Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രുചിക്കൂട്ടിലെ വിസ്​മയ രഹസ്യം
cancel
camera_alt

വിഷ്ണു നമ്പൂതിരിയും മകൻ ശ്രീനാഥും

തൊടുപുഴയിലെ മലയോരങ്ങൾക്കും മൺപാതകൾക്കും ഒരു 31 വയസ്സുകാര​െൻറ കഥപറയാനുണ്ട്. രുചിക്കൂട്ടിൽ വിസ്മയം തീർത്ത് ഒരുനാടി​െൻറ മനസ്സിലേക്ക് സൈക്കിൾചവിട്ടി കയറിയ സംരംഭക​െൻറ കഥ. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി പ്രതിസന്ധികൾക്കുമേൽ പുഞ്ചിരികൊണ്ട് വിജയം നേടിയ തൊടുപുഴക്കാര​െൻറ കഥ. മലയാളിയുടെ ഭക്ഷണ സങ്കൽപങ്ങൾക്ക് പാരമ്പര്യത്തനിമയുടെ പിൻബലം നൽകിയ ആ രുചി സാമ്രാജ്യത്തിന് 'ബ്രാഹ്മിൻസ് ' എന്നാണ് പേര്. തങ്ങൾ നേടിയെടുത്ത വിശ്വാസ്യതയുടെ കലർപ്പില്ലാത്ത അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ് സ്ഥാപനത്തി​െൻറ വിജയശിൽപി വിഷ്ണു നമ്പൂതിരി. 1987ൽ തുടങ്ങി വർഷങ്ങളേറെ മുന്നോട്ട് നീങ്ങിയപ്പോൾ വിപണിയിൽ തങ്ങളുടേതായ മുദ്രപതിപ്പിക്കാൻ അവർക്കായി.

വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയെ ചേർത്തുപിടിച്ചതിന് ജനം നൽകിയ അംഗീകാരവും ഒപ്പംനിൽക്കുന്ന കുടുംബം പകർന്ന കരുത്തും വളർച്ചയുടെ ഏടുകളാണെന്നു പറയുമ്പോൾ ഒരു നാട് 'തിരുമേനി'യെന്ന് സ്നേഹാദരവോടെ സംബോധന ചെയ്യുന്ന വിഷ്ണു നമ്പൂതിരിയുടെയും മകൻ ശ്രീനാഥ് വിഷ്ണുവി​െൻറയും മുഖത്ത് നിസ്വാർഥമായ പുഞ്ചിരിയുടെ തിളക്കം. ബ്രാഹ്മിൻസ് ഇന്നൊരു അന്താരാഷ്​ട്ര ബ്രാൻഡായി വളർന്നിരിക്കുന്നു. 'ശുദ്ധ വെജിറ്റേറിയൻ' എന്ന തലവാചകം അതിശയോക്തിയല്ലെന്ന് തെളിയിക്കുന്ന ഗുണമേന്മ. ഏത് അളവുകോൽ കൊണ്ട് കീറിമുറിച്ചാലും കൃത്രിമത്വം കണ്ടെത്താനാകില്ലെന്ന സ്ഥാപനം നൽകുന്ന ഉറപ്പി​െൻറ അടയാളമാണത്. ഇന്ത്യയുടെ വിവിധ കോണുകളിലും ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും ബ്രാഹ്മിൻസ് അടുക്കള കീഴടക്കിയിരിക്കുന്നു.

