Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദ്യയൊരുക്കാൻ സമയമില്ലേ? ഒറ്റ ക്ലിക്കിലെത്തും ഒരുകൂട്ടം രുചികൾ

text_fields
bookmark_border
തിരുവോണമടുത്തതോടെ ഓണസദ്യക്ക് ബുക്കിങ് വർധിക്കുന്നു
https://www.madhyamam.com/tags/onam
cancel
camera_alt

എ​റ​ണാ​കു​ളം സ​മൃ​ദ്ധി​യി​ലെ പാ​യ​സ വി​പ​ണി

കൊച്ചി: തിരുവോണത്തിന് അതിരാവിലെ പൂക്കളമിടണം, ഓണക്കോടിയുടുത്ത് ഒരുങ്ങണം, പിന്നെ ഒത്തിരി വിഭവങ്ങളോടെ ഓണസദ്യയും ഒരുക്കണം...അങ്ങനെ നൂറുകൂട്ടം കാര്യങ്ങളുള്ള തിരുവോണ നാളിലെ തിരക്കിനിടെ സദ്യയൊരുക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഓൺലൈനായോ ഹോട്ടലിൽ നിന്നോ വരുത്തിയാലോ?

ഒറ്റ ക്ലിക്കിലോ ഒരു ഫോൺകോളിലോ വീട്ടിലെത്തുന്ന ഓണസദ്യയിലേക്ക് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ മിക്ക മലയാളികളും മാറിയതോടെ ഹോട്ടലുകാർക്കും കാറ്ററിങ്ങുകാർക്കുമെല്ലാം തിരക്കേറുകയാണ്. തിരുവോണത്തിലേക്ക് ഇനി ഇന്നും നാളെയും മാത്രം ശേഷിക്കേ സദ്യക്കുള്ള ഓർഡറുകൾ നിമിഷം പ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.

ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നേരിട്ടോ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയോ ഒക്കെ സദ്യ ബുക്ക് െചയ്യാം. സൗകര്യത്തിനനുസരിച്ച് വീട്ടിലെത്തിക്കുകയോ നേരിട്ടു പോയി വാങ്ങിക്കുകയോ ഇനി ഹോട്ടലുകളിലിരുന്ന് സദ്യ കഴിക്കുകയോ ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. തിരുവോണദിവസത്തെ തിരക്ക് കണക്കിലെടുത്ത് സദ്യ ആവശ്യമുള്ളവർ നേരത്തെ ബുക്ക് ചെയ്യുകയാണ് ഏറെയും. സമയവും അധ്വാനവും പാചകവാതകവുമെല്ലാം ലാഭിക്കാനാവുമെന്നതാണ് ഓണസദ്യ വാങ്ങികഴിക്കാൻ കാരണമെന്ന് കൊച്ചിക്കാർ പറയുന്നു. പണ്ടത്തെ വീടുകളിൽ നിന്ന് വ്യത്യസ്തമായി വീടുകളിൽ അംഗസംഖ്യ കുറഞ്ഞതോടെ, സദ്യയൊരുക്കാനുള്ള സൗകര്യവും കുറഞ്ഞു.

ഇലയാണ് താരം...

വാഴയില ഇല്ലാതെ സദ്യയില്ലല്ലോ. സദ്യ കഴിച്ചതിന്‍റെ പൂർണതൃപ്തി ലഭിക്കണമെങ്കിൽ നല്ല പച്ച വാഴയിലയിൽ കഴിക്കണം. എന്നാൽ, ഓണമടുക്കുന്തോറും വാഴയിലക്ക് വിലയേറുകയാണ്. കർണാടക, തമിഴ്നാട് തുടങ്ങിയ കൃഷി മേഖലകളിൽ നിന്നാണ് കാര്യമായി വാഴയില കൊച്ചിയിലേക്കെത്തുന്നത്. ഇവിടെ നിന്നുള്ള വരവു കുറഞ്ഞതും, വിദേശരാജ്യങ്ങളിലേക്ക് ഓണത്തോടടുപ്പിച്ച് കൂടുതലായി കയറ്റി അയക്കാൻ തുടങ്ങിയതുമാണ് വില വർധനവിനും ലഭ്യതകുറവിനും കാരണം

പലവിലയിൽ സദ്യ...

സാമ്പത്തിക സ്ഥിതിയനുസരിച്ച് പല നിരക്കിലുള്ള സദ്യ ഓർഡർ ചെയ്യാനാവും. ഏറ്റവും കുറഞ്ഞത് 230-250 രൂപ മുതൽ 500 രൂപക്കു മുകളിൽ വരെ സദ്യക്കു നൽകണം. കൊച്ചിയിലെ പ്രമുഖ വെജ് ഹോട്ടലിൽ ഓണസദ്യക്ക് 700 രൂപ വരെ ആയിട്ടുണ്ട്. വൻകിട ഹോട്ടലുകളിൽ പ്രീമിയം സദ്യയും ലഭ്യമാകും. വൻകിട ഹോട്ടലുകളിൽ 1000ത്തിനു മുകളിൽ വരെ സദ്യക്ക് നിരക്കു വരുന്നുണ്ട്.

