തക്കാളിച്ചെടികള്‍ വിസ്മയം തീര്‍ക്കുന്ന വിദ്യാലയം
text_fieldsമഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷര പ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കി മനുഷ്യര്‍ മരുഭൂമിയിലേക്കൊഴുകിയപ്പോള്‍ അവിടെ പുതിയ പല നിര്‍മ്മിതികളും ഉയര്‍ന്ന് വന്നു. അങ്ങിനെ മരുഭൂമിയുടെ പല ഭാഗങ്ങളും ജനനിബിഡമായി. അവിടങ്ങളിലേക് എത്തിച്ചേരുന്ന മനുഷ്യര്‍ തങ്ങളുടെ അഭിരുചിക്കനുസൃതമായി പുതിയ പല പരീക്ഷണങ്ങളും മരുഭൂമിയില്‍ നടത്തി. ഇതിന്‍റെ ഭാഗമായി ഈ ഊഷര ഭൂമിയില്‍ പച്ചപ്പിന്‍റെ തിരിനാളങ്ങള്‍ ഇന്ന് മണല്‍കാട്ടില്‍ ഏറെ ദൃശ്യമാണ്.
ഇതിന്‍റെ നേരുദാഹരമാണ് അജ്മാൻ ഹാബാറ്റാറ്റ് സ്കൂളിലെ കാഴ്ചകൾ. വിജ്ഞാനം തളിര്‍ക്കുന്ന വിദ്യാലയത്തില്‍ വിളകള്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ച്ച കാണാൻ ഇവിടെയെത്തിയാൽ മതി. സ്കൂളില്‍ തളിര്‍ത്ത് നില്‍ക്കുന്ന തക്കാളികള്‍ ആരെയും വിസ്മയിപ്പിക്കും. മരുഭൂമിയില്‍ വേനല്‍കാലം വിരുന്ന് വന്നെങ്കിലും ഗ്രീന്‍ ഹൗസില്‍ വളരുന്ന ഈ തക്കാളിത്തോട്ടം മനോഹരമായ വിളവാണ് നല്‍കുന്നത്. ജൈവ വളങ്ങള്‍ മാത്രം നല്‍കി പരിചരിക്കുന്ന ഈ തോട്ടത്തിലെ വിളകള്‍ക്ക് ഔഷധ ഗുണവും ഏറെയാണ്. രണ്ടര മാസം മുൻപ് വിത്ത് നട്ടു വളര്‍ത്തിയതാണ് ഈ ചെടികള്‍.
ഈ തോട്ടത്തിലെ ചെടികള്‍ക്ക് ഏകദേശം പത്തടിയോളം വലിപ്പം വരുന്നുണ്ട്. ജൈവ വളവും നല്ല പരിചരണവും ഈ തോട്ടത്തില്‍ മികച്ച വിള നല്‍കി. ഓരോ ചെടിയിലും കൗതുകകരമായ കാഴ്ചയൊരുക്കി നിറയെ തക്കാളിക്കുലകള്‍. ഓരോ കുലയിലും ഏകദേശം 250 ഗ്രാം തൂക്കം വരുന്ന തക്കാളികള്‍ ഏറെയുണ്ട്. ഇത്രയും വലിയ തക്കാളികള്‍ കായ്ച്ച് നില്‍ക്കുന്നത് കാണുന്നത് തന്നെ വിരളമായിരിക്കും. ചുവന്നു തുടുത്ത് പഴുത്തു നില്‍ക്കുന്ന തക്കാളികള്‍ കാണാന്‍ നയന മനോഹരവും കഴിക്കാന്‍ ഏറെ രുചികരമാണ്.
അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കുന്ന സമൃദമായ വിളകള്‍ മനസ്സിനും കണ്ണിനും കുളിരാണ് പകര്‍ന്നു നല്‍കുന്നത്. അറിവ് തേടിയെത്തുന്ന കുരുന്നുകള്‍ക്ക് പാഠപുസ്തകത്തിനപ്പുറത്തെ അറിവ് കൂടി നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്കൂള്‍ അധികൃതര്‍ ഈ സൗകര്യം ഒരുക്കുന്നത്. ജൈവ വളം ഉപയോഗിച്ച് വിഷമില്ലാത്ത വിളകള്‍ എങ്ങിനെ കൃഷി ചെയ്യാം എന്നതിന്‍റെ ഏറ്റവും മികച്ച പാഠം ഇവിടെ നിന്ന് കണ്ടു പഠിക്കാം.
വ്യത്യസ്ഥ രാജ്യക്കാരായ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ പലര്‍ക്കും ഇത് വിസ്മയക്കാഴ്ച്ചയാണ്. കാലാനുസൃതമായി വിവിധയിനം കാർഷികയിനങ്ങള്‍ ഇവിടെ വിളയിപ്പിക്കുന്നുണ്ട്. പാകമാകുമ്പോള്‍ കുട്ടികള്‍ തന്നെയാണ് വിളവെടുക്കുന്നത്. ഈ വിളകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇവ ആവശ്യക്കാര്‍ക്ക് നല്‍കി ലഭിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് പതിവ്. ഒരു കുടുംബത്തിന് ആവശ്യമായ തക്കാളി നമ്മുടെ ബാല്‍ക്കണിയില്‍ തന്നെ വിളയിച്ചെടുക്കാം എന്ന് ഈ ചുരുങ്ങിയ സ്ഥലത്തെ വന്‍ വിളവ് തോട്ടം നമ്മെ പഠിപ്പിക്കുന്നു.