കൂടാതെ, ബ്രിട്ടൻ, യു.എസ്, കാനഡ, ആസ്ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും വിപണി കണ്ടെത്തിയ കമ്പനി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. സാമ്പാർപൊടി, രസം പൊടി, അച്ചാർ പൊടി, കടലക്കറി മസാല, വെജിറ്റബിൾ കറി മസാല തുടങ്ങിയ മസാലക്കൂട്ടുകളും, പുട്ടുപൊടി, അരിപ്പൊടി, അപ്പം ഇടിയപ്പം പൊടി, ചെമ്പാ പുട്ടു പൊടി, റാഗി പുട്ട് പൊടി, കോൺ പുട്ടു പൊടി, ഓട്സ് പുട്ടു പൊടി, ഗോതമ്പ് പൊടി, ഗോതമ്പു പുട്ടു പൊടി തുടങ്ങിയ ബ്രേക്ഫാസ്​റ്റ്​ ഉൽപന്നങ്ങളും കൂടാതെ, ചുക്ക് കാപ്പി, സേമിയ പായസം മിക്സ്, പാലട പായസം മിക്സ്, അച്ചാറുകൾ, സ്‌പൈസ് പൗഡറുകൾ, ചട്ണി പൊടി, പാലക്കാടൻ ചട്ണി പൊടി തുടങ്ങിയ ഇൻസ്​റ്റൻറ്​ ഉൽപന്നങ്ങളും വിപണിയിൽ മാത്രമല്ല ജനങ്ങളുടെ മനസ്സിലും പ്രഥമസ്ഥാനം നേടിക്കഴിഞ്ഞു.

സൈക്കിൾ ചവിട്ടി കീഴടക്കിയ രുചി സാമ്രാജ്യം

വീടിനോടുചേർന്ന് വളരെ ചെറിയ തോതിൽ ഫ്ലോർ മിൽ ആരംഭിച്ച് മുളകും മല്ലിയും മറ്റു ധാന്യങ്ങളും പൊടിച്ച് വിൽപന നടത്തിയാണ് വിഷ്ണു നമ്പൂതിരിയുടെ തുടക്കം. തൊടുപുഴ എന്ന കൊച്ചുപ്രദേശത്തുനിന്നും കൂത്താട്ടുകുളം, മൂലമറ്റം, വാഴക്കുളം എന്നിവിടങ്ങളിലേക്ക് സൈക്കിളിൽ സാധനങ്ങൾ വെച്ചുകെട്ടി കടകൾ തോറും കൊണ്ടുനടന്ന് വിൽപന നടത്തിയിരുന്ന കാലത്തെ അദ്ദേഹം ഇന്നും അഭിമാനത്തോടെ ഓർമിക്കുന്നു. സഹായിക്കാൻ രണ്ടു വനിത സ്​റ്റാഫുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്. നാലോ അഞ്ചോ കറിപൗഡർ കമ്പനികൾ വിപണിയിൽ അക്കാലത്തുണ്ടായിരുന്നെങ്കിലും വളരെ വേഗം ആവശ്യക്കാരുടെ രുചിപ്പട്ടികയിൽ ഇടംനേടാൻ വിഷ്ണു നമ്പൂതിരിയുടെ ഉൽപന്നങ്ങൾക്ക് കഴിഞ്ഞു. കുടുംബത്തിൽ രുചിയുടെ ലോകം തുടങ്ങുന്നത് തന്നിൽ നിന്നാണ്. സർക്കാറി​െൻറ സ്വയം തൊഴിൽ വായ്പ 35,000 രൂപ വാങ്ങിയാണ് തുടങ്ങിയത്. മറ്റൊരു മൂലധനവുമുണ്ടായിരുന്നില്ല. വീടിനോടു ചേർന്ന് തന്നെയായിരുന്നു എല്ലാം ഒരുക്കിയത്. ഇതിന് മുമ്പ് 22ഓളം ബിസിനസുകൾ ചെയ്തതിന് ശേഷമാണ് ഇതിലേക്ക് കടന്നുവന്നത്. ഒന്നും നഷ്​ടത്തിൽ വന്നിട്ടില്ല. ആദ്യം ചെരിപ്പ് വിൽപനയാണ് തുടങ്ങിയത്. അത് പാർട്ണർഷിപ്പിലായിരുന്നു. തേങ്ങ കൊപ്രയാക്കി വെളിച്ചെണ്ണ വിൽക്കുക, അച്ചടി പ്രസ്​ തുടങ്ങി നീളുന്നതാണ് അവയുടെ എണ്ണം.

