ബുള്ളറ്റ് വേണോ; ഈ നോൺവെജ് താലി ഒരു മണിക്കൂറിനുള്ളിൽ കഴിച്ചുതീർത്താൽ മതി
text_fieldsഒരു മണിക്കൂറിനുള്ളിൽ ഭീമൻ നോൺവെജ് താലി കഴിച്ചുതീർത്ത് ബുള്ളറ്റ് സ്വന്തമാക്കിയ സോമനാഥ് പവാർ
ബുള്ളറ്റ് വാങ്ങാൻ കാശില്ലാതെ വിഷമിക്കുകയാണോ. എങ്കിൽ നേരെ പൂനെക്ക് വണ്ടി കയറിക്കോളൂ. അവിടെ ഒരു റസ്റ്റോറന്റിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ട്. അവിടുത്തെ നാല് കിലോ നോൺ വെജ് താലി 60 മിനിറ്റിനുള്ളിൽ കഴിച്ചുതീർത്താൽ ബുള്ളറ്റാണ് സമ്മാനമായി ലഭിക്കുന്നത്.
പൂനെ നഗരപ്രാന്തത്തിൽ വഡ്ഗാവ് മാവൽ പ്രദേശത്തുള്ള ശിവ്രാജ് ഹോട്ടലിലാണ് ഈ മത്സരം നടക്കുന്നത്. 2500 രൂപ വിലയുള്ള ബുള്ളറ്റ് താലി ഒരു മണിക്കൂറിനുള്ളിൽ കഴിച്ചുതീർത്താൽ 1.65 ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റാണ് സമ്മാനമായി നൽകുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കച്ചവടം കുറവായ സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ഈ വേറിട്ട മത്സരം ഏർപ്പെടുത്തിയതെന്ന് ഉടമ അതുൽ വാൾക്കർ പറയുന്നു.
ഇതിനായി അഞ്ച് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകളാണ് അതുൽ വാങ്ങിയത്. ഇവ ഹോട്ടലിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബുള്ളറ്റ് താലിയുടെ മെനുവും മത്സരത്തിന്‍റെ പ്രത്യേകതകളുമെല്ലാം ആകർഷകമായ വിധത്തിൽ ഇതോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്നു. ഇതുവരെ ഒരാൾ മാത്രമാണ് മത്സരത്തിൽ വിജയിച്ച് ബുള്ളറ്റ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ സോളാപുർ ജില്ലക്കാരനായ സോമനാഥ് പവാർ.
മട്ടൻ, ചിക്കൻ, മീൻ എന്നിവ കൊണ്ടുള്ള നാല് കിലോ വിഭവങ്ങളാണ് ബുള്ളറ്റ് താലിയിലുള്ളത്. ഫ്രൈഡ് സുർമയ്, പോംഫ്രെറ്റ് ഫ്രൈഡ് ഫിഷ്, ചിക്കൻ തന്തൂരി, ഡ്രൈ മട്ടൻ, ഗ്രേ മട്ടൻ, ചിക്കൻ മസാല, കൊഞ്ച് ബിരിയാണി തുടങ്ങിയ വിഭവങ്ങളാണ് താലിയിലുള്ളത്. 55 പാചകക്കാർ ചേർന്നാണ് വിഭവങ്ങൾ തയാറാക്കുന്നത്.
മത്സരത്തോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം മികച്ചതായിരുന്നെന്ന് അതുൽ പറയുന്നു. ദിവസം 65ലേറെ താലികളാണ് വിറ്റുപോകുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മത്സരം നടത്തുന്നതെന്നും അതുൽ വ്യക്തമാക്കി. ബുള്ളറ്റ് താലി കൂടാതെ അഞ്ച് ഭീമൻ താലികൾ കൂടി ശിവ്രാജ് ഹോട്ടലിൽ ലഭ്യമാണ്. അവയുടെ പേരും വളരെ കൗതുകകരമാണ്. സ്പെഷൽ രാവൺ താലി, മൽവാനി ഫിഷ് താലി, ഫയൽവാൻ മട്ടൻ താലി, ബകാസുർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി എന്നിവയാണത്.
എട്ട് വർഷം മുമ്പാണ് അതുൽ ശിവ്രാജ് ഹോട്ടൽ ആരംഭിക്കുന്നത്. ഇതിന് മുമ്പും ഇവിടെ രസകരമായ മത്സരങ്ങൾ നടന്നിട്ടുണ്ട്. എട്ട് കിലോയുള്ള രാവൺ താലി നാലുപേർ ചേർന്ന് ഒരു മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കുകയെന്ന മത്സരമാണ് ഇതിന് മുമ്പ് നടന്നതിൽ പ്രധാനം. അയ്യായിരം രൂപയാണ് അന്ന് വിജയികൾക്ക് നൽകിയത്. മാത്രമല്ല, താലിയുടെ വില ഈടാക്കിയിരുന്നുമില്ല. അപ്പോൾ എങ്ങിനെയാ, പൂനെക്ക് വണ്ടി വിടുകയല്ലേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

