ഭക്ഷ്യമേളയില്‍ പൊറോട്ടയടിച്ച് എം.എല്‍.എ
text_fieldsകളര്‍കോട് സാന്ത്വനം ജീവകാരുണ്യ സംഘടന സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ പൊറോട്ടയടിക്കുന്ന എച്ച്. സലാം എം.എല്‍.എ
അമ്പലപ്പുഴ: കിടപ്പിലായ യുവാവിന് കിടപ്പാടം പൂര്‍ത്തിയാക്കാനുള്ള ധനസമാഹരണത്തിന് സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ പൊറോട്ടയടിച്ച് എച്ച്. സലാം എം.എല്‍.എ. കളർകോട് ഗുരുമന്ദിരം വാർഡിലെ ഒരുപറ്റം യുവജനങ്ങളുടെ കൂട്ടായ്മയായ സാന്ത്വനമാണ് മൂന്നുവർഷമായി രോഗശയ്യയിലായ വാണിയപുരക്കൽ വീട്ടിൽ രാജേഷിെൻറ (43) വീട് നിർമാണം പൂർത്തീകരിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
ചപ്പാത്തി, പൊറോട്ട, നെയ്ച്ചോറ് എന്നിവയും ചിക്കൻ, ബീഫ്, വെജിറ്റബിൾ കറികളും ആവശ്യക്കാർക്ക് യഥാസമയം പാചകം ചെയ്തുനൽകിയായിരുന്നു മേള. മേളയിൽ പങ്കെടുക്കാൻ പകൽ 2.15 ഓടെയാണ് എം.എൽ.എ എത്തിയത്.
ഭക്ഷണം വാങ്ങാനെത്തിയവരുടെ വർധിച്ച തിരക്ക് ഒഴിവാക്കാൻ എം.എൽ.എ പാചകപ്പുരയിൽ പൊറോട്ട തയാറാക്കുന്നവർക്ക് സഹായവുമായി കൂടി. കുഴച്ച് ഉരുളകളാക്കിവെച്ച മൈദമാവ് മേശപ്പുറത്ത് എം.എല്‍.എ വീശിയെടുക്കുന്നത് മൊബൈലില്‍ പകര്‍ത്താൻ പലരും ചുറ്റുംകൂടി.

