Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightബ്രിട്ടീഷ് രാജകുടുംബം...

ബ്രിട്ടീഷ് രാജകുടുംബം ഒരിക്കലും കഴിക്കാത്ത ആറ് ഭക്ഷണങ്ങൾ; അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്

text_fields
bookmark_border
ബ്രിട്ടീഷ് രാജകുടുംബം ഒരിക്കലും കഴിക്കാത്ത ആറ് ഭക്ഷണങ്ങൾ; അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്
cancel

ബ്രിട്ടീഷ് രാജകുടുംബത്തിലെ ജീവിതം കേവലം ചടങ്ങുകളിലും ഔദ്യോഗിക ചുമതലകളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് അവരുടെ ഭക്ഷണക്രമത്തിലും വലിയ രീതിയിലുള്ള ശ്രദ്ധയും നിയന്ത്രണങ്ങളും പുലർത്താറുണ്ട്. കൊട്ടാരത്തിലെ ഓരോ വിഭവങ്ങളും നൂറ്റാണ്ടുകളായുള്ള പാരമ്പര്യവും ആരോഗ്യ നിയമങ്ങളും അനുസരിച്ചാണ് തയാറാക്കുന്നത്. ചില ഭക്ഷണങ്ങൾ അവർ ആസ്വദിച്ചു കഴിക്കുമ്പോൾ, മറ്റു ചിലത് കർശനമായി ഒഴിവാക്കാറുണ്ട്. കൊട്ടാരത്തിലെ മുൻ ജീവനക്കാരുടെ വെളിപ്പെടുത്തൽ അനുസരിച്ച് അകറ്റി നിർത്തുന്ന ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. കടൽ വിഭവങ്ങൾ

പലർക്കും പ്രിയപ്പെട്ട വിഭവമാണെങ്കിലും കൊട്ടാരത്തിലെ ഭക്ഷണക്രമത്തിൽ ഷെൽഫിഷുകൾക്ക് (കൊഞ്ച്, കക്ക, ചിപ്പി തുടങ്ങിയവ) സ്ഥാനമില്ല. പ്രത്യേകിച്ച് യാത്രകളിലായിരിക്കുമ്പോൾ ഇവ പൂർണമായും ഒഴിവാക്കാറുണ്ട്. ഭക്ഷണത്തിൽ നിന്നുള്ള അലർജിയും പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള വിഷബാധയും ഒഴിവാക്കാനാണ് ഈ മുൻകരുതൽ. എങ്കിലും, മുൻ കൊട്ടാരം ഷെഫ് ഡാരൻ മക്ഗ്രേഡി വെളിപ്പെടുത്തിയത് പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് കൊഞ്ചും സ്കല്ലോപ്പുകളും വിളമ്പിയിരുന്നു. അതുകൊണ്ട് ഇതൊരു കർശന നിരോധനമല്ല, മറിച്ച് ഒരു സുരക്ഷാ മുൻകരുതൽ മാത്രമാണ്.

2. വേവാത്ത മാംസം

പകുതി മാത്രം വേവിച്ചതോ അല്ലെങ്കിൽ ഒട്ടും വേവിക്കാത്തതോ ആയ മാംസം കൊണ്ടുള്ള വിഭവങ്ങൾ (ഉദാഹരണത്തിന് സ്റ്റീക്ക് ടാർടാർ അല്ലെങ്കിൽ റെയർ ബർഗറുകൾ) രാജകുടുംബത്തിൽ വിളമ്പാറില്ല. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് മാംസം നന്നായി വെന്ത ശേഷം കഴിക്കാനായിരുന്നു ഇഷ്ടം. എപ്പോഴും പൊതുജനമധ്യത്തിൽ നിൽക്കുന്ന ഒരു കുടുംബം എന്ന നിലയിൽ, ഔദ്യോഗിക തിരക്കുകൾക്കിടയിൽ അസുഖങ്ങൾ വരാതിരിക്കാൻ പൂർണമായും വേവിച്ച മാംസം മാത്രമാണ് അവർ തിരഞ്ഞെടുക്കുന്നത്.

