ഓണത്തെ വരവേൽക്കാൻ അത്തം, ഉത്രാടം, തിരുവോണം കിറ്റുകൾ ഒരുക്കി സപ്ലൈകോ; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപക്ക്
text_fieldsആലപ്പുഴ: ഓണത്തോടനുബന്ധിച്ച് വിവിധതരം ഭക്ഷ്യ കിറ്റുകൾ തയാറാക്കാനൊരുങ്ങി സപ്ലൈകോ. അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വ്യത്യസ്ത കിറ്റുകളാകും ഉണ്ടാവുക. 1,280 രൂപയുടെ സാധനങ്ങൾ 1,000 രൂപക്ക് നൽകുന്നതാണ് അത്തംകിറ്റ്. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങളടങ്ങുന്ന 21 ഇനങ്ങൾ കിറ്റിലുണ്ടാകും. 1,880 രൂപ വിലയുള്ള 25 ഇനം സാധനങ്ങളടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപക്ക് നൽകും. തിരുവോണം കിറ്റിൽ 2,540 രൂപ വിലയുള്ള 30 ഇനം സാധനങ്ങളുണ്ടാകും. ഇത് 2,000 രൂപക്ക് കിട്ടും. കൂടാതെ, 374.50 രൂപവിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപക്ക് ലഭിക്കും.
ആലപ്പുഴ ജില്ലയിൽ ഓണത്തിന് മഞ്ഞ റേഷൻകാർഡ് കൈവശമുള്ള ജില്ലയിലെ 38,734 കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റ് ലഭിക്കും. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. കൂടാതെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരുകിറ്റ് എന്ന നിലയിലും വിതരണം ചെയ്യും. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം ഉത്പന്നങ്ങളുണ്ടാകും.
സപ്ലൈകോ കിറ്റ് തയാറാക്കി റേഷൻകടകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. 837 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളത്. തിങ്കളാഴ്ച കിറ്റിൽ സാധനങ്ങൾ നിറച്ചുതുടങ്ങും. ഓഗസ്റ്റ് അഞ്ചുമുതൽ 10 വരെ റേഷൻകടകളിലേക്ക് എത്തിക്കും. 10 മുതൽ റേഷൻ 25 വരെ (ഉത്രാടദിവസം) വരെ കിറ്റു വാങ്ങാം.
പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-ഒരു ലിറ്റർ, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയർ പരിപ്പ്- 250 ഗ്രാം, വൻപയർ- 250 ഗ്രാം, കടല-500 ഗ്രാം, മിൽമ നെയ്യ്-100 മില്ലി ലിറ്റർ, പായസക്കൂട്ട്-40 ഗ്രാം, തേയില-250 ഗ്രാം, പായസം മിക്‌സ്-200 ഗ്രാം, സാമ്പാർ പൊടി-100 ഗ്രാം, മുളകുപൊടി-100 ഗ്രാം, മഞ്ഞൾപ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പുപൊടി-ഒരു കിലോ എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

