കഞ്ഞി മുതൽ കോവയില ഉപ്പേരി വരെ; ന്യൂജൻ കർക്കടകമേള പൊളി
text_fieldsമാനാഞ്ചിറ ബി.ഇ.എം എൽ.പി സ്കൂളിൽ നടന്ന കർക്കിടക മേളയിൽ നിന്ന്
കോഴിക്കോട്: കർക്കടകക്കാലത്തെ ഭക്ഷണരീതിയെക്കുറിച്ച് പുതുതലമുറയിലെ കുട്ടികൾക്ക് എന്തറിയാം എന്നിനി ആരും ചോദിക്കേണ്ട. അങ്ങനെ ചോദിക്കുന്നവരെ ഇവർ നേരിടുക കർക്കടകക്കഞ്ഞി മുതൽ കോവയില ഉപ്പേരി വരെയുള്ള വിഭവങ്ങളുടെ രുചിക്കൂട്ടുകളും ഗുണമേന്മയും എണ്ണിപ്പറഞ്ഞുകൊണ്ടായിരിക്കും. കര്‍ക്കടക മാസത്തിലെ ആരോഗ്യജീവിതവും ഭക്ഷണരീതിയും അടുത്തറിഞ്ഞ് മാനാഞ്ചിറ ബി.ഇ.എം എൽ.പി സ്കൂളിലെ കുരുന്നുകളാണ് കർക്കടകമേളയൊരുക്കിയത്.
കര്‍ക്കടക മാസത്തിലെ വിവിധയിനം പുഴുക്കുകൾ, കഞ്ഞികൾ, ഇലക്കറികൾ, ഉണ്ടകൾ, സൂപ്പുകൾ, വിവിധയിനം ഹൽവകൾ എന്നിവയെല്ലാമായിരുന്നു സ്‌കൂളിലൊരുക്കിയ ഭക്ഷ്യമേളയിലെ താരങ്ങൾ. ഓരോ വിദ്യാർഥിയും അവരവരുടെ വീട്ടില്‍നിന്ന് തയാറാക്കിയാണ് വ്യത്യസ്ത വിഭവങ്ങളെത്തിച്ചത്. വിവിധ ക്ലാസുകളിൽ പഠിക്കുന്ന 375 കുട്ടികളും വിഭവങ്ങളെത്തിച്ചതോടെ മേള ആഘോഷമായി. കഞ്ഞികൾ, മുതിരപ്പുഴുക്ക്, ചട്ടിപ്പത്തിരി, കൊഴുക്കട്ട, ചക്കവരട്ടി, ചെറുപയർ മധുര പുഴുക്ക്, മുതിര കപ്പ പുഴുക്ക്, അവിലുണ്ട, ഔഷധ ലഡു, വിവിധയിനം സൂപ്പുകൾ, വാഴത്തട്ടകൊണ്ടുള്ള വിവിധ വിഭവങ്ങൾ, ചക്ക ഹൽവ, കര്‍ക്കടക പാല്‍ക്കഞ്ഞി, പുതിന ചോറ്, കോവയില ഉപ്പേരി, ഇറച്ചിവിഭവങ്ങൾ തുടങ്ങിയവയെല്ലാമാണ് വിദ്യാർഥികൾ എത്തിച്ചത്. പ്രദർശനത്തിനൊടുവിൽ വിഭവങ്ങളെല്ലാം വിദ്യാർഥികൾ പരസ്പരം പങ്കുവെച്ചുകഴിക്കുകയും ചെയ്തു. മേളയിൽ പത്തിലകളും ദശപുഷ്പങ്ങളും വിവിധ സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വിവരിക്കുന്ന ചാർട്ടുകളും പ്രദർശിപ്പിച്ചു. പ്രഫ. പ്രിയ പീലിക്കോട് ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. ഹരിത ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫാ. പി.ടി. ജോർജ്, എച്ച്.എം സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