ഹൈപ്പർമാർക്കറ്റുകളിലും തിരുവോണത്തോടനുബന്ധിച്ച് സദ്യ പാക്കുകൾ ലഭ്യമാകുന്നുണ്ട്. പലയിടത്തും ഹോം ഡെലിവറിയും ടേക്ക് എവേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിരുവോണനാളിൽ രാവിലെ 11.30 മുതൽ രണ്ടുമണിവരെ ലഭിക്കുന്ന സദ്യക്ക് നേരിട്ടോ ഫോൺവഴിയോ വാട്ട്സപ്പ് വഴിയോ ഒക്കെ ബുക് ചെയ്യാനാവും. സാധാരണക്കാർക്ക് മിതമായ നിരക്കിൽ സദ്യയൊരുക്കി കൊണ്ട് കുടുംബശ്രീയും തിരുവോണവിപണിയിൽ കളം പിടിച്ചിട്ടുണ്ട്. ഇതും മുൻകൂട്ടി ഓർഡർ ചെയ്യണം.

അടപ്രഥമൻ മുതൽ ‍ഫ്യൂഷൻ പായസം വരെ..

പായസമാണ് ഓണസദ്യ‍യിലെ സൂപ്പർസ്റ്റാർ. പായസമില്ലാതെ സദ്യ പൂർണമാകില്ലെങ്കിലും സദ്യയില്ലാതെയും പായസം കുടിക്കാമെന്നത് വേറെകാര്യം. അതുകൊണ്ടു തന്നെയാണ് നാട്ടുമ്പുറങ്ങളിലും നഗരപ്രദേശങ്ങളിലുമെല്ലാം പായസമേളകൾ വൻ ഹിറ്റാവുന്നത്. പാലടപ്രഥമൻ, പരിപ്പു പ്രഥമൻ, സേമിയ പായസം തുടങ്ങിയവ വിവിധ അളവിൽ വാങ്ങാനാവും. കുടുംബശ്രീ യൂണിറ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വിവിധ കൂട്ടായ്മകൾ, വനിതകൾ തുടങ്ങിയവരാണ് വഴിയരികിൽ പായസത്തിന്‍റെ രുചിയൊരുക്കി കാത്തിരിക്കുന്നത്.

കൊച്ചി കോർപറേഷന്‍റെ എറണാകുളം നോർത്തിലെ സമൃദ്ധി ഭക്ഷണശാലയിലും പായസമേളയുടെ രുചിവൈവിധ്യം നുണയാം. കെടിഡിസി ബോൾഗാട്ടി പാലസ് നടത്തുന്ന പായസമേള മറൈൻ ഡ്രൈവിലുള്ള കെ.ടി.ഡി.സി ഷോപ്പിംഗ് കോംപ്ലക്സ് മൈതാനത്തും നടക്കുന്നുണ്ട്. തിരുവോണനാളിൽ ബോൾഗാട്ടി പാലസിൽ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

സ്പെഷ്യൽ പാലട, പരിപ്പ് പായസം, അടപ്രഥമൻ, ഗോതമ്പ് പായസം എന്നിവ കൂടാതെ ഇളനീർ പായസം, മുളയരി പായസം, പഴം പായസം, പൈനാപ്പിൾ പായസം, തുടങ്ങിയ സ്വാദിഷ്ടമായ വിവിധ ഇനം പായസങ്ങൾ മേളയിൽ ലഭ്യമാണ്. ഒരു ലിറ്ററിന് 500 രൂപയും അരലിറ്ററിന് 250 രൂപയുമാണ് ഇവിടെ വില. ഇതിനെല്ലാം പുറമേ വൻകിട മാ‍ളുകളിലും ദിവസങ്ങൾ നീളുന്ന പായസമേളകൾ സജീവമായി മുന്നേറുന്നു.

സദ്യക്കെന്തുണ്ട്?

ചോറ്, സാമ്പാർ, അവിയൽ, കാളൻ, കൂട്ടുകറി, തോരൻ, രസം, പപ്പടം, പരിപ്പ് കറി, എരിശ്ശേരി, ഇഞ്ചിപ്പുളി, മോര്, ഓലൻ, പച്ചടി, കിച്ചടി, അച്ചാർ, ശർക്കര വരട്ടി, ചിപ്സ്, ഉപ്പ്, നെയ്യ്, പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ എന്നീ ഇനങ്ങളും വാഴയിലയും അടങ്ങുന്നതാണ് പ്രധാന പാക്കേജ്. വിലയുടെ വ്യത്യാസത്തിനനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും അളവിലും വ്യത്യാസം വരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sadya, Tastes, Thiruvonam, Onam Sadya, Booking
Next Story