ഇത് സ്വപ്നയുടെ അടുക്കളരുചി ഹിറ്റായ കഥ
text_fieldsമൈലപ്രയിലെ ഡ്രീംസ് ഫുഡ്
പത്തനംതിട്ട: കൈപ്പുണ്യം സ്വന്തം അടുക്കളയിൽ മാത്രം ഒതുങ്ങാനുള്ളതല്ലെന്നും അത് മറ്റുള്ളവർക്കും രുചിച്ചറിയാനുള്ളതാണെന്നും തെളിയിച്ചിരിക്കയാണ് മൈലപ്ര സ്വദേശിനി സ്വപ്ന. വീട്ടിലെ അടുക്കളയില്‍ മായം ചേര്‍ക്കാത്ത പലഹാരങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി പതുക്കെ സംസ്ഥാനത്തെ മികച്ച വനിത സംരംഭകരില്‍ ഒരാളായി മാറിയ കഥയാണ് മൈലപ്ര സ്വദേശി സ്വപ്ന പി. തോമസിന് പറയാനുള്ളത്.
മൈലപ്ര ചിറത്തലയ്ക്കൽ വീടിനു സമീപത്തെ ചെറിയ ഷെഡില്‍ ഒറ്റക്ക് ആരംഭിച്ച നിര്‍മാണ യൂനിറ്റ് ഇപ്പോള്‍ 13 പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. മൈലപ്രയിൽ സ്വപ്നയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ്രീംസ് ഫുഡ് പ്രൊഡക്ട്സ് ഇന്ന് പത്തനംതിട്ട ജില്ലയിലെ വിവിധ ബേക്കറികളിലും ഹോട്ടലുകളിലും വിവിധ എണ്ണ പലഹാരങ്ങളടക്കം 28ഓളം ഐറ്റങ്ങൾ വിതരണം ചെയ്യുന്നു.
2020ലാണ് യൂനിറ്റായി തുടങ്ങിയത്. അതിന് മുമ്പ് വീടിനോട് ചേർന്ന ഷെഡിലായിരുന്നു പ്രവർത്തനം. ആദ്യം മാവുണ്ട, ഉണ്ണിയപ്പം, കുഴലപ്പം, ചമ്മന്തി എന്നി നാല് ഐറ്റങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ വിതരണത്തിനിടയിൽ കൂടുതൽ ഉൽപന്നങ്ങൾ വേണമെന്ന ആവശ്യം ഉയർന്നതോടെ പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു. കുടുംബശ്രീയുടെ അഞ്ച് ലക്ഷം രൂപ ഗ്രൂപ ലോൺ എടുത്താണ് യൂനിറ്റ് തുടങ്ങിയത്.
കൂടാതെ വ്യാവസായിക വകുപ്പിന്റെ സഹായവും ലഭിച്ചു. പാർട്ണർ പിന്മാറിയതോടെ മുഴുവൻ ഉത്തരവാദിത്തവും സ്വപ്ന ഏറ്റെടുക്കുകയായിുന്നു. വിതരണത്തിന് ഇപ്പോൾ സ്വന്തമായി മൂന്ന് വാഹനമുണ്ട്. സ്വന്തം ബോർമയിൽ തയാറാക്കുന്ന ബേക്കറി സാധനങ്ങളിൽ കൃത്രിമ പദാർഥങ്ങളോ നിറങ്ങളോ ചേർക്കാറില്ലെന്ന് സ്വപ്ന പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പോകുന്ന ധാരാളം പേർ ഇവിടെ എത്തി സാധനങ്ങൾ വാങ്ങി കൊണ്ടുപോകാറുണ്ട്.
ദൂരെ സ്ഥലങ്ങളിൽനിന്നും ആളുകൾ സാധനങ്ങൾ വാങ്ങാൻ എത്താറുണ്ട്. ഇപ്പോൾ പഞ്ചായത്ത് പടിയിൽ ഒരു ഔട്ട്ലറ്റും തുടങ്ങിയിട്ടുണ്ട്. സപ്ലൈകോ, ത്രിവേണി, കുടുംബശ്രീ ഓൺലൈൻ മാർക്കറ്റുകൾ വഴി ഡ്രീംസ് ഫുഡ് ഉൽപന്നങ്ങൾ ലഭിക്കും. കഴിഞ്ഞ ഓണത്തിന് സപ്ലൈകോ ഓണക്കിറ്റിലേക്ക് 25,000 പാക്കറ്റ് ശർക്കരപുരട്ടി ഇവിടെനിന്നുമാണ് വാങ്ങിയത്.
പത്തനംതിട്ട ടൗണിലെ മിക്ക കടകളിലും ബേക്കറികളിലും ഇവിടെ നിന്നുള്ള സാധനങ്ങളാണ് നൽകുന്നത്. ഇതിൽ വെട്ടുകേക്കാണ് പ്രധാനം. മികച്ച സംരംഭകർക്കുള്ള ജില്ല പുരസ്കാരം ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭർത്താവ് ഫിലിപ് സി. സാമുവൽ കോഓപറേറ്റിവ് ബാങ്ക് ജീവനക്കാരനാണ്. ആരോൺ, അൽഫോൺസ്, അലോഷി എന്നിവരാണ് മക്കൾ.