കുറച്ച് പരിചയമുള്ള മേഖലയായതിനാലാണ് കറിപൗഡർ രംഗത്തേക്ക് കടന്നുവന്നതെന്ന് വിഷ്ണു നമ്പൂതിരി പറയുന്നു. തനിയെ സ്ഥാപനം ആരംഭിക്കുമ്പോൾ, ഈ മേഖലയെക്കുറിച്ച് നേടിയ അറിവുകളും നാടി​െൻറ പാരമ്പര്യത്തനിമയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിന്തകളുമായിരുന്നു കൈമുതൽ. 2006ഓടെ എം.ബി.എ പഠനം പൂർത്തിയാക്കി മകൻ ശ്രീനാഥും ഒപ്പം ചേർന്നു. മുളകി​െൻറ ഗുണമേന്മയറിയാൻ വിഷ്ണു നമ്പൂതിരിക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ ആവശ്യമില്ല. ഒന്ന് നാവിൽവെച്ച് രുചിക്കേണ്ട താമസമേയുള്ളൂ. എരിവി​െൻറ തീക്ഷ്‌ണതയും നിറവും ഗന്ധവുമെല്ലാം തിരിച്ചറിഞ്ഞ് അദ്ദേഹം മാർക്കിടും. വിവിധ സീസണുകളിൽ മുളകിനുണ്ടാകുന്ന വ്യത്യാസങ്ങൾ അദ്ദേഹത്തിനറിയാം. ഇക്കാലയളവിൽ കറി പൗഡറിൽ ചേർക്കേണ്ട അളവ് വ്യത്യാസം വരുത്തേണ്ടിവരും.

ആവശ്യമാണ് സൃഷ്​ടിയുടെ കർത്താവ്

2010നു ശേഷമാണ് കൂടുതൽ വലിയ തോതിൽ കച്ചവടം ആരംഭിച്ചത്. അതിന് മുമ്പ് തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ മാത്രമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. ഇടക്കാലത്ത് സ്ഥാപനത്തിൽ ചെറിയൊരു തൊഴിൽ പ്രതിസന്ധി രൂപപ്പെട്ടു. അത് അതിജീവിക്കാൻ ഒരു മാർഗമെന്നോണം മൂവാറ്റുപുഴ നെല്ലാട് കിൻഫ്ര പാർക്കിലും പൊള്ളാച്ചിയിലും പുതിയ യൂനിറ്റ് ആരംഭിച്ചു. ഇവിടെ നിന്നാണ് വിപുലീകരണത്തി​െൻറ തുടക്കം. ഇത്രയും വലിയൊരു സംവിധാനത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. കൂടുതൽ യൂനിറ്റുകൾ ആരംഭിക്കേണ്ടത് ആവശ്യമായിരുന്നു. നിലനിൽപിെൻറ പ്രശ്നം വന്നതോടെ വിപുലീകരിക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യമെന്നും വിഷ്ണു നമ്പൂതിരി പറയുന്നു.

ഇപ്പോൾ ബ്രാഹ്മിൻസി​െൻറ അച്ചാറുകൾക്ക് മാത്രമായി വയനാട്ടിൽ ഒരു യൂനിറ്റുണ്ട്. നമുക്ക് ആവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും കിട്ടുന്ന സ്ഥലമാണ് വയനാട്. നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ നിർമാണ യൂനിറ്റും തൊടുപുഴയിൽ പാക്കിങ് യൂനിറ്റുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഒരു പുതിയ യൂനിറ്റ് പൈങ്ങോട്ടൂരിൽ ഉടൻതന്നെ പ്രവർത്തനമാരംഭിക്കും. അവിടെ ബ്രേക്ക്ഫാസ്​റ്റ്​ ഫുഡിനായിരിക്കും പ്രാധാന്യം. ഉപഭോക്താക്കൾക്ക് നേരിട്ടെത്തി സന്ദർശനം നടത്താനുള്ള സാഹചര്യവുമുണ്ടായിരിക്കും.

