പാസ്തക്ക് 8,500 രൂപ, മട്ടന് 10,000, ഷാംപെയ്ന് 2 ലക്ഷം; വൈറലായി സൽമാൻ ഖാന്റെ സഹോദരിയുടെ ആഡംബര ഹോട്ടൽ
text_fieldsമുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ മുംബൈയിലെ പ്രശസ്തമായ സാന്താക്രൂസ് ഏരിയയിൽ അടുത്തിടെ ആരംഭിച്ച 'മെർസി' എന്ന ലക്ഷ്വറി റെസ്റ്റോറന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഭക്ഷണപ്രിയർക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മെർസി എന്ന് പേരിട്ടിരിക്കുന്ന ഈ റസ്റ്റോറന്റ് റിച്ച്‌ബോയ്‌സ് ഹോസ്പിറ്റാലിറ്റിയുമായി ചേർന്നാണ് അർപിത നടത്തുന്നത്. ഫ്രഞ്ച് ഭാഷയിൽ 'നന്ദി' എന്നർത്ഥം വരുന്ന 'മെർസി' യൂറോപ്യൻ വിഭവങ്ങളുടെ തനിമയാർന്ന രുചിക്കൂട്ടുകളാൽ ശ്രദ്ധേയമാണ്.
ഏകദേശം 9,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായി നിർമിച്ചിരിക്കുന്ന ഈ ഫൈൻ ഡൈനിങ് റെസ്റ്റോറന്റിന്റെ പ്രധാന ആകർഷണം അതിന്‍റെ അതിശയകരമായ സീലിംഗ് സിസ്റ്റമാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായതിനാൽ സ്വാഭാവിക വെളിച്ചം നേരിട്ട് ലഭിക്കില്ലെങ്കിലും സമയത്തിനനുസരിച്ച് മാറുന്ന കൃത്രിമ വെളിച്ച സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നു. പകൽ സമയത്ത് സൂര്യപ്രകാശം പോലെ തോന്നിപ്പിക്കുന്ന സ്കൈലൈറ്റ് പ്രകാശവും രാത്രികാലങ്ങളിൽ വളരെ ശാന്തവും ആഡംബരപൂർണ്ണവുമായ അന്തരീക്ഷവും സൃഷ്ടിക്കാൻ ഈ ലൈറ്റിങിന് സാധിക്കുന്നു.
ഇവിടുത്തെ വിഭവങ്ങളുടെ വില തന്നെയാണ് ആളുകളെ കൂടുതൽ അമ്പരപ്പിക്കുന്നത്. മെനുവിലെ പ്രധാന വിഭവമായ 'ഹെർബ് ക്രസ്റ്റഡ് ലാംബ് ലോയിൻ' ഒരു പ്ലേറ്റിന് 10,000 രൂപയാണ് വില. കൂടാതെ ലൈവ് ട്രഫിൾ പാസ്ത ഓൺ വീലിന് 8,500 രൂപയോളം ചെലവാകും. ആഡംബരത്തിന്റെ മാറ്റുകൂട്ടാൻ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന അപൂർവ്വ ഫ്രഞ്ച് ഷാംപെയ്നുകളും ഇവിടെ ലഭ്യമാണ്. ഇത്രയും ഭീമമായ വിലയാണെങ്കിലും ബോളിവുഡ് താരങ്ങളുടെയും പ്രമുഖരുടെയും പ്രിയപ്പെട്ട കേന്ദ്രമായി മെർസി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

