തൃശൂരിലെത്തിയാൽ ഇനി വിശന്നിരിക്കേണ്ട
text_fieldsസൗജന്യ ഭക്ഷണം ഒരുക്കുന്ന വിൻബോൺ പ്രവർത്തകർ
തൃശൂർ: തൃശൂരിലെത്തിയാൽ പണമില്ലെന്നുവെച്ച് ആരും വിശപ്പിനെ അടക്കിപ്പിടിക്കേണ്ട കാര്യമില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെയും റെയിൽവേ സ്റ്റേഷന്റെയും തൊട്ടടുത്ത് കൊക്കാലെയിൽ ആർക്കും സൗജന്യഭക്ഷണം ലഭിക്കും. വിൻബോൺ പബ്ലിക് ട്രസ്റ്റാണ് ഭക്ഷണ വിതരണത്തിന് പിന്നിൽ. പാലക്കാട് സൗജന്യ ഭക്ഷണശാല തുടങ്ങിയ ആത്മവിശ്വാസത്തിലാണ് ഇവർ തൃശൂരിലും ഭക്ഷണമൊരുക്കുന്നത്. രാവിലെ ആറുമുതൽ രാത്രി 10.30വരെയാണ് വിതരണം.
രാവിലെ ഇഡലിയോ, ഉപ്പുമാവോ, ഉച്ചക്ക് ചോറും സാമ്പാറും കറികളും രാത്രി ചപ്പാത്തിയോ കഞ്ഞിയോ ആണ് ഉണ്ടാവുക. ചൊവ്വാഴ്ച പായസത്തോടെയുള്ള ഉച്ചഭക്ഷണമായിരുന്നു. വിശപ്പുരഹിത തൃശൂരാണ് ലക്ഷ്യമെന്ന് വിൻബോണിന്റെ അമരക്കാരിലൊരാളായ കെ.എ. നിയാബുദ്ദീൻ പറഞ്ഞു. ജനകീയ സഹകരണത്തിലാണ് പദ്ധതി നടക്കുന്നത്.
തിങ്കളാഴ്ച മുതലാണ് ഭക്ഷണ വിതരണം തുടങ്ങിയത്. തിങ്കളാഴ്ച മൂന്നൂറോളം പേരും ചൊവ്വാഴ്ച അഞ്ഞൂറോളം പേരും കഴിക്കാനെത്തി. ദുബൈയിൽനിന്ന് മടങ്ങിയെത്തിയ കേച്ചേരി സ്വദേശി നിയാബുദ്ദീൻ, പറപ്പൂർ സ്വദേശി ആർ.സി. നിധിൻ എന്നിവർ 2018ൽ രൂപം കൊടുത്ത ട്രസ്റ്റാണ് വിൻബോൺ.
വെള്ളപ്പൊക്ക, കോവിഡ് സമയത്തും തൃശൂരിൽ സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നു. പ്രതിദിനം 1500 പേരെയാണ് പ്രതീക്ഷിക്കുന്നത്. ലിൻസൻ ആന്റണി, ശശിധരൻ, ഷക്കീർ, സുരേഷ്, ഇസ്ഹാഖ് എന്നിവരും കൂട്ടായ്മക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. നാല് ജീവനക്കാരെയും വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്.
എല്ലാ മെഡിക്കൽ കോളജുകളിലേക്കും കൂട്ടിരിപ്പുകാർക്കുമായി പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. ഈ മാസം അവസാനത്തോടെ ട്രസ്റ്റിന്റെ മൊബൈൽ ആപ്പും യാഥാർഥ്യമായേക്കും. ആപ് വരുന്നതോടെ ലൊക്കേഷൻ മാർക്ക് ചെയ്ത് ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കും. ഭക്ഷണ വിതരണ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള കിടപ്പ് രോഗികൾക്കും ഭക്ഷണമെത്തിച്ച് നൽകും. പാർസൽ ഇല്ല. മദ്യപർക്ക് ഭക്ഷണം നൽകില്ലെന്ന നിബന്ധനയും ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