ശുദ്ധം, ഗുണമേന്മ

മലയാളിയുടെ അടുക്കളകൾ ബ്രാഹ്മിൻസി​െൻറ കറിപൗഡർ മതിയെന്ന് തീരുമാനിക്കുന്ന ഘട്ടമെത്തിയതിന് പ്രധാന കാരണം തങ്ങൾ ഉറപ്പുനൽകുന്ന ക്വാളിറ്റിയാണെന്ന് അവർ ഉറച്ച ശബ്​ദത്തിൽ വ്യക്തമാക്കുന്നു. കിട്ടാവുന്നതിൽ ഏറ്റവും മികച്ച സാധനങ്ങൾ ശേഖരിക്കുന്നതിനായി നിരവധി യാത്രകൾ നടത്താറുണ്ട്. മുളക് ഗുണ്ടൂര് പോയി നേരിട്ടാണ് ശേഖരിക്കുന്നത്. മാർക്കറ്റ് പിടിക്കാൻ വേണ്ടി ഗുണമേന്മയിൽ കൃത്രിമം കാണിച്ച് വില കുറക്കുന്ന രീതി ഇതുവരെ സ്വീകരിച്ചിട്ടില്ല. തങ്ങൾക്ക് സാധ്യമാകുന്ന വിലയ്​ക്ക്​ മാത്രമാണ് ഉൽപന്നങ്ങൾ നൽകുക. മാർക്കറ്റ് മൂല്യമല്ല തങ്ങൾ അടിസ്ഥാനമാക്കുന്നതെന്നും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയും മറ്റു ചെലവുകളും ചേർത്ത് എത്ര രൂപയാണോ വരുന്നത് അതു തന്നെ ഉൽപന്നത്തിന് വിലയായി നിശ്ചയിക്കുന്നുവെന്നും അവർ പറഞ്ഞു. വിശാലമായ പരിശോധന ലാബാണ് ബ്രാഹ്മിൻസി​േൻറത് . മൂന്ന് ഘട്ടമായി വിപുലമായ പരിശോധനകൾ നടത്താൻ അത്യാധുനിക സംവിധാനങ്ങളും മികച്ച ജീവനക്കാരും ഇവിടെയുണ്ട്.

കുടുംബവും സ്ഥാപനവും

മറ്റേത് സ്ഥാപനത്തെക്കാളും 24 മണിക്കൂറും ശ്രദ്ധ വേണ്ട പ്രവർത്തനങ്ങളാണ് ഇവിടത്തേത്. അതിനാൽതന്നെ, കുടുംബത്തി​െൻറ ഇടപെടൽ വളരെ ഗുണകരമാണ്. വിഷ്ണു നമ്പൂതിരിയും മകൻ ശ്രീനാഥും മക​െൻറ ഭാര്യ അർച്ചനയും സ്ഥാപനത്തിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ട്. താൻ ഇപ്പോൾ ഓഫിസ് കാര്യങ്ങളിൽ പഴയതുപോലെ പൂർണമായി ഇടപെടാറില്ലെന്ന് വിഷ്ണു നമ്പൂതിരി പറയുമ്പോൾ അച്ഛൻ റിമോട്ട് കൺട്രോളറാണെന്ന് മകൻ ശ്രീനാഥി​െൻറ കൂട്ടിച്ചേർക്കൽ. വിഷ്ണു നമ്പൂതിരിയുടെ ഭാര്യ മഞ്ജരി കുടുംബകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധപതിപ്പിക്കാറുള്ളത്.

