ചേരുവകൾ:
- ചിക്കൻ - 300 ഗ്രാം എല്ലില്ലാത്തത്
- മൈദ -രണ്ടര കപ്പ്
- മുട്ട - ഒരു എണ്ണം
- പഞ്ചസാര -രണ്ട് ടീസ്പൂൺ
- ഇൻസ്റ്റൻറ് യീസ്റ്റ് -ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളക് പൊടി - ആവശ്യത്തിന്
- നെയ്യ് - ഒരു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്- രണ്ട് ടീസ്പൂൺ
- ഗരംമസാല -ഒരു ടീസ്പൂൺ
- കാപ്സിക്കം - ഒന്ന് ചെറുതായി അരിഞ്ഞത്
- ഉള്ളി - മൂന്ന് ചെറുതായി അരിഞ്ഞത്
- മല്ലി ഇല - ആവശ്യത്തിന്
- ബ്രഡ് പൊടിച്ചത് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
രണ്ടര കപ്പ് മൈദ, ഒരു മുട്ട, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് യീസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് മിക്സ് ആക്കി ചെറു ചൂടുള്ള പാൽ ഒഴിച്ച് നല്ല മയത്തിൽ കുഴച്ച് എടുക്കുക. ഒന്നര മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക.
300 ഗ്രാം എല്ലില്ലാത്ത ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മൂന്ന് ഉള്ളി ചെറുതായി കട്ട് ചെയ്തതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴന്ന് വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചതും ഒരു ടീസ്പൂൺ ഗരംമസാലയും ചെറുതാക്കിയ ചിക്കനും ചേർത്ത് മിക്സാക്കി ചെറുതായി അരിഞ്ഞ ഒരു കാപ്സിക്കവും മല്ലി ഇലയും ചേർത്ത് രണ്ട് മിനിറ്റ് മൂടിവെക്കുക.
ഒരു മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ഇട്ട് നന്നായി അടിച്ച് എടുക്കുക. മൈദമാവ് ഓരോ ബോൾ ആക്കി കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്ത് വെക്കുക. ശേഷം ഓരോ ബോൾസ് മുട്ടയിലും ബ്രഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക. ഓരോ കമീറയും ചൂടാറിയ ശേഷം നടുവിൽ നിന്നും കീറി അകത്തേക്ക് മയോണൈസും ടോമാറ്റോ കെച്ചപ്പും ചിക്കൻ ഫില്ലിങ്ങും ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.
തയാറാക്കിയത്: മിനാസ് ഫസ്ലിം