അംഗീകാര നിറവിൽ കൊടുങ്ങല്ലൂരിലെ പെൺപള്ളിക്കൂടം
text_fieldsകെ.കെ.ടി.എം ഗവ. ജി.ജി.എച്ച്.എസ്.എസിൽ നടന്ന ഫുഡ് ഫെസ്റ്റ് (ഫയൽ ചിത്രം
കൊടുങ്ങല്ലൂർ: സംസ്ഥാനതല അംഗീകാരത്തിന്റെ നിറവിൽ കൊടുങ്ങല്ലൂരിലെ പെൺപള്ളിക്കൂടം. കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ മികച്ച ഹൈസ്കൂൾ പി.ടി.എക്ക് ഏർപ്പെടുത്തിയ അവാർഡിന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി.
സംസ്ഥാന പി.ടി.എ പ്രതിനിധി സംഘം സ്കൂളിലെത്തി പ്രവർത്തന പരിപാടികളും ഭൗതികസാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തിരഞ്ഞെടുത്തത്. വിദ്യാർഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതുമായ കൂട്ടായ പ്രവർത്തനത്തിന് മാതൃക നൽകുന്ന വിദ്യാലയങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്.
നൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ മികവ് പുലർത്തുന്ന വിദ്യാലയമാണ്. കുട്ടികളിൽ പഠന മികവിനൊപ്പം മൂല്യബോധവും സാമൂഹികപ്രതിബദ്ധതയും വളർത്തിയെടുക്കുന്ന വിധത്തിലുള്ള പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും പി.ടി.എയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.
അഗതികൾക്കും വിശക്കുന്നവർക്കും ഭക്ഷണ വിതരണം, രക്ഷിതാക്കളുടെ േഡറ്റ ബാങ്ക്, ഡ്രസ് ബാങ്ക്, വ്യക്തിത്വ വികസന പരിശീലനം, പാരന്റിങ് കോഴ്സ്, സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന വിവിധങ്ങളായ ചലഞ്ചുകൾ, കുടികളുടെ കല-സാംസ്കാരിക വികാസം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പരിപാടികളും നടത്തിവരുന്നു. നവാസ് പടുവിങ്കലാണ് പി.ടി.എ പ്രസിഡന്റ്.