ഓണസദ്യ ജോറാക്കാം, ഒട്ടും കൈപ്പില്ലാത്ത പാവക്ക കിച്ചടി
text_fieldsഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കിച്ചടി. പാവക്ക അല്ലെങ്കിൽ കയ്പ്പക്ക എന്ന് പറയുമ്പോൾ തന്നെ നമ്മുടെ എല്ലാവരുടെ മനസ്സിലും വരുന്നത് കയ്പ്പുള്ള ഒരു പച്ചക്കറി എന്നാണല്ലോ. ഇത് കൈപ്പുള്ളതു കൊണ്ട് തന്നെ പലരും ഇത് കഴിക്കാൻ മടിക്കുന്നവരുമാണ് പ്രത്യേകിച്ചു കുട്ടികൾ. എന്നാൽ, ഒട്ടും കൈപ്പില്ലാതെ തന്നെ നമുക്കിതിനെ രുചികരമായൊരു കിച്ചടി ആക്കി എടുക്കാം. ഇത് ഒരുപാട് ഗുണകണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണെന്നതിൽ ഒട്ടും സംശയം ഇല്ല. ഇതവണത്തെ ഓണത്തിന് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ:
- പാവക്കാ -1
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപൊടി -1/4 ടീസ്പൂൺ
- മുളക് പൊടി -1/2 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് -2 അല്ലി
- വിനാഗിരി -1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- തേങ്ങ - 1 കപ്പ്
- കടുക് - 1 ടീസ്പൂൺ
- കാന്താരിമുളക് - 4-5 എണ്ണം
- തൈര് - കപ്പ്
- വറ്റൽ മുളക് - 2-3 എണ്ണം
- ചുവന്നുള്ളി - 4-5 എണ്ണം ചതച്ചത്
- പച്ചമുളക് - ഒരെണ്ണം വട്ടത്തിൽ അരിഞ്ഞത്
- കറിവേപ്പില -ആവശ്യത്തിന്
- വെള്ളം -കപ്പ്
തയാറാക്കുന്ന വിധം
പാവയ്ക്ക അരിഞ്ഞ് ഉപ്പ്,മഞ്ഞൾപൊടി ,മുൽക്ക് പൊടി വെളുത്തുള്ളി ചതച്ചത് , വിനാഗിരി ഇവയൊക്കെ തിരുമ്മി 20 മിനിറ്റു വയ്ക്കണം. അതിനുശേഷം കൈ കൊണ്ട് നന്നായി പിഴിഞ്ഞു ചൂടായ വെളിച്ചെണ്ണയിലിട്ടു ബ്രൗൺ നിറമാകുന്നതുവരെ വറുത്തുകോരി മാറ്റിവയ്ക്കാം. തേങ്ങ, കടുക്, കാന്താരിമുളക്, തൈര് എന്നിവ മയത്തിൽ അരച്ചെടുക്കണം.
പാവയ്ക്ക വറുത്ത വെളിച്ചെണ്ണയിൽ തന്നെ കടുകിട്ട് പൊട്ടിച്ചശേഷം വറ്റൽ മുളക്, കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റിയെടുക്കാം. ഇതിലേക്ക് അരപ്പ് ചേർത്തശേഷം വെള്ളം ഒഴിച്ച് ഒന്ന് ചൂടായി കഴിഞ്ഞാൽ (തിളക്കേണ്ട ആവശ്യമില്ല) അതിലേക്കു വറുത്തു വച്ച പാവയ്ക്ക ഇട്ടു ഇളക്കി എടുക്കാം.