കിടിലൻ ഇഫ്താർ സ്നാക്സ്
text_fieldsഇഫ്താർ സ്നാക്സ്
ആവശ്യമുള്ള സാധനങ്ങൾ:
- കോഴിമുട്ട-5
- വലിയ സവാള -1
- പച്ചമുളക്- 3
- ഇഞ്ചി- 1 കഷണം
- വെളുത്തുള്ളി -4 അല്ലി
- കറിവേപ്പില- ആവശ്യത്തിന്
- മല്ലിയില-ആവശ്യത്തിന്
- മുളകുപൊടി- അര ടീസ്പൂൺ
- മഞ്ഞപ്പൊടി-അര ടീസ്പൂൺ
- കുരുമുളകുപൊടി-അര ടീസ്പൂൺ
- ഗരം മസാല-അര ടീസ്പൂൺ
- ചുക്കുപൊടി അര സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
നാലുമുട്ട പുഴുങ്ങി ഉടയാതെ തൊണ്ടുപൊളിച്ച് നീളത്തിൽ കുറച്ച് മാത്രം കട്ട് ചെയ്ത് അതിന്റെ മഞ്ഞ വെളിയിലെടുക്കുക. വെള്ള ഉടഞ്ഞുപോകാതെ ഒരു പ്ലേറ്റിൽ സൂക്ഷിക്കുക. ശേഷം മഞ്ഞക്കരു ചെറുതായി ഉടച്ചെടുക്കുക. പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് 20 മില്ലി വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാള വഴറ്റി അതിലേക്ക് ചെറുതായി കട്ട് ചെയ്ത മുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്ത് കുറഞ്ഞ ഫ്ലെയിമിൽ വഴറ്റി കറിവേപ്പിലയും മല്ലിയിലയും ചേർക്കുക.
പിന്നീട് മറ്റുമസാലകളും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഉടച്ചുവെച്ചിരിക്കുന്ന മുട്ടമഞ്ഞയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വാങ്ങിവെക്കുക. അഞ്ചാമത്തെ മുട്ട ഒരുബൗളിൽ പൊട്ടിച്ച് ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് പൊടിയുപ്പും കുറച്ച് ഗരം മസാലയും ചേർത്ത് അടിച്ചുവെക്കുക. ഒരു പ്ലേറ്റിലേക്ക് ആവശ്യത്തിനു റസ്കുപൊടിയിട്ട് തയാറാക്കിയ മസാല മുട്ടവെള്ളയുടെ അകത്ത് ഫില്ല് ചെയ്ത് അടിച്ചുവെച്ചിരിക്കുന്ന മുട്ടമിക്സിൽ മുക്കിയതിനുശേഷം റസ്കുപൊടി നന്നായി പുരട്ടി വീണ്ടും മുട്ടമിക്സിൽ മുക്കി, ഒന്നുകൂടെ റസ്കുപൊടി പുരട്ടി ഒരു പ്ലേറ്റിലേക്ക് മാറ്റിവെക്കുക.
എല്ലാം അങ്ങനെ മാറ്റിവെച്ചതിനുശേഷം കുഴിയുള്ള പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോന്നായി ചെറിയ ഫ്ലെയിമിൽ വറുത്തെടുക്കുക. ശേഷം സർവിങ് ഡിഷിലേക്ക് മാറ്റുക. കെച്ചപ്പും മയോണൈസും മിക്സ് ചെയ്ത് അതിൽ മുക്കി കഴിക്കാവുന്നതാണ്.