
ഭക്ഷണം കഴിച്ച് ക്ഷീണിച്ചാൽ കിടന്നുറങ്ങാനും സൗകര്യം; വത്യസ്തമായ വാഗ്ദാനവുമായി ഒരു റസ്റ്റോറന്റ്
text_fieldsവയറ് നിറച്ച് ഭക്ഷണം കഴിച്ചാൽ ഉറക്കം വരാത്തതായി ആരാണുള്ളത്. എന്നാൽ ഉറങ്ങണമെങ്കിൽ വീട്ടിലെത്താതെ തരവുമില്ല. ഇതിന് ഒരു മാറ്റംവരുത്തിയിരിക്കുകയാണ് ജോർദാനിലെ ഒരു റസ്റ്റോറന്റ്. ഭക്ഷണം കഴിച്ച് ക്ഷീണിക്കുന്നവർക്ക് ഉറങ്ങാനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുകയാണ് ഇൗ റസ്റ്റോറന്റ്.
ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിൽ സ്ഥിതി ചെയ്യുന്ന മോവാബ് എന്ന റെസ്റ്റോറന്റ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് എയർകണ്ടീഷൻ ചെയ്ത മുറികളിൽ സുഖപ്രദമായ കിടക്കകളിൽ ഉറങ്ങാൻ അവസരം നൽകുന്നത്. ജോർദാന്റെ ദേശീയ വിഭവമായ മാൻസാഫ് കഴിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് ക്ഷീണം മാറാൻ അൽപനേരം ഉറങ്ങാൻ അവസരം ഒരുക്കുകയാണ് റസ്റ്റോറൻറ് ചെയ്തിരിക്കുന്നത്.
ജോർദ്ദാനിലെ പരമ്പരാഗത വിഭവമാണ് മാൻസാഫ്. ഈ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതിനേക്കാൾ അല്പം കൂടുതൽ ക്ഷീണവും മയക്കവും തോന്നുമത്രേ. കൊഴുപ്പ് കൂടിയ ഈ ഭക്ഷണം കഴിച്ചതിനുശേഷം അത് കഴിക്കുന്നവർ പ്രകടിപ്പിക്കുന്ന ഉറക്കക്ഷീണത്തിന് ആശ്വാസം നൽകാനാണ് ഇത്തരത്തിൽ ഒരു ആശയം ആരംഭിച്ചത് എന്നാണ് അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റസ്റ്റോറന്റ് ഉടമയുടെ മകൻ മുസാബ് മുബൈദീൻ പറഞ്ഞത്.
ഇത്തരത്തിൽ ഒരു സംവിധാനം റസ്റ്റോറന്റിൽ ആരംഭിക്കുന്നതിനു മുൻപ് പല ഉപഭോക്താക്കളും മാൻസാഫ് കഴിച്ചതിനുശേഷം അല്പനേരം ഉറങ്ങാനുള്ള സൗകര്യം കൂടി ചെയ്തു തരണമെന്ന് തങ്ങളോട് ആവശ്യപ്പെടുമായിരുന്നുവെന്നാണ് റസ്റ്റോറൻറ് അധികൃതർ പറയുന്നത്. ഈ ആവശ്യം ശക്തമായതോടെയാണ് ഉപഭോക്താക്കളുടെ സംതൃപ്തി മുൻനിർത്തി ഇത്തരത്തിൽ സൗജന്യമായ ഒരു വിശ്രമസ്ഥലം ഒരുക്കാൻ തീരുമാനിച്ചത് എന്നും അവർ പറയുന്നു.
റസ്റ്റോറൻറ് ഒരു ഭാഗത്ത് എയർകണ്ടീഷൻ ചെയ്ത മുറികളിലാണ് ഉപഭോക്താക്കൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ മുറികളിൽ സുഖമായി ഉറങ്ങാൻ കിടക്കയും കട്ടിലുകളും ഉണ്ടാകും. മാൻസാഫ് പ്രേമികൾക്ക് മതിയാവോളം ഭക്ഷണവും കഴിച്ച് ക്ഷീണം മാറുന്നത് വരെ വിശ്രമിച്ചതിനു ശേഷം റസ്റ്റോറന്റിൽ നിന്ന് മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
