ലഭ്യത വർധിച്ചു; ട്രഫിൾ വില കുറഞ്ഞു
text_fieldsവിൽപനക്കുവെച്ച ട്രഫിൾ
കുവൈത്ത് സിറ്റി: ലഭ്യത വർധിച്ചതിനെ തുടർന്ന് വിപണിയിൽ ട്രഫിൾ വില കുറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയണ് വില കുറയാൻ കാരണം. സീസണിന്റെ തുടക്കത്തിൽ, ഒരു കിലോ സിറിയൻ ട്രഫിളിന്റെ വില 30 മുതൽ 50 ദീനാർ വരെ ആയിരുന്നു. ഇത് ഇപ്പോൾ 10 മുതൽ 12 വരെ ദീനാറായി കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു.
സിറിയൻ ട്രഫിൾ വിപണിയിൽ കൂടുതൽ ലഭ്യമാണ്. സൗദി, ഇറാഖി ട്രഫിളുകളും വിപണിയിലുണ്ട്. ഇടത്തരം വലുപ്പമുള്ള ഇറാഖി ട്രഫിളുകളുടെ വില 9-10 ദീനാർ മുതൽ ആരംഭിക്കുന്നു. തുടക്കത്തിൽ സൗദി ട്രഫിൾ കിലോക്ക് 50, 60 ദീനാർ വരെ ആയിരുന്നു. ഇത് കുത്തനെ താഴേക്കുപോയി. അതേസമയം, വലുപ്പം, ഏതു രാജ്യത്തുനിന്നാണ് ഇറക്കുമതി ചെയ്തത് എന്നതിനെ ആശ്രയിച്ച് വിലയിൽ വ്യത്യാസം വരും. വരും ദിവസങ്ങളിൽ വിലയിൽ ഇനിയും കുറവുണ്ടാകും.
വിലകുറഞ്ഞതോടെ ട്രഫിൾസിന് ഇപ്പോൾ ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറഞ്ഞു. ഇറാനിയൻ ട്രഫിൾ ഇറക്കുമതി ചെയ്യുന്നതിനായി വിതരണക്കാർ കാത്തിരിക്കുകയാണ്. മഴക്കും ഇടിമിന്നലിനും പിറകെ മരുഭൂമിയിലും മണലിന്റെ സാന്നിധ്യം ഉള്ളിടത്തും രൂപംകൊള്ളുന്ന മലയാളികളുടെ കൂണിനോട് സാദൃശ്യമുള്ള ഭക്ഷ്യവിഭവമാണ് ട്രഫിൾ.
വെള്ള, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണുന്നു. മൂന്നുമുതൽ 40 സെ.മീറ്റർ വരെ വലുപ്പത്തിലും 20 മുതൽ 400 ഗ്രാം വരെ ഭാരത്തിലും ഉള്ളവ ഉണ്ട്. ഒരേ സ്ഥലത്ത് 10 മുതൽ 20 എണ്ണം വരെ കൂട്ടമായി ഉണ്ടാവാറുണ്ട്. ഫോസ്ഫറസ്, സോഡിയം, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ട്രഫിൾ.
അറിയപ്പെടുന്ന നാലുതരം ട്രഫിൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധവും ചെലവേറിയതും ‘അൽ സുബൈദി’ എന്നറിയപ്പെടുന്നു. മനോഹരമായ മണമുള്ളതും വെളുത്തതും വലുതും ഉയർന്ന പോഷകമൂല്യമുള്ളതുമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