നിരവധി ബിസിനസുകൾ തുടങ്ങി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഭർത്താവ് മാറുമ്പോൾ ഭയമോ ടെൻഷനോ ഉണ്ടായിരുന്നില്ലെന്ന്​ നിറപുഞ്ചിരി​േയാടെ അവർ പറയുന്നു. ബിസിനസ്​പ്ലാനിങ്ങിന് അർച്ചനയാണ് നേതൃത്വം നൽകുന്നത്. അത് വിഷ്ണു നമ്പൂതിരിക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും പങ്കെടുക്കുന്നതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാകുന്നു. അത് ഒരുപാട് ആസ്വദിക്കുകയും ചെയ്യുന്നു. തങ്ങളുടെ അടുക്കളയിൽ പാകം ചെയ്ത് പരിശോധിച്ച ശേഷം മാത്രമാണ് ഉൽപന്നം വിപണിയിലേക്ക് എത്തിക്കാറുള്ളൂ. ഇക്കാര്യത്തിൽ അമ്മയുടെ പങ്കും വലുതാണെന്ന് അവർ പറഞ്ഞു. വന്ന വഴി അഭിമാനത്തോടെ ഓർമിക്കുന്ന ബ്രാഹ്മിൻസ് കുടുംബം എക്കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു.

2020 വർഷത്തിലെ സാമൂഹിക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വെയ്റ്റിങ്​ ഏരിയ കെട്ടിടം, സ്കൂൾ ലൈബ്രറി തുടങ്ങിയവ നിർമിച്ച് നൽകുകയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലുകൾ, ഐ.സി.യുവിലേക്ക് ആവശ്യമായ സാധനങ്ങൾ, വിദ്യാർഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിനൽകുകയും ചെയ്തിരുന്നു. കാലങ്ങളായി, നിരാലംബരായ ആളുകൾ താമസിക്കുന്ന കേന്ദ്രങ്ങൾക്ക് ഭക്ഷ്യോൽപന്നങ്ങൾ നൽകിവരുകയും ചെയ്യുന്നുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ അനാഥ മന്ദിരങ്ങളിലേക്ക് ഒരു ലോഡ് അരി ഡീൻ കുര്യാക്കോസ് എം.പി മുഖാന്തരം എത്തിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഫയർ ഫോഴ്സ്, പൊലീസ് സ്​റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി, പഞ്ചായത്ത് ഓഫിസുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ നൽകി. വരും വർഷങ്ങളിൽ ഇത് കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യമെന്ന് വിഷ്ണുനമ്പൂതിരി വ്യക്തമാക്കി.

ചാലകശക്തി ജീവനക്കാർ

വളരെ സമർഥരായ ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്ന് വിഷ്ണു നമ്പൂതിരിയും ശ്രീനാഥും പറയുന്നു. ഒരാളിൽ നിന്ന് തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 280 ഓളം ജീവനക്കാരുണ്ട്. രാവിലെ കമ്പനിയുടെ വാഹനത്തിലാണ് ഡ്യൂട്ടിക്ക് എത്തിക്കുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടും ഭക്ഷണവും കൃത്യമായ ഇടവേളകളിൽ വിശ്രമവും. രണ്ട് ഷിഫ്റ്റുകളായി രാത്രി 12 മണി വരെയാണ് കമ്പനിയുടെ പ്രവർത്തനം. സ്​റ്റാഫിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നത്​ മറ്റൊരു പ്രത്യേകത. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥയാണ്. ക്വാളിഫൈഡ് ആയിട്ടുള്ള ജീവനക്കാരാണ് എല്ലാവരും. ഗവൺ​െമൻറ് നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മെഷിനറികളുടെ പ്രവർത്തനം. ഇത് ജീവനക്കാരുടെ കാര്യത്തിലും ഉൽപന്നങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

