വോട്ടുതേടി തളരുമ്പോൾ ചെണ്ടമുറിയന്‍ കപ്പയും കാന്താരിയും
text_fieldsനെടുങ്കണ്ടം: തെരഞ്ഞെടുപ്പ് പ്രചാരണമെന്നാൽ ഒരു ആരവമാണ് ഇപ്പോൾ. കൂട്ടമായി വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർഥിക്കുകയാണ് ട്രെൻഡ്. ഒറ്റക്കായാൽ ആളില്ലേയെന്ന് കരുതി പരമാവധി പ്രവർത്തകരെ കൂട്ടിയാണ് സ്ഥാനാർഥികളുടെ വോട്ടഭ്യർഥന.
ഒപ്പം ഇറങ്ങുന്നവർക്ക് ഇഷ്ടഭക്ഷണം വാങ്ങിത്തരാൻ സ്ഥാനാർഥികളും പാർട്ടിക്കാരുമൊക്കെ മത്സരമാണ്. എന്നാൽ, പഴയ തലമുറയുടെ ഓർമകളിൽ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് ആളും ആരവവൊന്നുമില്ല.
ഹൈറേഞ്ചിലെ പലരുടെയും ഓർമകളിൽ അന്നത്തെ തെരഞ്ഞെടുപ്പ് കാലത്തെ മങ്ങാതെ കിടക്കുന്ന ഓർമകളുണ്ട്. വലിയ ശബ്ദത്തോടെയുള്ള അനൗൺസ്മെന്റുകളോ പാരഡിഗാനങ്ങളോ തിരക്കുപിടിച്ച വോട്ടോട്ടമോ കലാശക്കെട്ട് ആവേശമോ അന്ന് ഉണ്ടായിരുന്നില്ല. ശാന്തമായ അന്തരീക്ഷമായിരുന്നു. ചെറിയ നോട്ടീസുകള്‍ മാത്രമായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. 1985നുശേഷമാണ് കളര്പോസ്റ്ററുകള് രംഗത്ത് വന്നത്.
പണ്ട് തെരഞ്ഞെടുപ്പിന് അനൗണ്‍സ്മെന്റിന് കോളാമ്പി ഉപയോഗിച്ചിരുന്നു. അന്നൊക്കെ ഇന്നത്തെപ്പോലെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് പണകൊഴുപ്പ് കാട്ടിയിരുന്നില്ല. പ്രചാരണത്തിനു പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം ഏതെങ്കിലും ഒരു വീട്ടില്‍ തയാറാക്കും. കൂടുതലും ചെണ്ടമുറിയന്‍ കപ്പയും കാന്താരിയുമായിരുന്നു.
പ്രസംഗങ്ങളും വോട്ട് അഭ്യർഥനയുമെല്ലാം കഴിഞ്ഞുവന്ന് സ്ഥാനാർഥിയോടൊപ്പം കപ്പയും കാന്താരിയും കഴിക്കുമ്പോഴുള്ള ആ ഓർമകൾ ഇന്നും പഴയ പാർട്ടി പ്രവർത്തകരുടെ ഉള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

