാത്രമല്ല ലഘുഭക്ഷണമായും രാത്രി ഭക്ഷണമായും ആളുകൾ ഇത് കഴിക്കാറുണ്ട്. ചെന്നൈയിലെ റെസ്റ്റോറന്റുകളിലും പ്രാദേശിക കടകളിലും ഇഡ്ഡലി വളരെ സാധാരണമായ ഒരു കാഴ്ചയാണ്. അരിയും ഉഴുന്നും ചേർത്തരച്ച് പുളിപ്പിച്ച മാവ് മൃദുവാകുന്നത് വരെ ആവിയിൽ വേവിച്ചാണ് ഇത് തയാറാക്കുന്നത്. സാധാരണയായി സാമ്പാറിനും തേങ്ങാ ചഡ്നിക്കുമൊപ്പമാണ് ഇത് വിളമ്പുന്നതെങ്കിലും സ്ഥലത്തിനനുസരിച്ച് വിളമ്പുന്ന കറികളിൽ മാറ്റങ്ങൾ വരാം.
ചെന്നൈയുമായുള്ള ഇഡ്ഡലിയുടെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലമുറകളായി ഇഡ്ഡലി, ദോശ, വട എന്നിവ നഗരത്തിലെമ്പാടുമുള്ള മെനുവുകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്. റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ ഉഡുപ്പി ഹോട്ടലുകളാണ് ഇത്തരം വിഭവങ്ങൾ നഗരങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചത്. ഇത് ഇഡ്ഡലിയെ ഒരു റെസ്റ്റോറന്റ് വിഭവമാക്കി മാറ്റാൻ കാരണമായി. ഇഡ്ഡലി ഇത്രയധികം ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളിൽ ഇതും ഒന്നാണ്. ഇത് വളരെ വേഗത്തിൽ വയറു നിറക്കുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു ഭക്ഷണമാണ്. ഇന്നും സാമ്പാറും ചട്‌നിയുമൊത്ത് വിളമ്പുന്ന ഒരു പ്ലേറ്റ് ഇഡ്ഡലി ചെന്നൈയിലെ പലരുടെയും ഒന്നാം നമ്പർ ചോയ്സ് ആണ്.
ക്ലാസിക് വെള്ള ഇഡ്ഡലിക്ക് പുറമെ ചെന്നൈയിൽ നിരവധിതരം ഇഡ്ഡലികളും ലഭ്യമാണ്. പൊടി ഇഡ്ഡലി, സ്റ്റഫ്ഡ് ഇഡ്ഡലി തുടങ്ങി നിരവധി വൈവിധ്യങ്ങൾ ഇവിടെയുണ്ട്. ഇഡ്ഡലിയോടുള്ള നഗരത്തിന്റെ സ്നേഹം പല വിചിത്രമായ പരീക്ഷണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 2015-ൽ ചെന്നൈയിലെ ഒരു കച്ചവടക്കാരൻ 1000-ത്തോളം വ്യത്യസ്ത തരത്തിലുള്ള ഇഡ്ഡലികൾ നിർമിച്ചിരുന്നു. അവയിൽ ചിലത് മൃഗങ്ങളുടെയും നമ്പറുകളുടെയും മറ്റ് വസ്തുക്കളുടെയും രൂപലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പഴയകാല ടിഫിൻ സെന്ററുകൾ മുതൽ പുതിയ റെസ്റ്റോറന്റുകൾ വരെ ചെന്നൈയിലെ എല്ലാ മെനുവിലും ഇത് ലഭ്യമാണ്. ചിലയിടങ്ങൾ പരമ്പരാഗതമായ രുചിക്കൂട്ടുകളിൽ ഉറച്ചുനിൽക്കുമ്പോൾ, മറ്റു ചിലർ സ്വന്തം പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇഡ്ഡലി ഒരിക്കലും ചെന്നൈക്കാരുടെ പ്രിയം നഷ്ടപ്പെടാത്ത ഒരു ഭക്ഷണമായി എക്കാലവും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