യുവത്വത്തി​െൻറ മറ്റൊരു കൈയൊപ്പ്

2006 കാലഘട്ടത്തിലാണ് സ്ഥാപനത്തി​െൻറ നേതൃസ്ഥാനത്തേക്ക് വിഷ്ണു നമ്പൂതിരിയുടെ മകൻ ശ്രീനാഥി​െൻറ കടന്നുവരവ്. തൊഴിൽ പ്രതിസന്ധി ഈ സമയം കമ്പനിയെ അലട്ടിയിരുന്നു. അത് പരിഹരിക്കുക എന്നതായിരുന്നു ആദ്യം മുന്നിലുണ്ടായിരുന്ന കടമ്പയെന്ന് അദ്ദേഹം പറയുന്നു. ഇതു മറികടക്കാൻ പുതിയ യൂനിറ്റുകൾ ആരംഭിക്കുക എന്നത് അച്ഛ​െൻറ തന്നെ നിർദേശമായിരുന്നു. പ്രശ്നങ്ങളിൽ അകപ്പെട്ട് കളയാൻ സമയമില്ലായിരുന്നു. മികച്ച ഒരു തൊഴിൽ അന്തരീക്ഷം പുതുതായി നിർമിക്കുകയായിരുന്നു ആ സമയത്തെ ലക്ഷ്യം. പിന്നീട് പതുക്കപ്പതുക്കെ പ്രശ്നങ്ങളൊക്കെ ഇല്ലാതാകുകയും എല്ലാ യൂനിറ്റുകളും ലാഭത്തിലേക്ക് വരുകയും ചെയ്തു. 9500 ടൺ ഉൽപന്നങ്ങൾ പ്രതിവർഷം വിൽക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.

അച്ഛനോടൊപ്പം ബിസിനസിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് എം.ബി.എക്ക് ബംഗളൂരുവിൽ ചേർന്നത്. കമ്പനിയെ ഒന്ന് റീബ്രാൻഡ് ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നു. ഓരോ സമയത്തും മാറ്റം വരുത്തിക്കൊണ്ടിരിക്കണമെന്നത് പ്രധാനമാണ്. ബ്രാഹ്മിൻസ് വെജിറ്റേറിയൻ ബ്രാൻഡ് എന്ന നിലയിൽ നേടിയെടുത്ത സ്ഥാനം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ലെന്നതാണ് പ്രധാനം. കേരളത്തിന് സമ്പന്നമായ ഒരു വെജിറ്റേറിയൻ പാരമ്പര്യമുണ്ട്. ആയുർവേദത്തെ അടക്കം പശ്ചാത്തലമാക്കിയ ഒരു ഭക്ഷണശീലം നമ്മൾ ഒരുകാലത്ത് പിൻതുടർന്നിരുന്നു. നമ്മുടെ നാടി​െൻറ ജീവിതരീതിക്ക് അനുയോജ്യമായ രീതിയാണ് ഇവിടെയുണ്ടായിരുന്നത്. അതിൽ നമുക്ക് ആവശ്യമുള്ളതെല്ലാം ഉൾക്കൊള്ളുന്നതാണ്. അത് പിന്നീട് മറ്റു നാടുകളിൽ നിന്ന് വന്ന രുചി വൈവിധ്യവുമായി കൂടിക്കലർന്നുപോയെന്നതാണ് വാസ്തവം.

യഥാർഥ സാമ്പാർ

ബ്രാഹ്മിൻസി​െൻറ ഏറ്റവും പ്രചാരമേറിയ ഉൽപന്നമാണ് സാമ്പാർപൊടി. വിഷ്ണു നമ്പൂതിരി വികസിപ്പിച്ച അമൂല്യമായ ഒരു രുചിക്കൂട്ടാണ് അതി​േൻറത്. കേരളത്തിെൻറ സ്വന്തം സാമ്പാർ ഇതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. പാരമ്പര്യമായി ലഭിച്ച അറിവുകളും സ്വന്തമായി വികസിപ്പിെച്ചടുത്ത രുചിക്കൂട്ടുകളും ഒരുമിച്ച് ചേർന്നാണ് തങ്ങളുടെ ഉൽപന്നം രൂപപ്പെട്ടതെന്ന് വിഷ്ണു നമ്പൂതിരി പറയുന്നു. അസംസ്കൃത വസ്തുക്കൾക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്. രുചിക്കൂട്ട് ഒരുക്കാൻ ചേരുവകൾ തേടിയുള്ള യാത്രയിൽ ഏതു തരം ഉൽപന്നമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു.

