ലോകത്തെ മികച്ച 100 റെസ്റ്റാറന്‍റുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടം നേടിയത് ഏഴെണ്ണം
text_fieldsപാചക കലയിൽ പൗരാണിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പുരാണങ്ങളിൽ മുതൽ പരാമർശിച്ചുവരുന്ന ഇന്ത്യയുടെ പാചക കല പലകാലങ്ങളിലായി പലവിധ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. വിദേശത്തുനിന്ന് ഉൾപ്പെടെ ഇവിടുത്തെ രുചിഭേദങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. ഇക്കാര്യത്തിൽ നമ്മൾ മലയാളികളും മുൻപന്തിയിലാണ്. ഇതിനിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്.
വിയന്നയിലെ ഫിഗൽമ്യൂലർ ഒന്നാമതെത്തിയ പട്ടികയിൽ ഏഴ് ഇന്ത്യൻ റെസ്റ്റാറന്‍റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് മറ്റൊരു സവിശേഷത. കോഴിക്കോട്ടെ പാരഗൺ റെസ്റ്റാറന്‍റ് പട്ടികയിൽ അഞ്ചാമതാണ്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകൾ. ഡൽഹിയിലെ കരിം ഹോട്ടൽ (59), ബംഗളൂരുവിലെ സെൻട്രൽ ടിഫിൻ റൂം (69), ഡൽഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകൾ.
ഭക്ഷണ വിഭവങ്ങൾക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 1939ൽ സ്ഥാപിച്ച പാരഗൺ റസ്റ്റാറന്‍റിലെ ബിരിയാണിയാണ് ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവം. ഇതിനു പുറമെ സീഫൂഡുകൾക്കും മലബാർ വിഭവങ്ങൾക്കും പ്രസിദ്ധമാണ് പാരഗൺ.
നേരത്തെ ടേസ്റ്റ് അറ്റ്ലസിന്‍റെ ലോകത്തെ മികച്ച പത്ത് ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ചിക്കൻ 65 ഇടംനേടിയിരുന്നു. ആഗോള പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിക്കൻ 65 ഉള്ളത്. 2023 ആഗസ്റ്റിൽ പത്താമതായിരുന്നു ചിക്കൻ 65ന്‍റെ സ്ഥാനം. ഇത്തവണത്തെ പട്ടികയിൽ ഇടം നേടിയവയിൽ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്. ദക്ഷിണ കൊറിയയിൽനിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്. ജപ്പാനിൽനിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി. ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ’, ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് വിഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.