രണ്ട് ഏത്തപ്പഴം മതി; അഞ്ച് മിനിറ്റിൽ ഇഫ്‌താർ സ്നാക്ക് റെഡി
text_fieldsഎല്ലാ മലയാളികളും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപഴം. ഏത്തപ്പഴം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ മിനറലുകളും അടങ്ങിയ ഒരു ഫലം. പൊതുവെ നേന്ത്രപ്പഴം പഴം പൊരി ഉണ്ടാക്കാനും നെയ്യിലിട്ട് വഴറ്റി കഴിക്കാനുമൊക്കെയാണ് നമ്മൾക്ക് ഇഷ്ടം.
എന്നാൽ, ഇനി നേന്ത്രപ്പഴം ഇതുപോലെയൊന്ന് തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഈ നോമ്പ് ദിനങ്ങളിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ സ്നാക്ക്, അതും രണ്ടേ രണ്ടു ഏത്തപ്പഴം കൊണ്ട്.
ചേരുവകൾ:
- ഏത്തപ്പഴം -2 എണ്ണം
- നാളികേരം ചിരവിയത് -4 ടേബിൾ സ്പൂൺ
- ഏലക്കായ -3 എണ്ണം
- അരിപ്പൊടി -1ടേബിൾ സ്പൂൺ
- മൈദാ -2 ടേബിൾ സ്പൂൺ
- സോഡാ പൊടി -ഒരു നുള്ള്
- പഞ്ചസാര -3 ടേബിൾ സ്പൂൺ
- എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഏത്തപ്പഴം തൊലി കളഞ്ഞ് പാത്രത്തിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് മൈദാ പൊടിയും അരിപ്പൊടിയും നാളികേരം ചിരവിയതും ഏലക്ക ചതച്ചതും സോഡാ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. പഞ്ചസാര ചേർത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ചൂടുള്ള എണ്ണയിൽ കുറച്ചായി ഇട്ടു കൊടുത്തു വറുത്തു കോരുക. പുറം ഭാഗം നല്ല മൊരുമൊരുപ്പും ഉൾഭാഗം നല്ല പതുപതുത്തതുമായ ഏത്തപ്പഴം അപ്പം റെഡി.