അങ്ങനെ ലഭിച്ച അറിവ് ഒരുപാട് ഉപയോഗപ്പെട്ടു. ബ്രാഹ്മിൻസ് സാമ്പാർപൊടിയുടെ ഉദയം ആദ്യത്തെ ആറ് മാസത്തിനുള്ളിലായിരുന്നു. വീട്ടിൽ തന്നെ പലതവണ ഉപയോഗിച്ച് നോക്കിയ ശേഷമായിരുന്നു ഇത് വിപണിയിലെത്തിച്ചത്. അസംസ്കൃത വസ്തുക്കൾ ലോഡെത്തിയാൽ ട്രക്കിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. ബ്രാഹ്മിൻസ് നിഷ്കർഷിക്കുന്ന ക്വാളിറ്റിയല്ലെങ്കിൽ അതേപടി ട്രക്ക് തിരിച്ചുവിടും. ഈ രീതി പിന്തുടരുന്നതിനാൽ ഒരിക്കലും വിപണിയിൽ തങ്ങൾ കബളിപ്പിക്കപ്പെടാറില്ലെന്ന് ശ്രീനാഥ് വ്യക്തമാക്കി. അരിപ്പൊടി സ്​റ്റീം ചെയ്യുന്ന പ്രവർത്തനങ്ങളും വിഷ്ണു നമ്പൂതിരി വികസിപ്പിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.

അധ്വാനമാണ് വിജയമന്ത്രം

അധ്വാനിക്കുക എന്നതാണ് പുതിയ തലമുറയിലെ സംരംഭകർക്ക് നൽകാനുള്ള നിർദേശം. 24 മണിക്കൂറും സംരംഭത്തിൽ മനസ്സ് അർപ്പിച്ച് മുന്നോട്ടുപോകുക. പ്രതിസന്ധികൾ വരുമ്പോൾ ഭയപ്പെടാതെ നേരിടുക. ബുദ്ധിമുട്ടുകൾ തനിക്കും ഉണ്ടായിരുന്നു. അവയൊക്കെ അതിജീവിക്കാനുള്ള ശക്തി നമുക്ക് കാലക്രമേണ കൈവരിക്കാൻ കഴിയും. മറ്റു സംസ്ഥാനങ്ങളിലും ബിസിനസ് ചെയ്തുള്ള അനുഭവത്തിെൻറ വെളിച്ചത്തിൽ പറയുകയാണെങ്കിൽ കേരളം സംരംഭകർക്ക് ഏറ്റവും അനുകൂലമായ സ്ഥലമാണ്. മികച്ച ജീവനക്കാരുടെ ലഭ്യത ഇവിടെയുള്ളത് ഗുണകരമാണ്.

ഇപ്പോൾ സ്​റ്റാർട്ടപ്പുകളുടെ തുടക്കം വളരെ ആവേശകരമായിരിക്കും. എന്നാൽ, എവിടെയെങ്കിലും ചെറിയൊരു നഷ്​ടം വന്നാൽ ഒരു മടക്കം അവർക്ക് സാധ്യമാകുന്നില്ലെന്നതാണ് പ്രശ്നം. 22 ഓളം ബിസിനസുകൾ തുടങ്ങി അവസാനിപ്പിച്ചെങ്കിലും അതിലൊന്നിലും നഷ്​ടമുണ്ടായിട്ടില്ലെന്നതിന് പ്രധാന കാരണം അവയുമായി അനാവശ്യ വൈകാരിക അടുപ്പം സൃഷ്​ടിക്കാതിരുന്നു എന്നതാണ്. നഷ്​ടത്തിലേക്ക് പോകാനുള്ള സാധ്യത കണ്ടാൽ അത് തുടരാതിരിക്കുക എന്ന രീതിയാണ് താൻ പിൻതുടർന്നത്. മറ്റുള്ളവരെന്ത് ചിന്തിക്കുമെന്ന് അപ്പോഴൊന്നും ആലോചിച്ചിട്ടില്ല.