3. വെളുത്തുള്ളിയും സവാളയും

കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും രാജകീയ വിരുന്നുകളിൽ വെളുത്തുള്ളിയും സവാളയും പരമാവധി ഒഴിവാക്കാറുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ വായ നാറ്റം ഉണ്ടാകാതിരിക്കാനും മറ്റുള്ളവരുമായി അടുത്ത് ഇടപഴകുമ്പോൾ ബുദ്ധിമുട്ട് വരാതിരിക്കാനുമാണ് ഈ ഒരു നിയമം. 2018-ൽ ഒരു അഭിമുഖത്തിൽ കാമില രാജ്ഞി തന്നെ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ ഭക്ഷണ മേശയിൽ രുചിയേക്കാൾ മുൻഗണന നൽകുന്നത് അവരുടെ പൊതു പെരുമാറ്റ മര്യാദകൾക്കാണ്.

4. ഫ്വാ ഗ്രോ

ഫ്രഞ്ച് വിഭവമായ 'ഫ്വാ ഗ്രോ' ഒഴിവാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടല്ല, മറിച്ച് ധാർമികമായ കാരണങ്ങളാലാണ്. താറാവുകളെയും ഗീസുകളെയും ബലമായി ഭക്ഷണം കഴിപ്പിച്ച് അവയുടെ കരൾ വീർപ്പിച്ചാണ് ഈ വിഭവം തയാറാക്കുന്നത്. ഇത് മൃഗങ്ങളോടുള്ള ക്രൂരതയുടെ ഭാഗമായി കണക്കാക്കപ്പെടുന്നതിനാൽ വലിയ രീതിയിൽ ലോകമെമ്പാടും എതിർപ്പുകളുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും മൃഗക്ഷേമത്തിലും അതീവ താല്പര്യമുള്ള ചാൾസ് രാജാവ് തന്‍റെ കൊട്ടാരങ്ങളിൽ ഈ വിഭവം വിളമ്പുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

5. സീസൺ അനുസരിച്ചല്ലാത്ത പഴങ്ങൾ

അതാത് കാലങ്ങളിൽ പ്രകൃതിദത്തമായി വിളയുന്ന പഴങ്ങൾ കഴിക്കാനായിരുന്നു എലിസബത്ത് രാജ്ഞിക്ക് താല്പര്യം. ഉദാഹരണത്തിന്, തണുപ്പുകാലമായ ഡിസംബർ മാസത്തിൽ സ്ട്രോബെറി കഴിക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. കൃത്രിമമായി ഗ്രീൻഹൗസുകളിൽ വിളയിച്ചെടുക്കുന്നതോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ പഴങ്ങൾ കൊട്ടാരത്തിൽ പ്രോത്സാഹിപ്പിക്കാറില്ല. പ്രകൃതിയുടെ സ്വാഭാവികമായ ചക്രത്തോട് പൊരുത്തപ്പെട്ടു പോകുന്ന ഭക്ഷണരീതിയായിരുന്നു രാജ്ഞിയുടേത്.

6. റിഫൈൻഡ് ഷുഗറും കൃത്രിമ മധുരങ്ങളും

നിലവിലെ രാജാവായ ചാൾസ് സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നും കൃത്രിമ മധുരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പ്രകൃതിദത്ത മധുരങ്ങളായ തേൻ, പഴങ്ങൾ എന്നിവക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. അതേസമയം, അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ചോക്ലേറ്റുകളോട് വലിയ പ്രിയമുണ്ടായിരുന്നുവെങ്കിലും അതും വളരെ നിയന്ത്രിതമായ അളവിൽ മാത്രമാണ് അവർ കഴിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foodssea foodsfood newsbritish Royal Family
News Summary - Six foods the British royal family never eats; here are some reasons behind it
Next Story