ഈത്തപ്പഴ വിളവെടുപ്പ് തിരക്കിലലിഞ്ഞ്...
text_fieldsഈത്തപ്പഴ വിളവെടുപ്പിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
മസ്കത്ത്: രാജ്യത്തെ പ്രധാന കാർഷിക വിളയായ ഈത്തപ്പഴത്തിന്‍റെ വിളവെടുപ്പ് തിരക്കിലലിഞ്ഞ് സ്വദേശികൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ കർഷക കുടുംബത്തിലെ എല്ലാ അംഗങ്ങളും വിളവെടുപ്പിന്‍റെ ഭാഗമാകുന്നുണ്ട്. നാടോടിപ്പാട്ടുകൾ പാടിയും ഉല്ലസിച്ചും കുടുംബത്തിലെ എല്ലാവരും സഹകരിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഈ വർഷം ഇടക്കിടെ പെയ്ത മഴ ഉൽപാദനം വർധിക്കാൻ കാരണമായിട്ടുണ്ട്. ഒമാനി ജീവിതരീതിയുടെ പ്രധാന ഭാഗമാണ് ഇൗത്തപ്പഴം. വർഷത്തിലെ എല്ലാ ദിവസങ്ങളിലും ഒമാനി വീടുകളിൽ ഈത്തപ്പഴം ഉണ്ടാവും. പല രീതിയിലാണ് അവ വീടുകളിൽ സൂക്ഷിച്ചുവെക്കുന്നത്. കുരു ഒഴിവാക്കി ജീരകം അടക്കമുള്ള നിരവധി ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഇൗത്തപ്പഴവും ഒമാനി വീടുകളിലുണ്ടാവും.
ഇത്തപ്പഴത്തോടൊപ്പം കഹ്വയും നൽകിയാണ് ഒമാനികൾ അതിഥികളെ സ്വീകരിക്കുന്നത്. ഇൗത്തപ്പഴമില്ലാതെ ഒരു സൽക്കാരവും ഒമാനി വീടുകളിൽ നടക്കാറില്ല. ഈത്തപ്പനയിൽ കയറി അരിവാൾ പോലെയുള്ള മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കുലകൾ വെട്ടുന്നതാണ് വിളവെടുപ്പിന്‍റെ ഒന്നാം ഘട്ടം. ഇവ കയറുകളും മറ്റും ഉപയോഗിച്ചാണ് താഴെ ഇറക്കുന്നത്. ഇങ്ങനെ വീട്ടിലെത്തിക്കുന്ന ഈത്തപ്പഴം വൃത്തിയാക്കിയും കഴുകിയും കേടുവന്നവ നീക്കിയും ഉണങ്ങാനിടുന്നു.
അതിനായി പ്രത്യേക പായയും കുട്ടയുമൊക്കെ ഒമാനി കർഷക വീടുകളിലുണ്ടാവും. അൽ തബ്സീൽ, അൽ ജിദാദ് എന്നിങ്ങനെ രണ്ടു രീതിയിലാണ് വിളവെടുപ്പ് രീതികൾ. ഈത്തപ്പനകളിൽനിന്ന് പറിച്ചെടുക്കുന്ന പഴങ്ങൾ പാകം ചെയ്യാനായി തയാറാക്കിയ തർകിബ എന്നപേരിൽ അറിയപ്പെടുന്ന പാചകപ്പുരയിൽ എത്തിക്കും. മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പിൽ വൻ പാത്രങ്ങൾ വെച്ച് വേവിക്കുന്ന രീതിയാണിത്.
വിളവെടുത്ത ഈത്തപ്പഴം സംസ്കരിക്കുന്നു
വിറക് ഉപയോഗിച്ച് അര മണിക്കൂറോളം തിളപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇങ്ങനെ വേവിച്ച ഈത്തപ്പഴം തുറന്ന സ്ഥലത്തിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നു. നാലും അഞ്ചും ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷമാണ് ഇവ പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നതും കയറ്റി അയക്കുന്നതും.
അൽ ജിദാദ് എന്ന രീതിയാണ് മിക്ക ഇടങ്ങളിലും നിലവിലുള്ളത്. ഇത് വിവിധ ഘട്ടങ്ങളായി ചെയ്യുന്നതാണ്. പനയിൽനിന്ന് ഇൗത്തപ്പഴം വെട്ടിയെടുത്തശേഷം രണ്ടോ മൂന്നോ ദിവസം വെയിലത്ത് ഉണങ്ങാനിടുന്നു. ഇതോടെ കുലയിൽനിന്ന് ഇൗത്തപ്പഴം വേറിടും. പിന്നീട് കൊളുന്തുകളും മറ്റും നീക്കി ഈത്തപ്പഴം വൃത്തിയാക്കും. വീണ്ടും ദിവസങ്ങളോളം വെയിലത്ത് ഉണക്കും ഇത് പൂർത്തിയാവാൻ രണ്ടാഴ്ചയെങ്കിലും എടുക്കും.
ഒമാനിൽ 250ലധികം ഇനം ഇൗത്തപ്പഴങ്ങളുണ്ട്. ഖലാസ്, കുനൈസി, ഫർഗ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. അബൂ ദുഹൈൻ എന്നത് ഏറെ വ്യതിരിക്തമായ ഇൗത്തപ്പഴമാണ്. ഇതിന് മറ്റ് ഇൗത്തപ്പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അംശം കുറവായതിനാൽ മധുരവും കുറവാണ്. വടക്കൻ മേഖലയിലെ പ്രധാന വിപണന കേന്ദ്രമാണ് ഫഞ്ച സൂഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