മറ്റ് രാജ്യങ്ങളിെല സ്വീകാര്യത

വെജിറ്റേറിയനിസം എന്ന കൾച്ചർ ലോകം മുഴുവനുണ്ട്. മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ ബ്രാഹ്മിൻസിന് ഒരു സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റു രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്. അത് യാഥാർഥ്യമാകുകയും െചയ്തു. കയറ്റുമതിക്ക് ഒന്നാം സ്ഥാനം നൽകുന്ന ഒരു കമ്പനിയായി മാറണമെന്ന് ഒരിക്കലും ബ്രാഹ്മിൻസ് ആഗ്രഹിച്ചിട്ടില്ല. എന്നാൽ, നമ്മുടെ നാടിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്ക്പ്രോഡക്ട് ഉപയോഗിക്കാനുള്ള അവസരമുണ്ടാകണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ ആദ്യം മിഡിൽ ഈസ്​റ്റിലേക്കാണ് ഉൽപന്നങ്ങൾ എത്തിച്ചത്.

ഗൾഫ് രാജ്യങ്ങളിലെല്ലാം ബ്രാഹ്മിൻസി​െൻറ സാന്നിധ്യം ഇപ്പോഴുണ്ട്. കൂടാതെ, ബ്രിട്ടൻ, യു.എസ്, കാനഡ, ആസ്ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ഉണ്ട് . ബ്രാഹ്മിൻസ് ഉൽപന്നങ്ങൾക്കായി കാത്തിരിക്കുന്ന മലയാളികളാണ് ബ്രാഹ്​മിൻസി​െൻറ വിജയം. മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ ബ്രാഹ്മിൻസി​െൻറ ഉൽപനങ്ങൾ കടകളിലെ ഷെൽഫിൽ ഇരിക്കാറില്ല. പ്രാദേശിക വിപണിയിൽ വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഒരേ ഉൽപന്നങ്ങളാണ്. എക്സ്പോർട്ട്, ഡൊമസ്​റ്റിക് ക്വാളിറ്റികളിൽ വ്യത്യസ്​തത വരുത്താറില്ല. ഇൻറർ സ്​റ്റേറ്റ് വിപണിയിലെ വിതരണത്തിനായി ഇപ്പോൾ ബംഗളൂരുവിൽ വെയർ ഹൗസ് ആരംഭിക്കുകയും വിതരണക്കാരെയും മാർക്കറ്റിങ് സ്​റ്റാഫുകളെയും നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രൊഡക്ടുകളെ എണ്ണം കൂട്ടുന്നതിന് ക്വാളിറ്റി ഇനിയും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പൗഡറിങ്, ഗ്രൈൻറിങ്, പ്രൊസസിങ് എന്നിവയിൽ ഏതൊക്കെ അത്യാധുനിക സംവിധാനങ്ങൾ കൊണ്ടുവരാൻ കഴിയുമോ അതെല്ലാം എത്തിച്ചിട്ടുണ്ട്. നിലവിലുള്ളതിന് പുറമെ പുതിയ സ്രോതസ്സുകൾ കണ്ടെത്താനും ശ്രമമുണ്ട്. മലയാളികളല്ലാത്ത മറ്റ് ഉപഭോക്താക്കളെ ലക്ഷ്യംവെക്കുന്നില്ലെങ്കിലും അവരും നമുക്കൊപ്പമുണ്ടെന്ന് ശ്രീനാഥ് പറയുന്നു. വരാനിരിക്കുന്ന ഭാവിയിൽ മലയാളത്തനിമ അവരിലേക്ക് കൂടുതൽ എത്തിക്കുകയെന്നത് ലക്ഷ്യമിടുന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അറബികളുമടങ്ങുന്ന വിദേശപൗരന്മാർ നേരിട്ട് വിളിച്ച് ഉൽപന്നം വാങ്ങുന്നുണ്ട്.

Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmins Foods India
Next Story